സംരംഭകത്വ മേഖലയിലേക്ക് സൗരവ് ഗാംഗുലി

സംരംഭകത്വ മേഖലയിലേക്ക് സൗരവ് ഗാംഗുലി

ഫഌക്‌സ്ട്രീ എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിക്കൊണ്ടാണ് ഈ രംഗത്തേക്കുള്ള മുന്‍ ക്രിക്കറ്റ് ടീം നായകന്റെ പ്രവേശനം

മുംബൈ: സ്റ്റാര്‍ട്ടപ്പ് രംഗത്തേക്കുള്ള ആദ്യചുവടു വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ കാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫഌക്‌സ്ട്രീ എന്ന കമ്പനിയില്‍ നിക്ഷേപം നടത്തിയാണ് മുന്‍ കാപ്റ്റന്‍ ഈ രംഗത്തേക്ക് കടന്നതെന്ന് കമ്പനി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എത്ര രൂപയുടെ നിക്ഷേപമാണ് അദ്ദേഹം നടത്തിയതെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല. 2014ല്‍ സൗരഭ് സിംഗ്, രാഹുല്‍ ജെയ്ന്‍, നാഗേന്ദര്‍ സാന്‍ഗ്ര എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഒരു ടെക് എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് ഫഌക്‌സ്ട്രീ. 2014ല്‍ ആരംഭിച്ചുവെങ്കിലും 2016 ഓഗസ്റ്റിലാണ് കമ്പനി ഓദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ വ്യക്തിപര വീഡിയോ മാഗസിനാണ് ഫഌക്‌സ്ട്രീ. സൗജന്യമായി വീഡിയോ കാണുന്നതിനു വേണ്ടി ആരംഭിച്ച ഒരു വീഡിയോ പ്ലാറ്റ്‌ഫോമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍, മീഡിയ സൈറ്റുകള്‍, ബ്ലോഗുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുമാണ് ഫഌക്‌സ്ട്രീ പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഏറ്റവും മികച്ച ഒരു അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഫഌക്‌സ്ട്രീയുടെ ലക്ഷ്യം.

ഭാവി ഇന്ത്യ എല്ലാ മേഖലകളിലും ഡിജിറ്റലാവുമെന്നതില്‍ സംശയമില്ല. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം മുമ്പോട്ടു പോകുന്നതിന്റെ വെളിച്ചത്തിലാണ് ഫഌക്‌സ്ട്രീയില്‍ നിക്ഷേപം നടത്തുന്നതിന് ഞാന്‍ തീരുമാനമെടുക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഏറെ മുമ്പിലാണ് ഈ കമ്പനി. മാത്രവുമല്ല, മികച്ച കാഴ്ചപ്പാടുകളാണ് അവരുടേത്- സൗരവ് ഗാംഗുലി പറഞ്ഞു. ഓരോ ഉപഭോക്താക്കളുടെയും ലക്ഷ്യങ്ങള്‍ തികച്ചും വിഭിന്നമായിരിക്കും. ഉപഭോക്താക്കളെ അവരുടെ പാഷന്‍ പിന്തുടരുന്നതിന് ഫഌക്‌സ്ട്രീ ഏറെ സഹായിക്കും. മാത്രവുമല്ല അവരുടേതായ ഒരു വ്യക്തിപരമായ വീഡിയോ മാഗസിനും നിര്‍മിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 വീഡിയോ കാറ്റഗറികളാണ് ഫഌക്‌സ്ട്രീയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് അതു തുടരുന്നതിനും കൂടുതല്‍ കാറ്റഗറികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും സാധിക്കും. വിവിധ മേഖലകളില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വീഡിയോ മാഗസിനുകള്‍ നിര്‍മിക്കുന്നതിന് സാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

Comments

comments

Categories: Entrepreneurship, More

Related Articles