തോമസ് ക്യുഹല്‍ നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

തോമസ് ക്യുഹല്‍ നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ഗ്വില്ലോം സികാര്‍ഡിന് പകരക്കാരനായാണ് തോമസ് ക്യുഹല്‍ ചുമതലയേല്‍ക്കുന്നത്

ന്യൂ ഡെല്‍ഹി ; നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റായി തോമസ് ക്യുഹലിനെ നിസ്സാന്‍ നിയമിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും.

ഫോക്‌സ്‌വാഗണില്‍നിന്ന് നിസ്സാനിലെത്തിയ ക്യുഹല്‍ നിസ്സാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി ഇന്ത്യയില്‍ നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ ചുമതല വഹിക്കും. മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ്, മാനുഫാക്ച്ചറിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേധാവി ആയിരിക്കും.

ഗ്വില്ലോം സികാര്‍ഡിന് പകരക്കാരനായാണ് തോമസ് ക്യുഹല്‍ ചുമതലയേല്‍ക്കുന്നത്. നിസ്സാന്റെ പങ്കാളിയായ റെനോയുടെ ഏഷ്യ പസിഫിക് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റും സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്റ്ററുമായി ഗ്വില്ലോം സികാര്‍ഡ് പുതിയ ചുമതലയേല്‍ക്കും.

നിസ്സാന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇന്ത്യ വളരെ പ്രധാന വിപണിയായിരിക്കുമെന്ന് നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യാ മേഖലാ ചെയര്‍മാന്‍ പേയ്മാന്‍ കാര്‍ഗര്‍ പറഞ്ഞു. ആഗോള വാഹന വ്യവസായ രംഗത്ത് മികച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് തോമസ് ക്യുഹല്‍. ഇന്ത്യന്‍ വിപണിയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലും ഉപയോക്താക്കള്‍, ഡീലര്‍മാര്‍, ജീവനക്കാര്‍ എന്നിവരെ കോര്‍ത്തിണക്കി ഒത്തിണക്കത്തോടെ കൊണ്ടുപോകുന്നതിനും തോമസ് ക്യുഹലിന് കഴിയുമെന്ന് പേയ്മാന്‍ കാര്‍ഗര്‍ വ്യക്തമാക്കി.

വാഹന വ്യവസായ രംഗത്ത് വിവിധ രാജ്യങ്ങളിലായി 22 വര്‍ഷത്തെ അനുഭവ സമ്പത്ത് തോമസ് ക്യുഹലിന് സ്വന്തമാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ചും ഇദ്ദേഹത്തിന് നല്ല പരിജ്ഞാനമുണ്ട്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡായും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി എക്‌സിക്യൂട്ടീവ് ഡയറക്റ്ററായും തോമസ് ക്യുഹല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യയില്‍ തിരിച്ചെത്തുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് തോമസ് ക്യുഹല്‍ തന്റെ നിയമന വാര്‍ത്തയോട് പ്രതികരിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറുന്ന ഇന്ത്യന്‍ വിപണിയിലെ സാധ്യതകളെക്കുറിച്ച് കൈവെള്ളയിലെന്നപോലെ അറിയാം. പുതിയ മോഡലുകളും സാങ്കേതികവിദ്യകളും സര്‍വീസുമായി നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിജയം കൊയ്യാമെന്ന് തോമസ് പറഞ്ഞു. വില്‍പ്പന ശൃംഖലയും തദ്ദേശീയ നിര്‍മ്മാണവും ചെന്നൈയിലെ ഗവേഷണ-വികസനവും നിസ്സാന് പിന്‍ബലമാകും.

നിസ്സാന്‍ ഇന്ത്യാ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗുരുഗ്രാമത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കേണ്ട തോമസ് ക്യുഹല്‍ പേയ്മാന്‍ കാര്‍ഗര്‍ മുമ്പാകെയാണ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

Comments

comments

Categories: Auto