പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാമത് 

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാമത് 

2017 ജനുവരി-മെയ് കാലയളവില്‍ ഇന്ത്യ 11.34 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു 

ന്യൂ ഡെല്‍ഹി : 2017 ജനുവരി-മെയ് കാലളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് ആണ് കണക്കുകള്‍ അവതരിപ്പിച്ചത്. ചൈന, യുഎസ്, യുകെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പിന്തള്ളിയത്. 2016 ജനുവരി-മെയ് കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ ഇന്ത്യ 11.34 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. അതേസമയം ചൈന, യുഎസ്, യുകെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ വില്‍പ്പന കുറയുകയാണ് ചെയ്തത്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇതേ കാലയളവില്‍ ജപ്പാന്‍ 9.05 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ജര്‍മ്മനി, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം 4.68 ശതമാനം, 3.34 ശതമാനം, 2.29 ശതമാനം വില്‍പ്പന വളര്‍ച്ച കാഴ്ച്ചവെച്ചു. അമേരിക്കയില്‍ 9.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 2.59 ശതമാനം കുറഞ്ഞു.
പാസഞ്ചര്‍ വാഹന വില്‍പ്പന 2017 ജനുവരി-മെയ്

രാജ്യം              2016 ജനുവരി-മെയ്             2017 ജനുവരി-മെയ്       % മാറ്റം

ഇന്ത്യ                        11,96,781                                            13,32,442               11.34

ചൈന                      96,71,100                                            94,21,100             – 2.59

യുഎസ്                  22,15,452                                              19,97,708              -9.83

യുകെ                        11,64,870                                             11,58,357              -0.56

ഫ്രാന്‍സ്                      8,75,076                                            9,04,341                 3.34

ദക്ഷിണ കൊറിയ     5,44,055                                           5,29,096                 -2.75

ബ്രസീല്‍                         7,85,653                                            8,03,609                 2.29

ജപ്പാന്‍                          17,88,331                                            19,50,186                9.05

ജര്‍മ്മനി                       13,94,200                                            14,59,400               4.68

ഏഷ്യയില്‍ ഇന്ത്യയ്ക്കുപുറമേ ജപ്പാന്‍ മാത്രമാണ് പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വളര്‍ച്ച പ്രകടിപ്പിച്ചത്. അതേസമയം 2017 ലെ ആദ്യ അഞ്ച് മാസത്തില്‍ വിറ്റ പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണത്തില്‍ ചൈനയാണ് മുന്നില്‍. 94,21,100 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഈ കാലയളവില്‍ ആ രാജ്യത്ത് വിറ്റുപോയത്. യുഎസ്എ (19,97,708 യൂണിറ്റ്), ജപ്പാന്‍ (19,50,186 യൂണിറ്റ്) എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഇന്ത്യയിലെ താഴ്ന്ന പാസഞ്ചര്‍ വാഹന വ്യാപന അനുപാതമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് സിയാം ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 19 വാഹനങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. ചൈന (76), യുകെ (455), ജര്‍മ്മനി (544), യുഎസ്എ (360), ഓസ്‌ട്രേലിയ (562),  മെക്‌സിക്കോ (203), ബ്രസീല്‍ (227), മലേഷ്യ (358) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ആയിരം പേര്‍ക്ക് പാസഞ്ചര്‍ വാഹന വ്യാപന അനുപാതം.

വികസിത വിപണികളായ യുഎസ്എ, യുകെ, ചൈന എന്നിവിടങ്ങളില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന പൂരിതാവസ്ഥ (സാച്ചുറേഷന്‍ പോയന്റ്) കൈവരിച്ചുകഴിഞ്ഞു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് അതിവേഗം വളരാനുള്ള സാഹചര്യമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. 

മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും വാഹന വ്യാപന നിരക്കുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് ഇന്ത്യ ഓട്ടോമോട്ടീവ് പ്രാക്ടീസ് പാര്‍ട്ണര്‍ അബ്ദുള്‍ മജീദ് പറഞ്ഞു. വാഹനം സ്വന്തമാക്കുന്നതിന് നല്ല സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഒല, യുബര്‍ എന്നീ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയില്‍ കാര്‍ നിര്‍മ്മാതാക്കളുടെ പ്രധാന ഉപയോക്താക്കളാണ്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലും മറ്റും പാസഞ്ചര്‍ വാഹന വില്‍പ്പന മികച്ച രീതിയില്‍ തുടരാന്‍ തന്നെയാണ് സാധ്യത.
മറ്റ് വികസ്വര വിപണികളില്‍, വിയറ്റ്‌നാമില്‍ താഴ്ന്ന വാഹന വ്യാപനമാണ് ഉള്ളതെങ്കിലും ഇന്ത്യയെപ്പോലെ വേഗത്തില്‍ വില്‍പ്പന വളര്‍ച്ച നേടാന്‍ കഴിയുന്നില്ല. ഈ തെക്കേഷ്യന്‍ രാജ്യങ്ങളിലെ ജിഡിപി അഞ്ച് ശതമാനത്തില്‍ താഴെയാണ് എന്നതുകൊണ്ടുതന്നെ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഈ രാജ്യങ്ങള്‍ ഇനിയും കാത്തിരിക്കണം. വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും.

Comments

comments

Categories: Auto