പ്രസാദം ജിഎസ്ടിക്കു പുറത്ത്; അസംസ്‌കൃത വസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തും: കേന്ദ്രം

പ്രസാദം ജിഎസ്ടിക്കു പുറത്ത്; അസംസ്‌കൃത വസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തും: കേന്ദ്രം

അന്തിമ ഉപയോഗം എന്തിനെന്നത് അടിസ്ഥാനമാക്കി ഇളവുകള്‍ അനുവദിക്കാനാകില്ല

ന്യൂഡെല്‍ഹി: മതപരമായി ആരാധനാലയങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളും പ്രസാദവും ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് വിധേയമാകില്ലെന്ന് കേന്ദ്രം. എന്നാല്‍, ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പ്രസാദത്തില്‍ ഉപയോഗിക്കുന്ന പഞ്ചസാര, പച്ചക്കറികള്‍, എണ്ണ, നെയ്യ്, വെണ്ണ തുടങ്ങിയ വസ്തുക്കള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണത്തിന് ജിഎസ്ടി ചുമത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിയല്ലെന്നും, പ്രസാദമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഒരു തരത്തിലുള്ള ജിഎസ്ടിയും ബാധകമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ക്ഷേത്രങ്ങളില്‍ നിന്നും മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലായങ്ങളില്‍ നിന്നും ഗുരുദ്വാരകളില്‍ നിന്നും ദര്‍ഗകളില്‍ വിതരണം ചെയ്യുന്ന പ്രസാദങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന, സംയോജിത ജിഎസ്ടികള്‍ ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പ്രസാദത്തിനുപയോഗിക്കുന്ന ചില അസംസ്‌കൃത വസ്തുക്കളും ഇത്തരം സാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനുമായി ബന്ധപ്പെട്ട സേവനങ്ങളുമാണ് ജിഎസ്ടിയില്‍ ഉള്‍പ്പെടുന്നത്.
പ്രസാദത്തില്‍ ഉപയോഗിക്കുന്ന എണ്ണ, നെയ്യ്, വെണ്ണ, പഞ്ചസാര തുടങ്ങിയ വസ്തുക്കള്‍ക്കും ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഒന്നിലധികം ഉപയോഗങ്ങളുണ്ടെന്നും, ജിഎസ്ടിക്കു കീഴില്‍ പ്രസാദ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഈ വസ്തുക്കളുടെ വിതരണത്തിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. അന്തിമ ഉപയോഗം അടിസ്ഥാനമാക്കി ജിഎസ്ടിക്കു കീഴില്‍ ഇളവുകളും ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുക പ്രയാസമാണെന്നും, അതുകൊണ്ട് അത്തരം ആനുകൂല്യങ്ങള്‍ ജിഎസ്ടി പ്രോത്സാഹിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

Comments

comments

Categories: Business & Economy