ദുബായില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു

ദുബായില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു

ദുബായ് ഹോള്‍സെയില്‍ സിറ്റിയിലെ 550 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്

ദുബായ്: ദുബായ് ഹോള്‍സെയില്‍ സിറ്റിയിലെ 550 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു. ഭക്ഷ്യ മേഖലയുടെ പ്രധാന പ്രാദേശിക കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാര്‍ക്കിന്റെ കീഴിലേക്ക് കൊണ്ടുവരുമെന്ന് ദുബായ് മീഡിയ ഓഫീസ് പറഞ്ഞു. കടല്‍, കര, വായു മാര്‍ഗ്ഗങ്ങളിലൂടെ വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്ന പ്രദേശത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്.

എന്നാല്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കും എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ദുബായ് ഹോള്‍സെയില്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി 2016 നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. പോര്‍ട്ട് സീഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്കാണ് ഇതിനുള്ള നിര്‍മാണ കരാര്‍ നല്‍കിയത്. മേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക, നിര്‍മാണ, ലോജിസ്റ്റിക്‌സ് മേഖലകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വ്യാവസായിക പാര്‍ക്ക് ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിലൂടെ 8.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.

ആഗോള ഹോള്‍സെയില്‍ വ്യാപാര മേഖലയിലെ യുഎഇയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ദുബായ് ഹോള്‍സെയില്‍ സിറ്റി തയാറെടുക്കുന്നത്. നിലവിലെ 4.3 ട്രില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.9 ട്രില്യണ്‍ ഡോളറായി മേഖലയെ വളരാനാണ് പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia