‘2020ഓടെ മൊബീല്‍ ഡാറ്റ നിരക്ക് 1 ജിബിക്ക് 50 രൂപയാകും’

‘2020ഓടെ മൊബീല്‍ ഡാറ്റ നിരക്ക് 1 ജിബിക്ക് 50 രൂപയാകും’

ടെലികോം കമ്പനികള്‍ 6500 രൂപ മുതല്‍ 7500 കോടി രൂപ വരെ വാര്‍ഷിക പദ്ധതി ചെലവ് കണക്കാക്കണമെന്നും 20,000 മുതല്‍ 25,000 കോടി രൂപ വരെ പ്രവര്‍ത്തന ചെലവ് വകയിരുത്തണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: 2020 ആകുമ്പോഴേക്കും മൊബീല്‍ ഡാറ്റ ഉപഭോക്താക്കള്‍ ഒരു ജിബി ഡാറ്റ ഉപയോഗത്തിന് ചെലവഴിക്കേണ്ടുന്ന തുക 50 രൂപയില്‍ ഒതുങ്ങുമെന്ന് റിപ്പോര്‍ട്ട്. ടെലികോംസ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് സംരംഭമായ അനാലിസിസ് മാസണ്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016ല്‍ ഒരു ജിബിക്ക് 228 രൂപ മുടക്കിയ സ്ഥാനത്താണ് നാല് വര്‍ഷത്തിനുള്ളില്‍ മൊബീല്‍ ഡാറ്റ നിരക്ക് 50 രൂപയിലേക്ക് ഇടിയുമെന്ന നിഗമനം.

ഒരു ജിബി നിരക്ക് ഇടിയുന്ന സാഹചര്യത്തില്‍ 4ജി എല്‍ടിഇ ഡാറ്റ ഉപയോഗം പ്രതിമാസം 6 മുതല്‍ ഏഴ് ജിബി വരെയായി വര്‍ധിക്കുമെന്നും നിലവിലെ പ്രവണതയനുരിച്ച് 17 ശതമാനം വൈഫൈ ഓഫ് ലോഡ് ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് വഴിയുള്ള 4ജി ഡാറ്റ ഉപയോഗം പ്രതിമാസം 5-6 ജിബിയിലേക്ക് എത്തുമെന്നും അനാലിസിസ് മാസണില്‍ നിന്നുള്ള അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. 2020ഓടെ 3ജി ഡാറ്റ ഉപയോഗം 1.5-2 ജിബിയിലെത്തുമെന്ന നിരീക്ഷണവും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. 4ജി താരിഫിനൊപ്പം 3ജി താരിഫും കുറയുമെന്ന പ്രതീക്ഷകളാണ് ഈ നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.

ഇതിനു പുറമെ നാല് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍ക്ക് 4ജി ഫോണ്‍ സ്വന്തമായിരിക്കുമെന്നും റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് ഇതിനു കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ജിയോ വൈകാതെ തന്നെ 4ജി വോള്‍ട്ടി സംവിധാനത്തോടെയുള്ള ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഈ പ്രവചനത്തെ പിന്തുണയ്ക്കുന്നതെന്നും അനാലിസിസ് മാസണ്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇപ്പോഴും വോയിസ് സംവിധാനത്തിലുള്ള ഫോണുകള്‍ 60 മുതല്‍ 70 ശതമാനം വരെയുള്ള ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെയാണ്. പക്ഷെ ഇത് 30 മുതല്‍ 40 ശതമാനം വരെയായി കുറയാനാണ് സാധ്യതയെന്ന് അനാലിസിസ് മാസണ്‍ കണ്‍സള്‍ട്ടന്റ് സിദ്ധാര്‍ത്ഥ് താക്കര്‍ പറഞ്ഞു. എന്നാല്‍ ഉയര്‍ന്ന ഡാറ്റ ഉപഭോഗത്തിന് സാധ്യതയുള്ള ബിസിനസ് സാഹചര്യം ഭാവിയില്‍ നിലനിര്‍ത്താന്‍ രാജ്യത്തെ ബഹുരാഷ്ട്ര ഭീമന്‍ കമ്പനികള്‍ 7 മുതല്‍ 18 ശതമാനത്തിലധികം വിപണി വിഹിതം ആവശ്യമാണെന്നും ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഒരു ജിബി നിരക്ക് 30-40 രൂപയാക്കി കുറയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സബ് ജിഗാ ഹെട്‌സ് സ്‌പെക്ട്രം ഉള്‍പ്പെടെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്‌പെക്ട്രം ആവശ്യമായി വരും. വലിയ രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനും സമഗ്രമായ കവറേജ് പ്രദാനം ചെയ്യുന്നതിനുമാണിത്. താരിഫ് 50 രൂപയിലേക്ക് കുറയ്ക്കുന്നത് സാധ്യമാകുന്നതിനായി ഒരു സബ്‌സ്‌ക്രൈബറില്‍ നിന്നും മാസം 5ജിബിയുടെ ഡാറ്റ ഉപയോഗം ഉറപ്പിക്കേണ്ടതുണ്ടെന്നും റിസര്‍ച്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല ടെലികോം കമ്പനികള്‍ 6500 രൂപ മുതല്‍ 7500 കോടി രൂപ വരെ വാര്‍ഷിക പദ്ധതി ചെലവ് കണക്കാക്കണമെന്നും 20,000 മുതല്‍ 25,000 കോടി രൂപ വരെ പ്രവര്‍ത്തന ചെലവ് വകയിരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy