എണ്ണ വില ബാരലിന് 60 ഡോളറിലേക്ക് എത്തും?

എണ്ണ വില ബാരലിന് 60 ഡോളറിലേക്ക് എത്തും?

ആഗോളതലത്തില്‍ എണ്ണയ്ക്ക് ആവശ്യകത വര്‍ധിക്കുന്നതും ഒപെക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നതും എണ്ണ വില ഉയര്‍ത്തുമെന്ന് പ്രതീക്ഷ

റിയാദ്: അടുത്തിടെയാണ് എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി ദീര്‍ഘിപ്പിക്കാന്‍ ഒപെക്(ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയെ എക്‌സ്‌പോര്‍ട്ടിംഗ് കണ്ട്രീസ്) തീരുമാനിച്ചത്. അനിശ്ചിതാവസ്ഥയിലായ എണ്ണ വിപണിയെ രക്ഷിക്കാന്‍ വേണ്ടി ആയിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണയുടെ ആവശ്യകത കൂടിയതും ഒപെക്കിന്റെ തൂരുമാനവും എണ്ണ വില ബാരലിന് 60 ഡോളരറില്‍ എത്തിച്ചേക്കാം എന്നാണ് ബാരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ വര്‍ഷം അവസാനത്തോട് കൂടി തന്നെ എണ്ണ വില ബാരലിന് 60 ഡോളര്‍ എത്തിയേക്കും. സിറ്റി ഗ്രൂപ്പിലെ എനര്‍ജി അനലിസ്റ്റായ എറിക് ലീയുടെ വിലയിരുത്തല്‍ അനുസരിച്ച് 2017ല്‍ പ്രതിദിനം 97.3 ബാരല്‍ എണ്ണയായിരിക്കും ലോകത്ത് വേണ്ടി വരിക. 2016ല്‍ ഇത് 96 മില്ല്യണ്‍ ആയിരുന്നു. വളരുന്ന വിപണികളായ ഇന്ത്യക്കും ചൈനയ്ക്കും കൂടുതല്‍ എണ്ണ വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടൊപ്പം പ്രതിദിനം ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനത്തില്‍ .7 മില്ല്യണ്‍ ബാരല്‍ എണ്ണ വെട്ടിക്കുറയ്ക്കുമ്പോള്‍ വില കൂടുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. നിലവില്‍ 40-45 ഡോളര്‍ നിരക്കിലാണ് എണ്ണയുടെ വില. ജൂണ്‍ അവസാനം ബാരലിന് 42 ഡോളറിലേക്ക് വില താഴ്ന്നിരുന്നു.

ലീയുടെ വിലയിരുത്തല്‍ പ്രകാരം അമേരിക്ക എണ്ണ വിപണിയില്‍ സജീവമാകുന്നത് വില ഉയരുന്നതിന് തടസമായേക്കില്ല എന്നാണ്. ഈ വര്‍ഷം അവസാനം വില 60 ഡോളറിലേക്ക് എത്തിയ ശേഷം സ്ഥിരത കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീ തന്നെ പറയുന്നതനുസരിച്ച് 60 ഡോളറില്‍ നിന്ന് 2018ല്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും വരില്ല.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് എണ്ണ ഉല്‍പ്പാദനത്തില്‍ ദിനം പ്രതി 1.2 മില്ല്യണ്‍ ബാരല്‍ കുറവ് വരുത്താന്‍ ഒപെക് തീരുമാനമെടുത്തത്. റഷ്യയുള്‍പ്പെടെയുള്ള മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നും ഇതിന് പിന്തുണ ലഭിച്ചു. ദിനംപ്രതി 600,000 ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനായിരുന്നു റഷ്യ തീരുമാനിച്ചത്. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ നിയന്ത്രണം കൊണ്ടുവന്നതോടെ അമേരിക്ക അവരുടെ എണ്ണ ഉല്‍പ്പാദനം ഉയര്‍ത്തിയത് എണ്ണ വിപണിയെ വീണ്ടും ഉലച്ചു. ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നതിലൂടെ മാത്രം വിപണിയില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ലിബിയയും നൈജീരിയയും എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒപെക്കിന് കടുത്ത വെല്ലുവിളിയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കൂടുന്നത് ലീയുടെ പ്രവചനത്തിന് വിരുദ്ധമായി വില ഇടിവിലേക്ക് നയിച്ചേക്കും. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്താന്‍ തുടങ്ങിയാല്‍ ഈ വര്‍ഷം വില 50 ഡോളര്‍ (ബാരലിന്) കടക്കാനുള്ള സാധ്യതയില്ലെന്നാണ് ഒരു കൂട്ടം വിദഗ്ധര്‍ പറയുന്നത്. എണ്ണ ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് ലിബിയയുടെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൂഡ് ഉല്‍പ്പാദകരായ നൈജീരിയയും കയറ്റുമതിയില്‍ വന്‍ വര്‍ധന വരുത്താനായി കഠിനമായ ശ്രമം നടത്തുന്നുണ്ട്. ലിബിയയുടെ എണ്ണ ഉല്‍പ്പാദനം ദിനംപ്രതി 800,000 ബാരല്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. 2014ന് ശേഷമുള്ള ഏറ്റവും മികച്ച ഉല്‍പ്പാദനതോതാണിത്. ലീയെ പോലുള്ള ഊര്‍ജ്ജ വിദഗ്ധരുടെ പ്രതീക്ഷകളെ തകിടം മറിക്കാന്‍ ലിബിയ, നൈജീരിയ രാജ്യങ്ങളുടെ ഉല്‍പ്പാദന വര്‍ധനവും അമേരിക്കയുടെ സജീവ ഇടപെടലും വഴിവെക്കുമോയെന്നതില്‍ ഈ വര്‍ഷത്തോടെ എന്തായാലും വ്യക്തത വരും.

Comments

comments

Categories: Arabia

Related Articles