യുബറും ആമസോണും യുപിഐലേക്ക്; തൊട്ടു പിന്നാലെ ഗൂഗിളും വാട്ട്‌സാപ്പും

യുബറും ആമസോണും യുപിഐലേക്ക്; തൊട്ടു പിന്നാലെ ഗൂഗിളും വാട്ട്‌സാപ്പും

ബെംഗളൂരു: യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) രംഗത്തേക്ക് കടക്കുന്ന ഏറ്റവും പുതിയ ആഗോള മേധാവികളായി മാറാനുള്ള തയ്യാറെടുപ്പില്‍ യുബറും ആമസോണും. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യ (എന്‍പിസിഐ) പറയുന്നതനുസരിച്ച് ഭീം ആപ്ലിക്കേഷനുമായി ചേര്‍ന്ന് ആഗോള കാബ് ബുക്കിംഗ് കമ്പനിയായ യുബര്‍ ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഗൂഗിള്‍, വാട്ട്‌സാപ്പ് എന്നീ ആഗോള ടെക് മേധാവികളുമായി ചേര്‍ന്ന് മള്‍ട്ടി ബാങ്ക് യുപിഐ പങ്കാളിത്തം അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എന്‍പിസിഐ.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഭീം ആപ്പ് വഴി യുപിഐ സംവിധാനം ലഭ്യമാക്കിയതിനു ശേഷം യുബര്‍ യുപിഐ അവതരിപ്പിക്കുമെന്ന് എന്‍പിസിഐ സിഇഒ എപി ഹോട്ട പറഞ്ഞു. ഇപ്പോഴും യുബറിന്റെ 60 ശതമാനം കാബ് ഡ്രൈവര്‍മാരും ഉപഭോക്താക്കളില്‍ നിന്നും പണമായിട്ടു തന്നെയാണ് ഈടാക്കുന്നത്. യുപിഐ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്രാ നിരക്ക് ഈടാക്കുന്നതിന് ഈ യുപിഐ പേമെന്റ് സംവിധാനം പ്രാബല്യത്തില്‍ വന്നാല്‍ സാധിക്കും- ഹോത്ത കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യുബറിന്റെ പ്രധാന എതിരാളികളായ ഒല ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് യുപിഐ സംവിധാനം അവതരിപ്പിക്കുന്നത്.

യുപിഐ സംവിധാനം അവതരിപ്പിക്കുന്നതിനായി ഏതാനും ബാങ്കുകളുമായുള്ള ചര്‍ച്ചകളിലാണ് ആമസോണിപ്പോള്‍. ഈ ആഗോള ഇ-കൊമേഴ്‌സ് കമ്പനി തങ്ങളുടേതായ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയില്ലെന്നും വെബ്‌സൈറ്റ് പോര്‍ട്ടലില്‍ യുപിഐ മുഖേന പേമെന്റ് നടത്തുന്നതിനായി ഒരു ബട്ടണ്‍ ഉപയോഗപ്പെടുത്തുകയാകും ചെയ്യുകയെന്നും ഹോത്ത വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ യുപിഐ പേമെന്റുകള്‍ അവതരിപ്പിക്കുന്നതിന് ഗൂഗിള്‍ തയ്യാറെടുത്തിട്ടുണ്ട്. അതിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിട്ടുമുണ്ട്. ഇതിന്റെ അംഗീകാരത്തിനായി എന്‍പിസിഐ ആര്‍ബിഐയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

യുപിഐ ഇടപാടുകള്‍ക്ക് ആവശ്യമായ അംഗീകാരം നല്‍കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ വശങ്ങളും ആര്‍ബിഐ പരിശോധിക്കും. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഗൂഗിളിന് യുപിഐ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കേന്ദ്രീകൃതമായ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുയാണ് ഗൂഗിള്‍. ബാങ്കുമായി ചേര്‍ന്നുള്ള ഈ ആപ്പിന്റെ പേരും വ്യത്യസ്തമായിരിക്കുമെന്ന് ഹോത്ത അഭിപ്രായപ്പെട്ടു. ഗൂഗിള്‍ യുപിഐ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് മെയ് മാസം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമഗ്രമായ ഒരു യുപിഐ അവതരണത്തിന്റെ സാധ്യതകള്‍ കമ്പനി വിലയിരുത്തുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഓഹരിയുടമകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും യുബര്‍ വക്താവ് അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ യുബറിന്റെ റൈഡര്‍മാര്‍ക്ക് യുപിഐ ഉപയോഗിക്കുന്നതിനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്‍ഡ്രോയിഡ് പേ പോലെ ആളുകള്‍ക്ക് തങ്ങളുടെ മൊബീല്‍ഫോണ്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് എളുപ്പത്തില്‍ പേമെന്റ് നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് കമ്പനിയെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ ആമസോണ്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചില്ല. യുപിഐ ഇടപാടുകള്‍ക്കായി എന്‍പിസിഐ മള്‍ട്ടി ബാങ്ക് സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് ഹോത്ത വ്യക്തമാക്കി.

ഇന്ത്യയില്‍ യുപിഐ സൗകര്യം അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് വാട്ട്‌സാപ്പും ഫേസ്ബുക്കും. എന്നാല്‍ അവര്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ആഗോള കമ്പനികള്‍ യുപിഐ സൗകര്യം ഉപയോഗപ്പെടുത്തുന്നതിലൂടെ ഇന്ത്യയില്‍ ഇവര്‍ക്ക് വ്യാപകമായി ഉപഭോക്താക്കള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നും അത് യുപിഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും ഹോത്ത അഭിപ്രായപ്പെടുന്നു. ജൂണ്‍ മാസത്തില്‍ യുപിഐ ഇടപാടുകളുടെ പ്രതിമാസ ഇടപാട് ഒരു കോടി രൂപ കടന്നു. ഇപ്പോള്‍ കൂടുതല്‍ ബാങ്കുകളും സ്വകാര്യ കമ്പനികളും ഈ പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Comments

comments

Categories: Business & Economy