‘വില്ലന്‍’ ഡ്രോണുകളുടെ കയറ്റുമതി യുഎഇ നിര്‍ത്തും

‘വില്ലന്‍’ ഡ്രോണുകളുടെ കയറ്റുമതി യുഎഇ നിര്‍ത്തും

പുതിയ നിര്‍ദേശം അനുസരിച്ച് എല്ലാ ഡ്രോണുകള്‍ക്കും ക്രമനമ്പര്‍ വേണം

ദുബായ്: ഡ്രൈവറില്ലാതെ പറക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഡ്രോണുകളുടെ കയറ്റുമതി യുഎഇ നിര്‍ത്തുമെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്റേഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (ഇഎസ്എംഎ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവറില്ലാതെ പറക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സംവിധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമത്തിന് മേയിലാണ് ഇഎസ്എംഎ അനുമതി നല്‍കിയത്.

എല്ലാ ഡ്രോണുകള്‍ക്കും പ്രത്യേക ക്രമനമ്പര്‍ കൊണ്ടുവരുന്നതിന് പിന്നാലെ സെപ്റ്റംബര്‍ പകുതിയോടെ പുതിയ നിയമങ്ങള്‍ നടപ്പാക്കുമെന്നും അതിനാല്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു ഡ്രോണിനും രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കയറാന്‍ സാധിക്കില്ലെന്നും ഇഎസ്എംഎയുടെ കണ്‍ഫോര്‍മിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ എസ്സ അല്‍ ഹഷ്മി പറഞ്ഞു.

പുതിയ നിയമങ്ങള്‍ അനുസരിച്ച് വിനോദത്തിനും വാണിജ്യത്തിനുമായി ഉപയോഗിക്കുന്ന ഡ്രോണുകളില്‍ വീഡിയോയും ശബ്ദവും റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സ്ഥലം മനസിലാക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഡ്രോണില്‍ ഉണ്ടാകണം. യുഎഇ ആഭ്യന്തര മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുടെ അംഗീകരം ലഭിക്കാതെ ഉല്‍പ്പന്നം പുറത്തിറക്കാനാവില്ലെന്നും അല്‍ ഹഷ്മി പറഞ്ഞു.

ഗവേഷണത്തിനും വികസനത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഡ്രോണുകളെ പുതിയ നിര്‍ദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുഎഇയില്‍ ഡ്രോണുകളുടെ വില്‍പ്പന നടത്തുന്ന കടകള്‍ അടുത്ത വര്‍ഷം ആകുമ്പോഴേക്കും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം. നിലവില്‍ മാര്‍ക്കറ്റിലുള്ള എന്ത് സാധനമായാലും അത് 2018 ന് മുമ്പ് വിറ്റ് തീര്‍ക്കാനുള്ള അനുവാദമുണ്ടെന്നും എന്നാല്‍ അതിന് ശേഷം അംഗീകാരം ഉള്ളവ മാത്രമേ വില്‍ക്കാന്‍ പാടൊള്ളുവെന്നും അല്‍ ഹഷ്മി പറഞ്ഞു.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത നിര്‍മാതാക്കളില്‍ നിന്ന് ഇഎസ്എംഎയുടെ 2001 ലെ നിയമപ്രകാരം 8174 ഡോളര്‍ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഡ്രോണുകള്‍ ഏതെങ്കിലും തരത്തിലുള്ള അപകടമോ പരുക്കോ ഉണ്ടാക്കുകയാണെങ്കില്‍ ഫെഡറല്‍ സേഫ്റ്റി ലോ അനുസരിച്ച് പിഴ 8,17,438 ഡോളറായി വര്‍ധിക്കും. സുരക്ഷാ നടപടികളില്‍ വീഴ്ചവരുത്തി ഡ്രോണ്‍ ഉപയോഗിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും അല്‍ ഹഷ്മി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia