ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് മാരുതി

ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് മാരുതി

ജിഎസ്ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന് പ്രതീക്ഷ

ന്യൂ ഡെല്‍ഹി : ജിഎസ്ടി നിരക്ക് പ്രതികൂലമായി ബാധിക്കുമെങ്കിലും സങ്കര ഇന്ധന വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്ന് മാരുതി സുസുകി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയ ചരക്ക് സേവന നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുകി.

സിയാസ് സെഡാന്റെയും എര്‍ട്ടിഗ എന്ന മള്‍ട്ടി-പര്‍പ്പസ് വാഹനത്തിന്റെയും മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ വിപണിയില്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജിഎസ്ടി പ്രാബല്യത്തിലായതോടെ ഈ മോഡലുകളുടെ വില ഒരു ലക്ഷം രൂപയോളം വര്‍ധിപ്പിച്ചിരുന്നു.

ചരക്ക് സേവന നികുതി ഘടനയനുസരിച്ച് ആഡംബര കാറുകള്‍ക്ക് നിശ്ചയിച്ച അതേ 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസ്സുമാണ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. നേരത്തെ 30.3 ശതമാനം നികുതിയാണ് നല്‍കിയിരുന്നതെങ്കില്‍ ജിഎസ്ടി വന്നതോടെ ആകെ 43 ശതമാനം നികുതി ഭാരമാണ് ഹൈബ്രിഡ് വാഹനങ്ങളില്‍ വന്നുചേര്‍ന്നത്.

പരിസ്ഥിതി സൗഹൃദ, മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും ഹൈബ്രിഡൈസേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും മാരുതി സുസുകി ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെനിച്ചി ആയുകാവ വ്യക്തമാക്കി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ജിഎസ്ടി ഹൈബ്രിഡൈസേഷനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി നിരന്തര ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് കാറുകള്‍ക്ക് ചുമത്തിയ നികുതി നിരക്ക് പുന:പരിശോധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ തീരുമാനം ഇരുമ്പുലക്കയല്ലല്ലോയെന്ന് കെനിച്ചി ആയുകാവ തിരിച്ചുചോദിച്ചു.

ഹൈബ്രിഡ് വാഹനങ്ങള്‍ സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബീല്‍ വ്യവസായത്തിന് ഹൈബ്രിഡൈസേഷന്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഇന്ത്യയെ സമ്പൂര്‍ണ്ണ വൈദ്യുത വാഹന രാജ്യമാക്കി മാറ്റുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തിന് ഹൈബ്രിഡ് സാങ്കേതികവിദ്യ പാലമായി പ്രവര്‍ത്തിക്കുമെന്ന് കെനിച്ചി ആയുകാവ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ തുടരാനാണ് മാരുതി സുസുകിയുടെ തീരുമാനം. ഹൈബ്രിഡ് സാങ്കേതികവിദ്യ സംബന്ധിച്ച ഓട്ടോമൊബീല്‍ വ്യവസായത്തിന്റെ കാഴ്ച്ചപ്പാട് സര്‍ക്കാരിനെ അറിയിക്കും. സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്ക്ള്‍ ബൈ സുസുകി (എസ്എച്ച്‌വിഎസ്) പരിസ്ഥിതിക്കും ഉപയോക്താക്കള്‍ക്കും നല്ലതാണെന്ന് കെനിച്ചി ആയുകാവ വ്യക്തമാക്കി. എതിരാളികളേക്കാള്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമത നല്‍കാന്‍ മാരുതി സുസുകി സിയാസിന് കഴിയും.

Comments

comments

Categories: Auto