ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്.

1968ല്‍ ഐഎഎസില്‍ ചേര്‍ന്ന അദ്ദേഹം 1985 വരെ തമിഴ്‌നാട്ടില്‍ സേവനം അനുഷ്ഠിച്ചു. അതിന് ശേഷം 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1992ല്‍ അദ്ദേഹം യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിയമിതനായി. ലണ്ടനിലെ നെഹ്‌റു സെന്ററിന്റെ ഡയറക്റ്റര്‍ കൂടിയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയിലെയും ലെസോതോയിലെയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ (1996), രാഷ്ട്രപതിയുടെ സെക്രട്ടറി (1997-2000), ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ (2000), നോര്‍വെയിലെയും ഐസ്‌ലന്‍ഡിലെയും ഇന്ത്യന്‍ അംബാസിഡര്‍ (2002) എന്നീ നിലകളിലും ഗോപാലകൃഷ്ണ ഗാന്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്.

യോഗത്തില്‍ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഐകകണ്‌ഠ്യേന ഇദ്ദേഹത്തിന്റെ പേര് അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതില്‍ നിന്ന് മാറി നിന്ന ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ജെഡിയു പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ജെഡിയുവിനെ പ്രതിനീധികരിച്ച് ശരത് യാദവാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സീതാറാം യെച്ചൂരി (സിപിഎം) ഒമര്‍ അബ്ദുള്ള(എന്‍സി), നരേഷ് അഗര്‍വാള്‍(എസ് പി), ചന്ദ്ര മിശ്ര(ബി എസ്പി), ശരത് പാവാര്‍ (ജെഡിയു) എന്നിവര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ഓഗസ്റ്റ് 5നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അന്നു തന്നെ ഫലവും പ്രഖ്യാപിക്കും

Comments

comments

Categories: Slider, Top Stories