ഒരു വര്‍ഷക്കാലയളവില്‍ ജീവനക്കാരന് നല്‍കുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനവും ജിഎസ്ടിക്ക് വിധേയമാകും: കേന്ദ്രം

ഒരു വര്‍ഷക്കാലയളവില്‍ ജീവനക്കാരന് നല്‍കുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനവും ജിഎസ്ടിക്ക് വിധേയമാകും: കേന്ദ്രം

ന്യൂഡെല്‍ഹി: തൊഴില്‍ കരാര്‍ ഉടമ്പടി പരിഗണിക്കാതെയും കരാറിനു പുറത്തും തൊഴില്‍ദാതാവ് ജീവനക്കാരന് ഒരു വര്‍ഷക്കാലയളവില്‍ അനുവദിക്കുന്ന 50,000 രൂപയ്ക്കു മുകളില്‍ മൂല്യമുള്ള സമ്മാനങ്ങളും ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)ക്കു കീഴില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. അതായത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ശമ്പളത്തിനു പുറമെ തങ്ങളുടെ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും സമ്മാനങ്ങളും ജിഎസ്ടിക്കു കീഴില്‍ പരിഗണിക്കപ്പെടും. 50,000 രൂപ വരെ മൂല്യം വരുന്ന അധിക ആനൂകൂല്യങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നും ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ജിഎസ്ടി നിയമത്തില്‍ സമ്മാനങ്ങളും ആനുകൂല്യങ്ങളും എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെങ്കിലും നിയമപരമായി ജീവനക്കാരന് അവകാശപ്പെടാനാകാത്തതും കമ്പനി സ്വമേധയാ ജീവനക്കാരന് നല്‍കുന്നതുമായ പാരിതോഷികങ്ങളാണ് നികുതിക്കുള്ളില്‍ വരികയെന്നാണ് മനസിലാക്കുന്നത്. പരിഗണനയില്ലാത്ത ആനുകൂല്യങ്ങള്‍ 50,000 നു മുകളിലായാല്‍ ജിഎസ്ടി ബാധകമാണ് എന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.

കമ്പനിക്കു വേണ്ടി അല്ലെങ്കില്‍ തൊഴില്‍ ദാതാവിനു വേണ്ടിയുള്ള ജീവനക്കാരന്റെ സേവനങ്ങള്‍ (അത് സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിതരണമാവാം) ജിഎസ്ടി പരിധിക്ക് പുറത്താണെന്നും ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ജിഎസ്ടിക്കു കീഴില്‍ വരുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലബ്ബ്, ഹെല്‍ത്ത്, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയിലെ അംഗത്വത്തിന് അനുവദിക്കുകയുമില്ല. അത്തരം സേവനങ്ങള്‍ തൊഴില്‍ദാതാവ് എല്ലാ തൊഴിലാളികള്‍ക്കും സൗജന്യമായി നല്‍കുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുകയുള്ളൂതെന്നും കേന്ദ്രം അറിയിച്ചു.

Comments

comments

Categories: Business & Economy