സമ്മര്‍ദിത ടെലികോമുകള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആര്‍കോം

സമ്മര്‍ദിത ടെലികോമുകള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആര്‍കോം

ആര്‍കോമിന് 45,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്.

ന്യൂഡെല്‍ഹി: വായ്പാ സമ്മര്‍ദം നേരിടുന്ന ടെലികോം കമ്പനികള്‍ക്ക് ക്രോസ് ഹോള്‍ഡിംഗ്, സ്‌പെക്ട്രം പരിധി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു. കേന്ദ്ര ബാങ്കിന്റെ (ആര്‍ബിഐ) വായ്പാ പുനര്‍നിര്‍ണയ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ആര്‍കോം ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിന് സഹായിക്കുന്ന തരത്തില്‍ ഇളവുകള്‍ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ സമിതിക്ക് അയച്ച കത്തിലാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

കടബാധ്യത മൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന കമ്പനിക്ക് ഇതേ രീതിയില്‍ സമ്മര്‍ദം നേരിടുന്ന കമ്പനിയിലുള്ള പങ്കാളിത്തം കുറയ്ക്കുന്നതിന് അഞ്ച് വര്‍ഷം അനുവദിക്കണമെന്നും ആര്‍കോം മന്ത്രിസഭാ സമിതിയോട് ആവശ്യപ്പെട്ടു. നിലവില്‍, ഇത്തരത്തിലുള്ള പങ്കാളിത്തം 10 ശതമാനത്തില്‍ താഴെയാക്കി കുറയ്ക്കുന്നതിന് ഒരു വര്‍ഷമാണ് അനുവദിച്ചിട്ടുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍, പങ്കാളിത്ത സംരംഭത്തിന് സ്‌പെക്ട്രം മൂലധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നതിന് ഒരു വര്‍ഷത്തിനു പകരം അഞ്ച് വര്‍ഷം അനുവദിക്കണമെന്നും ആര്‍കോം നിര്‍ദേശിക്കുന്നു.

കമ്പനിയുടെ സാമ്പത്തികാരോഗ്യം സാധാരണ നിലയിലാണെങ്കില്‍ നിലവിലുള്ള ചട്ടങ്ങള്‍ പ്രസക്തമാണെന്നും ആര്‍കോം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്ഡിആര്‍ (സ്ട്രാറ്റജിക് ഡെബ്റ്റ് റീസ്ട്രക്ചറിംഗ്) പദ്ധതിക്ക് വിധേയരായിട്ടുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാണെന്നും, ഇവയുടെ പുനരുജ്ജീവനത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും കമ്പനികളെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ടെന്നും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കത്തില്‍ പറഞ്ഞു. അഞ്ച് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടബാധ്യതയുള്ള ടെലികോം കമ്പനികളുടെ സാമ്പത്തികാരോഗ്യം നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുള്ളത്. ആര്‍കോമിന് 45,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്.

Comments

comments

Categories: Tech