പ്രചോദകം ഈ നിശ്ചയദാര്‍ഢ്യം

പ്രചോദകം ഈ നിശ്ചയദാര്‍ഢ്യം

ജാര്‍ഖണ്ഡ് പിന്മാറിയതോടെ അവസാന നിമിഷമാണ് ഒഡിഷയ്ക്കു നറുക്കു വീണത്

22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് വേദിയായ ഒഡിഷയിലെ കലിംഗ സ്‌റ്റേഡിയത്തിന് വലിയ നിലയിലുള്ള അംഗീകാരമാണ് ദേശ, വിദേശങ്ങളില്‍ നിന്നു കിട്ടിയത്. കായികമേളയുടെ കുറ്റമറ്റ നടത്തിപ്പിന്റെ പേരില്‍ സംഘാടകര്‍ക്ക് വലിയ ആദരവും നേടാനായി. ലോകകായിക ഭൂപടത്തില്‍ ഒഡിഷയും സ്ഥാനമുറപ്പിക്കുയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. അങ്ങനെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയപ്പോള്‍ നാം മനസിലാക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങളുണ്ട്. നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്ന വേദിയായ ജാര്‍ഖണ്ഡ് പിന്മാറിയതോടെ അവസാന നിമിഷം മാത്രം വേദി ഏറ്റെടുക്കാനായ ഒഡിഷയെക്കുറിച്ച്, 90 ദിവസം മാത്രം ലഭിച്ചിട്ടും രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം നിര്‍മ്മിക്കാമെന്ന അവരുടെ ആത്മവിശ്വാസത്തെക്കുറിച്ച്, ആകസ്മിക വെല്ലുവിളികള്‍ നേരിടാമെന്നുള്ള ചങ്കൂറ്റത്തെപ്പറ്റി, സര്‍വ്വോപരി വീണു കിട്ടിയ സാധ്യത മികച്ച അവസരമാക്കി മാറ്റിയ അവരുടെ ആസൂത്രണപാടവത്തെപ്പറ്റി.

മാര്‍ച്ച് 11നാണ് തലസ്ഥാനമായ റാഞ്ചി മുഖ്യവേദിയാക്കാമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് ജാര്‍ഖണ്ഡ് പിന്മാറിയത്. ഫണ്ട് ചെലവഴിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു തീരുമാനത്തിനു പിന്നില്‍. ജൂണില്‍ മല്‍സരം നടത്താനുള്ള തീരുമാനവുമായി മുമ്പോട്ടു നീങ്ങിയ ഏഷ്യന്‍ അത്‌ലെറ്റിക്‌സ് അസോസിയേഷന് അതൊരു തിരിച്ചടിയായിരുന്നു. ഈ ഘട്ടത്തിലാണ് ഒഡിഷ സര്‍ക്കാര്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമായി മുമ്പോട്ടു വന്നത്.

പദ്ധതി ഏറ്റെടുക്കുന്നത് വലിയൊരു അവസരമായി കണ്ടുകൊണ്ടായിരുന്നു നീക്കം. കലിംഗ സ്റ്റേഡിയത്തെ മുഖ്യവേദിയാക്കാമെന്ന് തീരുമാനിച്ചു മുമ്പോട്ടു പോകുമ്പോള്‍ സര്‍ക്കാരിന് ഇതെങ്ങനെ സാധ്യമാക്കാനാകുമെന്ന ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അണ്ഡാകൃതിയിലുള്ള സ്‌റ്റേഡിയത്തിന്റെ വിളറിയ ഒരു രൂപം മാത്രമേ അവിടെ കാണാനാകുമായിരുന്നുള്ളൂ. ഓട്ടമല്‍സര ട്രാക്കുകള്‍ പോലും തയാറായിരുന്നില്ല, ശരിക്കും ഒരു തരിശുഭൂമി. സര്‍ക്കാരിനു മുമ്പിലുള്ളതാകട്ടെ 90 ദിവസം മാത്രവും.

മുഖ്യവേദിയാക്കാനുള്ള സ്റ്റേഡിയം ആദ്യമായി കണ്ടപ്പോള്‍ ഇന്ത്യന്‍ അത്‌ലെറ്റിക്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ തകര്‍ന്നു പോയി. സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ കാണാനായത് വെറും തരിശുഭൂമിയെന്നു പറയാവുന്ന ഒരു പ്രദേശമാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ആദില്‍ സുമരിവാല പറയുന്നു. ”ശരിക്കും ഞെട്ടിപ്പോയി. നല്ല വിഷമവും തോന്നി. ഇതിനെ എങ്ങനെ തികഞ്ഞ ഒരു അന്താരാഷ്ട്ര കായിക മല്‍സര വേദിയാക്കി മാറ്റാനാകുമെന്നായിരുന്നു ഞങ്ങളുടെ ആശ്ചര്യം”. എന്നാല്‍ അങ്ങനെ ചിന്തിച്ചവരെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ടുള്ള പൂര്‍ണസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദിനങ്ങളാണ് പിന്നീടു വന്നുചേര്‍ന്നത്. സര്‍ക്കാര്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കലിംഗ സ്റ്റേഡിത്തില്‍ സിന്തെറ്റിക് ട്രാക്കുകള്‍ നിരന്നു. മൂന്നു ലക്ഷം ചതുരശ്രയടിയില്‍ പുല്ല് വെച്ചു പിടിപ്പിച്ചു. 5000 ഇരിപ്പിടങ്ങള്‍ വിന്യസിച്ചു. മാസ്റ്റ് ഫഌഡ് ലൈറ്റുകള്‍ സ്റ്റേഡിയത്തില്‍ അങ്ങിങ്ങ് സ്ഥാപിക്കപ്പെട്ടു. നാലു കൂറ്റന്‍ ടവറുകള്‍ ഇറ്റലിയില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്തു. വിവിധരാജ്യങ്ങളില്‍ നിന്ന് സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങളും വരുത്തി.

ക്രെയ്ന്‍ ഓപ്പറേറ്ററില്‍മാരില്‍ ഒരാള്‍ വാഹനത്തിനൊപ്പം അപ്രത്യക്ഷമായതോടെ പ്രതിസന്ധി ഉടലെടുത്തെങ്കിലും അത് കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. നിശ്ചയിച്ചതു പോലെ മേയ് 31നകം എല്ലാ ജോലിയും പൂര്‍ത്തീകരിക്കാനായെന്ന് സംസ്ഥാന കായിക സെക്രട്ടറി വിശാല്‍ ദേവ് പറഞ്ഞു. ”90 ദിനമെന്ന വെല്ലുവിളി, ഒട്ടൊക്കെ തളര്‍ത്താന്‍ പോന്നതായിരുന്നെങ്കിലും, ഞങ്ങള്‍ക്കതൊരു വിസ്മയകരമായ അനുഭവമായിരുന്നു. സ്‌റ്റേഡിയം നിര്‍മ്മാണത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രത്യേക താല്‍പര്യമെടുത്തു. ഈയവസരത്തില്‍ ഇതിനുവേണ്ടി അഹോരാത്രം യത്‌നിച്ച തൊഴിലാളികളെ മറക്കാനാകില്ല. അവരില്ലായിരുന്നെങ്കില്‍ സ്റ്റേഡിയം ഒരിക്കലും ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകില്ലായിരുന്നു. ഞങ്ങളുടെ സ്വപ്‌നം പൂവണിയിച്ചത് അവരാണ്. നിങ്ങള്‍ എന്തിലെങ്കിലും വിശ്വാസമര്‍പ്പിച്ചാല്‍ അത് നേടാനാകുമെന്ന് ഇക്കാര്യം തെളിയിക്കുന്നു,” വിശാല്‍ ദേവ് ചൂണ്ടിക്കാട്ടുന്നു.

ഇവരുടെ ആത്മവിശ്വാസത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും ഫലം ഉദ്ഘാടനവേളയില്‍ത്തന്നെ ദൃശ്യമായി. 15,000 പേര്‍ക്ക് കയറാവുന്ന സ്റ്റേഡിയം അന്ന് തിങ്ങിനിറഞ്ഞു. സംഗീതജ്ഞനും ഗായകനുമായ ശങ്കര്‍മഹാദേവന്റെ പരിപാടിയിലും തുടര്‍ന്നു നടന്ന തായ്‌ലന്‍ഡ് സംഘത്തിന്റെ നൃത്തപരിപാടിയിലും കാണികള്‍ ഇളകിമറിഞ്ഞു. ഈ വേദിയിലാണ് മുഖ്യമന്ത്രി ബിജു പട്‌നായിക്ക് സംഘാടകരെ പ്രശംസിച്ചുകൊണ്ട് ഒഡിഷയ്ക്കും ലോകവേദിയിലേക്ക് ഉയരാനുള്ള അവസരമാണിതെന്നു പ്രസ്താവിച്ചത്. ജനം കൈയടികളോടെ ഏറ്റെടുത്ത ഈ പ്രഖ്യാപനത്തിനു പിന്നാലെ ലോക അത്‌ലെറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയുടെ ഊഴമെത്തി. ഉദ്ഘാടന ചടങ്ങിലെ സാംസ്‌കാരിക പരിപാടികളെയും സര്‍ക്കാര്‍ സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെയും അദ്ദേഹം പ്രശംസ കൊണ്ടു മൂടി.

ആത്മവിശ്വാസത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും ഫലം ഉദ്ഘാടനവേദിയില്‍ത്തന്നെ ദൃശ്യമായി. 15,000 പേര്‍ക്ക് കയറാവുന്ന സ്റ്റേഡിയം അന്ന് തിങ്ങിനിറഞ്ഞു. സംഗീതജ്ഞനും ഗായകനുമായ ശങ്കര്‍മഹാദേവന്റെ പരിപാടിയിലും തുടര്‍ന്നു നടന്ന തായ്‌ലന്‍ഡ് സംഘത്തിന്റെ നൃത്തപരിപാടിയിലും കാണികള്‍ ഇളകിമറിഞ്ഞു

സ്വാഭാവികമായി വലിയ രീതിയിലുള്ള പ്രചാരണങ്ങളും പരിപാടിക്കുവേണ്ടി നടത്തിയിരുന്നു. പ്രാദേശിക പത്രങ്ങളിലും ദേശീയ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വിപുലമായിത്തന്നെ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഒഡിഷയുടെ സ്പ്രിന്റ് ഓട്ടക്കാരി ദുത്തീ ചന്ദിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റേഡിയം വരെ പോസ്റ്ററുകള്‍ നിരത്തി. ഒഡിഷ കൈവരിച്ച പുതിയ പ്രശസ്തിയില്‍ സംസ്ഥാന കായികമന്ത്രി ചന്ദ്രസാരഥി ബെഹറ അത്യധികം ആഹ്ലാദവാനാണ്. ഒഡിഷ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നു ചോദിച്ചിരുന്ന സാഹചര്യം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ വരവോടെ മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”രാജ്യത്തെ പ്രധാന കായികവേദിയായി സംസ്ഥാനം മാറിയിരിക്കുന്നു. 45 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മേളയില്‍ പങ്കെടുത്തിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മ്മിച്ചതിനെക്കുറിച്ചും കായികമേളയില്‍ ഉടനീളം അത് പരിപാലിച്ചതിനെക്കുറിച്ചും അവര്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഇനി അവരവരുടെ നാട്ടിലേക്കു തിരിച്ചു ചെന്നാല്‍ ഞങ്ങളുടെ യജ്ഞത്തിന്റെ വിജയകഥകള്‍ അവര്‍ നാട്ടുകാരുമായി പങ്കുവെക്കും,” അദ്ദേഹം നിറഞ്ഞ പ്രതീക്ഷയിലാണ്.

ഈ പ്രത്യാശ അസ്ഥാനത്താകില്ലെന്ന് നമുക്കും പ്രതീക്ഷിക്കാം. ഒരു പ്രദേശത്തിന്റെ സാംസ്‌കാരികപാരമ്പര്യം ലോകഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ വാമൊഴിയായുള്ള പ്രചാരണത്തേക്കാള്‍ അപ്പുറം മറ്റെന്തിനു സാധിക്കും? അസാധ്യമെന്നു കരുതിയ ഇടത്തു നിന്നുള്ള കഴിവും ആത്മാര്‍ത്ഥതയും കൈമുതലാക്കിയ ഒഡിഷയുടെ ഈ മുന്നേറ്റം കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും മാതൃകയാക്കാവുന്ന പാഠമാണ്.

Comments

comments

Categories: FK Special, Sports