ലാപ്‌ടോപ് ബാന്‍ ; കുവൈറ്റ് എയര്‍വേയ്‌സിനേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി

ലാപ്‌ടോപ് ബാന്‍ ; കുവൈറ്റ് എയര്‍വേയ്‌സിനേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി

നിരോധനം ഒഴിവാക്കി പകരം ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാണ് യുഎസ് തീരുമാനം

കുവൈറ്റ് സിറ്റി: പ്രധാന രാജ്യങ്ങളിലെ വിമാനകമ്പനികള്‍ക്ക് പിന്നാലെ കുവൈറ്റ് എയര്‍വേയ്‌സിനേയും ലാപ്‌ടോപ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇനി മുതല്‍ കുവൈറ്റില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളിലെയും ക്യബിനുകളില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ട്വിറ്ററിലൂടെ അവര്‍ വ്യക്തമാക്കി.

തുര്‍ക്കി, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 10 വിമാനത്താവളങ്ങളില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാനങ്ങളുടെ ക്യാബിനുകളില്‍ മൊബീല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മാര്‍ച്ചിലാണ് നിരോധനം കൊണ്ടുവന്നത്.

വലിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ബോംബ് ഒളിപ്പിച്ച് തീവ്രവാദ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് നിരോധനം നടപ്പിലാക്കിയത്. ഇതേ കാരണം പറഞ്ഞ് ആറ് വിമാനത്താവളങ്ങളില്‍ ബ്രിട്ടനും നിരോധനം നടപ്പാക്കിയിരുന്നു.

നിരോധനം ഒഴിവാക്കി പകരം ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ യുഎസ് തീരുമാനമെടുത്തതോടെ പ്രധാന വിമാനത്താവളങ്ങളെ നിരോധനത്തില്‍ നിന്ന് നീക്കുകയായിരുന്നു. യുഎസിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ പരിശോധന അബുദാബി ശക്തമാക്കിയതോടെ ഇത്തിഹാദ് എയര്‍വേയ്‌സിനെയാണ് ആദ്യം നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്, തുര്‍ക്കിഷ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, സൗദി അറേബ്യയുടെ വിമാനക്കമ്പനി എന്നിവയേയും നിരോധനത്തില്‍ നിന്ന് നീക്കി.

Comments

comments

Categories: Arabia