അപരാജിത

അപരാജിത

കളിച്ചു നടക്കേണ്ട പ്രായത്തില്‍ വിവാഹിതയാകേണ്ടി വന്ന രൂപ യാദവ് ഇനി ഡോക്റ്റര്‍

മുട്ടുവിന്‍ തുറക്കപ്പെടും എന്ന ആപ്തവാക്യം രൂപ യാദവ് എന്ന 20കാരിയുടെ ജീവിതത്തില്‍ കേട്ടു മറക്കാനുള്ള വെറും വാചകമല്ല. അവള്‍ക്ക് ആശയും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ദര്‍ശനമാണ്. എട്ടാം വയസില്‍ വിവാഹിതയാകേണ്ടി വന്ന ഈ രാജസ്ഥാന്‍ സ്വദേശിനി, ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) മികച്ച വിജയം നേടി ഡോക്റ്ററാകാന്‍ തയാറെടുക്കുകയാണ്. വെറുതെ പോയി പരീക്ഷയെഴുതിയതല്ല രൂപ. പരാജയങ്ങളില്‍ അടിപതറാതെ, ശരിക്കു പഠിച്ച് പരീക്ഷയെഴുതി, ദേശീയതലത്തില്‍ 603 മാര്‍ക്കോടെ 2,612-ാം റാങ്ക് നേടുകയായിരുന്നു അവള്‍. മൂന്നു തവണ പ്രവേശനപരീക്ഷയെഴുതിയെങ്കിലും ആദ്യ തവണകളില്‍ പരാജയപ്പെട്ടു. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ നിരാശപ്പെടാതെ ലക്ഷ്യം കൈയെത്തിപ്പിടിക്കുക തന്നെ ചെയ്തു ഈ മിടുക്കി. സമൂഹത്തിന്റെ പരിഹാസങ്ങള്‍ക്കും സമുദായത്തിന്റെ എതിര്‍പ്പുകളും വകവെക്കാതെയായിരുന്നു മുന്നേറ്റമെന്നത് ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നു.

ജയ്പ്പുരിലെ കരേരി ഗ്രാമത്തിലാണ് രൂപയുടെ ജനനം. അവള്‍ക്ക് എട്ടും ചേച്ചി രുക്മയ്ക്ക് ഒമ്പതും വയസുള്ളപ്പോള്‍ നാട്ടുനടപ്പനുസരിച്ച് വീട്ടുകാര്‍ ഇവരെ കെട്ടിച്ചുവിട്ടു. അങ്ങനെ 12കാരനായ ശങ്കര്‍ലാല്‍ രൂപയുടെ ഭര്‍ത്താവായി. ശങ്കര്‍ലാലിന്റെ ചേട്ടന്‍ ബാബുലാല്‍ രുക്മയെയും വിവാഹം ചെയ്തു. അക്കാലത്ത് ശൈശവവിവാഹം രാജസ്ഥാനില്‍ വ്യാപകമായിരുന്നു.

ഇന്നും ഇവിടെ നിന്ന് ശൈശവവിവാഹം തുടച്ചുനീക്കാന്‍ പറ്റിയിട്ടില്ല. വിവാഹം കഴിഞ്ഞെങ്കിലും പഠനമുപേക്ഷിക്കാന്‍ രൂപ തയാറായില്ല. സാധാരണ രാജസ്ഥാനിലെ സാമൂഹ്യവ്യവസ്ഥ അംഗീകരിക്കാത്ത കാര്യമാണിത്. എന്നാല്‍ 10-ാം ക്ലാസില്‍ 84 ശതമാനം മാര്‍ക്കോടെ നേടിയ വിജയം അവളുടെ ഭര്‍തൃവീട്ടുകാരുടെ കണ്ണു തുറപ്പിച്ചു. സാമ്പത്തികശേഷി ഇല്ലാത്തവരാണെങ്കിലും ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരനും അവളുടെ പഠനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങി. അത് അവള്‍ക്ക് സമാശ്വാസമായി. പ്ലസ് ടുവിലും രൂപ വിജയമാവര്‍ത്തിച്ചു. വീട്ടുജോലികള്‍ക്ക് ഭംഗം വരുത്താതെയാണ് അവള്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ഉന്നതവിജയം കൈവരിച്ചത്.

ബിഎസ്‌സിക്കു ചേര്‍ന്ന രൂപ, മെഡിക്കല്‍ പ്രവേശനപരീക്ഷകളെഴുതാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ ഡോക്റ്ററാകുക എന്ന സ്വപ്‌നം മനസില്‍ കൊണ്ടുനടക്കുകയായിരുന്നു രൂപ. അതിലേക്കു നയിച്ച ഒരു സാഹചര്യവുമുണ്ടായിരുന്നു. മതിയായ ചികില്‍സ ലഭിക്കാതെയാണ് അവളുടെ അമ്മാവന്‍ ഭീംറാം യാദവ് ഹൃദയാഘാതം വന്നു മരിച്ചത്. കുഞ്ഞു രൂപയെ ഏറെ സങ്കടപ്പെടുത്തിയ കാര്യമാണിത്. അതിനാല്‍ വലുതാകുമ്പോള്‍ ഡോക്റ്ററായി എല്ലാവരെയും സഹായിക്കണമെന്ന് അവള്‍ തീരുമാനിച്ചിരുന്നു. പ്രവേശനപരീക്ഷയുടെ ആദ്യ ശ്രമങ്ങളില്‍ പരീശീലന ക്ലാസുകളില്‍ പോകാത്തതിനാല്‍ രൂപയ്ക്ക് ഉയര്‍ന്ന റാങ്കുകള്‍ നേടാനായില്ല. എന്നാല്‍ പ്രവേശന പരീക്ഷകളില്‍ അവള്‍ നേടിയ മാര്‍ക്ക് കണ്ട ഭര്‍ത്താവും സഹോദരനും അവളെ കോട്ടയില്‍ എംബിബിഎസ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസിന് അയയ്ക്കുകയായിരുന്നു.

കോട്ടയില്‍ പരിശീലനത്തിനു പോകുന്നത് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ തന്നെ സഹായിക്കുമെന്ന് രൂപയ്ക്കറിയാമായിരുന്നു. എന്നാല്‍ സാമ്പത്തികം പ്രശ്‌നം തന്നെയായിരുന്നു. എന്നാല്‍ അവിടെയും അവള്‍ക്കു മുമ്പില്‍ ആശ്വാസത്തിന്റെ ഒരു വാതില്‍ കൂടി തുറന്നു. അല്ലെന്‍ എന്ന പരിശീലന കേന്ദ്രം അവള്‍ക്ക് 75 ശതമാനം ഫീസ് ഇളവു നല്‍കി.

ഇതു പോലുമടയ്ക്കാന്‍ ഭര്‍ത്താവ് കഷ്ടപ്പെട്ടു. ഭര്‍തൃവീട്ടുകാരും രൂപയുടെ വീട്ടുകാരെപ്പോലെ കര്‍ഷകകുടുംബമായിരുന്നു. തുച്ഛവരുമാനമാണ് കാര്‍ഷികവൃത്തിയില്‍ നിന്നു കിട്ടാറുള്ളത്. അതിനാല്‍ കോച്ചിംഗ് ഫീസ് നല്‍കാനുള്ള പണമുണ്ടാക്കാന്‍ ഭര്‍ത്താവ് ശങ്കര്‍ലാല്‍ ഒരു ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങി.

ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ചേര്‍ന്ന് ഡോക്റ്റര്‍ ആകുക എന്ന ലക്ഷ്യം സഫലീകരിക്കണമെന്നാണ് രൂപയുടെ ആഗ്രഹം. അല്ലെന്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാസം തോറും ഒരു നിശ്ചിത തുക സ്‌കോളര്‍ഷിപ്പ് നല്‍കി അവളെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Women