ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി റെയ്ല്‍വെ

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി റെയ്ല്‍വെ

358 ഇനങ്ങള്‍ ചെറുകിട സംരംഭങ്ങളില്‍ നിന്നു ശേഖരിക്കുന്നതിനായി സംവരണം ചെയ്തിരിക്കുകയാണ്

ന്യൂഡെല്‍ഹി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പുമായി ഇന്ത്യന്‍ റെയ്ല്‍വെ. റെയ്ല്‍വേക്ക് ആവശ്യമുള്ള ശുദ്ധീകരണ ഉപകരണങ്ങള്‍, സ്റ്റേഷനറി, ലെതര്‍ തുടങ്ങിയവ ഉള്‍പ്പെടെ 358 ഇനങ്ങള്‍ എസ്എംഇ സംരംഭങ്ങളില്‍ നിന്നു ശേഖരിക്കുന്നതിനായി സംവരണം ചെയ്തിരിക്കുകയാണ്. ഇതു കൂടാതെ, ടെന്‍ഡര്‍ ചെലവില്‍ നിന്നും റെയ്ല്‍വെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ മുന്‍കൂര്‍ പണ നിക്ഷേപത്തില്‍ നിന്നും ഇത്തരം സംരംഭങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ചെറുകിട-ഇടത്തരം ബിസിനസ് മേഖലയുടെ വളര്‍ച്ച വളരെ പ്രധാനമാണ്. റെയ്ല്‍വേ പോലുള്ള ഔദ്യാഗികവും സംഘടിതവുമായ ഒരു മേഖലയുടെ പിന്തുണ ഇത്തരം സംരംഭങ്ങളുടെ സാധ്യതകളെ വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ റെയ്ല്‍വെയുടെ സംഭരണ പോര്‍ട്ടലില്‍ ഇതുവരെ 9,973 വില്‍പ്പനക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു വര്‍ഷക്കാലയളവില്‍ 4,400 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് റെയ്ല്‍വേ ഈ പോര്‍ട്ടലിലൂടെ സംഭരിച്ചിട്ടുള്ളത്.

പൊതുമേഖല സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എസ്എംഇകളില്‍ നിന്നും സംഭരിക്കുന്നതിന് സംവരണം ചെയ്യപ്പെട്ട കരകൗശല വസ്തുക്കളും പെയിന്റിംഗ് ബ്രഷുകളും ഉള്‍പ്പടെയുള്ള 358 ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മറ്റ് പല ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും റെയ്ല്‍വെ എസ്എംഇകളെ പരിഗണിക്കും.

സംഭരണത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് അടുത്തിടെ റെയ്ല്‍വെ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു, ഉന്നത റെയ്ല്‍വേ ഉദ്യോസ്ഥര്‍, സ്‌മോള്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്‌ഐഡിബിഐ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ്എംഇ ബിസിനസുകാര്‍ തുടങ്ങിയവരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. റെയ്ല്‍വെയുടെ ഗവേഷണ വിഭാഗമായ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനോട് (ആര്‍ഡിഎസ്ഒ) സാങ്കേതിക മേഖലകളില്‍ എസ്എംഇ വ്യാപാരികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാന്‍ ഈ യോഗം ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Slider, Top Stories