അറബ് രാജ്യങ്ങളുടെ ഭീഷണിയെ സമ്പത്ത് കൊണ്ടു നേരിടാന്‍ ഖത്തര്‍

അറബ് രാജ്യങ്ങളുടെ ഭീഷണിയെ സമ്പത്ത് കൊണ്ടു നേരിടാന്‍ ഖത്തര്‍

340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനമാണ് ഖത്തറിനുള്ളത്

ദോഹ: അറബ് രാജ്യങ്ങള്‍ ഉപരോധം ശക്തിപ്പെടുത്തിയാലും അത് രാജ്യത്തെ ബാധിക്കില്ലെന്ന് ഖത്തര്‍. രാജ്യത്തിന് 340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ നിക്ഷേപമുണ്ടെന്നും അറബ് രാജ്യങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സമ്മര്‍ദം കൊണ്ടുവന്നാല്‍ അതിനെ നേരിടാന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്നും ഖത്തറിന്റെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അബ്ദുള്ള സൗദ് അല്‍ താനി പറഞ്ഞു.

40 ബില്യണ്‍ ഡോളറിന്റെ കാഷ് റിസര്‍വും ബാക്കി സ്വര്‍ണവുമാണുള്ളത്. ഇത് കൂടാതെ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ കഴിയുന്ന 300 ബില്യണ്‍ ഡോളറിന്റെ കരുതല്‍ നിക്ഷേപം ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്കുമുണ്ട്. സാമ്പത്തിക സംവിധാനത്തില്‍ വിശ്വാസ്യതയുണ്ടെന്നും ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദമുണ്ടായാല്‍ അതിനെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അയല്‍ രാജ്യങ്ങളുടെ നടപടി തുടരുകയാണെങ്കിലും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകുന്ന നിക്ഷേപങ്ങളേക്കാള്‍ കൂടുതലാണ് ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസത്തില്‍ ഖത്തറിന്റെ നിക്ഷേപത്തില്‍ കാര്യമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം.

ആറ് ബില്യണ്‍ ഡോളറില്‍ താഴെ മാത്രമാണ് പിന്‍വലിക്കപ്പെട്ടത്. പ്രതിസന്ധി രൂപപ്പെട്ടതിന് ശേഷമുള്ള അടുത്ത ദിവസങ്ങളില്‍ പ്രവാസികളാണ് ഇത് പിന്‍വലിച്ചതെന്നും അദ്ദേഹം. നിക്ഷേപത്തില്‍ നിന്ന് കാര്യമായ പിന്‍വലിക്കല്‍ ഉണ്ടായിട്ടില്ല. ഇതിനെക്കുറിച്ച് ഇപ്പോള്‍ വേവലാതിപ്പെടേണ്ടതില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഏത് രീതിയിലുള്ള പ്രശ്‌നമുണ്ടായാലും അതിന ശക്തമായി നേരിടാന്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന അറബ് രാജ്യങ്ങളുടെ വാദം അദ്ദേഹം തള്ളി. ഞങ്ങള്‍ കുറ്റക്കാരല്ലെന്നും രാജ്യത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നുള്ളവരെ സ്വാഗതം ചെയ്യുന്നതായും അല്‍ താനി പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഖത്തറിന് നിലവില്‍ മികച്ച സംവിധാനം ഉണ്ട്. ഈ പറയുന്ന എല്ലാ ഭീകരവാദത്തിനും എതിരായുള്ള നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎംഎഫുമായി ചേര്‍ന്നാണ് നിയമങ്ങളും ഓഡിറ്റുകളും കൊണ്ടുവന്നതെന്നും അല്‍ താനി.

എന്നാല്‍ അറബ് രാജ്യങ്ങളുടെ ബഹിഷ്‌കരണവും രാജ്യത്തിന്റെ കറന്‍സിക്ക് മേല്‍ റിയാല്‍ നേടിയ ആധിപത്യവും ഖത്തറിന്റെ സ്‌റ്റോക് മാര്‍ക്കറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യം അസ്ഥിരതയിലേക്ക് നീങ്ങാന്‍ ഇത് കാരണമാകുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പിടിച്ചു നില്‍ക്കുമെന്ന ഉറച്ച നിലപാടിലാണ് ഖത്തര്‍.

Comments

comments

Categories: Arabia