മാതൃകയാക്കാം ഭോപ്പാലിന്റെ സൈക്കിള്‍ ഷെയറിംഗ് സംവിധാനം

മാതൃകയാക്കാം ഭോപ്പാലിന്റെ സൈക്കിള്‍ ഷെയറിംഗ് സംവിധാനം

മൈ ബസ്, ഭോപ്പാലിന്റെ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്) എന്നിവയെ പ്രധാന റസിഡന്‍ഷ്യല്‍ – കൊമേഴ്‌സ്യല്‍ മേഖലകളിലേക്കു ബന്ധിപ്പിക്കുന്ന രീതിയിലുള്ളതാണു സൈക്കിള്‍ ഷെയറിംഗ് സംവിധാനം.

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്തിടെ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ പൂര്‍ണമായും ഓട്ടോമേറ്റഡായ സൈക്കിള്‍ ഷെയറിംഗ് സിസ്റ്റം ലോഞ്ച് ചെയ്തു. പൂര്‍ണമായും ഓട്ടോമേറ്റഡായ സൈക്കിള്‍ ഷെയറിംഗ് സംവിധാനം രാജ്യത്ത് ആദ്യത്തേത് കൂടിയാണ്. കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ആദ്യ സിറ്റി ലെവല്‍ സൈക്കിള്‍ ഷെയറിംഗ് പദ്ധതി മൈസൂരില്‍ ലോഞ്ച് ചെയ്തിരുന്നു. ഇതിനു മൂന്ന് ആഴ്ചകള്‍ക്കു ശേഷമാണു നവീന പദ്ധതിയുമായി മധ്യപ്രദേശ് മുന്നോട്ട് വന്നത്. കര്‍ണാടക സര്‍ക്കാരിന് 450 സൈക്കിളുകളാണു പദ്ധതിക്കായി നല്‍കിയത്. ഇതില്‍ 430 സാധാരണ സൈക്കിളും 20 എണ്ണം ഗീയര്‍ സൈക്കിളുകളുമാണ്. ലോക ബാങ്കും ആഗോള പരിസ്ഥിതി ഫണ്ടും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണു പദ്ധതിക്കു പണം കണ്ടെത്തിയിരിക്കുന്നത്. ഗ്രീന്‍ വീല്‍ റൈഡ് ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

നഗരത്തിലുടനീളം 50 ഡോക്കിംഗ് സ്‌റ്റേഷനുകളോടുകൂടി 500 സൈക്കിളുകളാണ് ഭോപ്പാലിലെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂ മാര്‍ക്കറ്റ്, എംപി നഗര്‍, ഹോഷെന്‍ഗാബാദ് റോഡ് തുടങ്ങി നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളാണു സൈക്കിള്‍ ഷെയറിംഗ് സംവിധാനത്തിന്റെ പരിധിയില്‍ വരുന്നത്.

പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ തന്നെ ഒരു സ്റ്റേഷനില്‍ നിന്നെടുത്ത സൈക്കിള്‍ ഉപയോഗിച്ചതിനു ശേഷം മറ്റ് ഏത് സ്റ്റേഷനിലും നിക്ഷേപിക്കാവുന്നതാണ്. അതായത് സൈക്കിള്‍ എടുത്തയിടത്തു തന്നെ തിരിച്ചു വയ്ക്കണമെന്നില്ലെന്നു ചുരുക്കം. ഭോപ്പാലില്‍ ബൈക്ക് ഷെയറിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഒന്നിനൊന്ന് പ്രാധാന്യമുള്ള നിരവധി കാരണങ്ങളുണ്ട്. ഇത് ഇത്രയും പ്രാധാന്യമുള്ളതാകാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യത്തെ ഉദ്യമമാണിത്. മൈ ബസ്, ഭോപ്പാലിന്റെ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്) എന്നിവയെ പ്രധാന റസിഡന്‍ഷ്യല്‍ – കൊമേഴ്‌സ്യല്‍ മേഖലകളിലേക്കു ബന്ധിപ്പിക്കുന്ന രീതിയിലുള്ളതാണു പദ്ധതി. അതായതു സിറ്റി ബസ് സംവിധാനത്തിലേക്കു കൂടുതല്‍ കണക്റ്റിവിറ്റി ഉറപ്പു വരുത്താനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് വഴി സാധിക്കും. വളരെ മികച്ച പെയ്‌മെന്റ് സംവിധാനമാണ് ഈ രീതിയിലുള്ളത്.

ബിആര്‍ടിഎസിലും ഭോപ്പാലിന്റെ മറ്റ് ബസ് സര്‍വീസുകളിലും ബൈക്ക് ഷെയറിംഗിലും പൊതുവായി ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് കാര്‍ഡാണു പെയ്‌മെന്റിന് ഉപയോഗിക്കാവുന്നത്. ഭോപ്പാല്‍ സിറ്റി ലിങ്ക് ലിമിറ്റഡ് എന്ന നോഡല്‍ ഏജന്‍സിയാണ് ഈ മൂന്ന് ഗതാഗത സംവിധാനങ്ങളുടെയും പ്രവര്‍ത്തന – നിരീക്ഷണ മേല്‍നോട്ടം വഹിക്കുന്നത്. പൊതുമേഖലാ ഗതാഗത സംവിധാനങ്ങളുടെ ഏകീകരണത്തിനുള്ള മികച്ച ഉദാഹരണം കൂടിയാണ് ഇത്.

സുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് റോഡപകടങ്ങളുടെ ഇരകളാവുന്നവരില്‍ ഏറിയ പങ്കും കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. റോഡിലെ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായ പല രാജ്യത്തെ പല നഗരങ്ങളും സൈക്കിളിംഗിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഭോപ്പാലിലെ നഗരങ്ങളില്‍ വേറിട്ട സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കുന്നുണ്ട്. പബ്ലിക് ബൈസിക്കിള്‍ ഷെയറിംഗ് പ്രൊജക്റ്റിനോടൊപ്പം തന്നെ ഉദ്ഘാടനം ചെയ്ത ഇത് അഞ്ച് മീറ്റര്‍ വ്യാപ്തിയില്‍ 12 കിലോമീറ്ററിലുള്ള ഒരു ഇടനാഴിയാണ്. 55 കിലോമീറ്ററില്‍ നോണ്‍ മോട്ടോറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടിനായി ഒരു നെറ്റ്‌വര്‍ക്കും നഗരം വികസിപ്പിക്കുന്നുണ്ട്. അടുത്തുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണു കരുതുന്നത്.

Comments

comments

Categories: FK Special