തെക്കേ ഇന്ത്യയില്‍ ഹൈപ്പോ തൈറോയ്ഡിസം വര്‍ധിക്കുന്നു

തെക്കേ ഇന്ത്യയില്‍ ഹൈപ്പോ തൈറോയ്ഡിസം വര്‍ധിക്കുന്നു

ഇന്ത്യയില്‍ ഏകദേശം 42 ദശലക്ഷം ആളുകള്‍ തൈറോയ്ഡ് തകരാറുകള്‍ മൂലം ദുരിതമനുഭവിക്കുന്നവരാണ്.

– ഈ രോഗസ്ഥിതിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി, ഡോക്ടര്‍മാര്‍ നേരത്തെ തന്നെയുളള സ്‌ക്രീനിംഗും ചികില്‍സയും ശുപാര്‍ശ ചെയ്യുന്നു.

കൊച്ചി: ദശലക്ഷക്കണക്കിനുളള പേരുടെ ജീവനു ഭീഷണിയായിത്തീരുന്നതുള്‍പ്പടെ, ഗുരുതര ആരോഗ്യ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്ന ഹൈപ്പോതൈറോയ്ഡിസം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ 200 ദശലക്ഷം പേരെ തൈറോയ്ഡ് സംബന്ധിയായ തകരാറുകള്‍ ബാധിക്കുന്നുവെന്നാണു കണക്കാക്കപ്പെടുന്നത്. ചില രാജ്യങ്ങളിലാകട്ടെ, മിക്കവാറും 50% ആളുകളില്‍ രോഗനിര്‍ണയം ചെയ്യപ്പെടുന്നുമില്ല. ഇന്ത്യയിലും തൈറോയ്ഡ് സംബന്ധിയായ തകരാറുകള്‍ ബാധിച്ചവരുടെ ഗണ്യമായ വര്‍ധനയുണ്ട്.

ബോധവല്‍ക്കരണം നടത്തിയതിനു ശേഷവും, രോഗത്തെക്കുറിച്ചുളള അവബോധവും രോഗനിര്‍ണയവും ഇപ്പോഴും താഴ്ന്ന നിലയില്‍ തന്നെയാണെന്നു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടിംഗ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. പി. ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ആവശ്യമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തൈറോയ്ഡ് ഗ്രന്ഥിക്കു കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗസ്ഥിതിയാണ് ഹൈപ്പോതൈറോയ്ഡിസം. അത് കണ്ടെത്തുന്നതിനു വളരെ എളുപ്പവും ചെലവ് കുറവുമാണെങ്കിലും, രോഗികളെ മിക്കപ്പോഴും കണ്ടെത്തപ്പെടാതെ പോവുകയും ചികില്‍സിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഇത് അവരുടെ മൊത്തത്തിലുളള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു.

മിക്കപ്പോഴും ആളുകള്‍ അവരുടെ രോഗലക്ഷണങ്ങളെ തൈറോയ്ഡ് തകരാറുമായി ബന്ധപ്പെടുത്തുന്നില്ല എന്നതാണ് ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്നത്. സ്ത്രീകളില്‍ തൈറോയ്ഡ് തകരാറുകള്‍ കൂടുതല്‍ സാധാരണമാണ്. തങ്ങളിലുള്ള രോഗലക്ഷണങ്ങള്‍ തൈറോയ്ഡ് തകരാറുകളുടെ ഫലമായി ഉണ്ടായേക്കാവുന്നതാണെന്നതിനെക്കുറിച്ച് സ്ത്രീകളില്‍ പലര്‍ക്കും അറിയില്ല. ഇന്‍ഡ്യയില്‍, മിക്കവാറും മൂന്നിലൊന്നു ഹൈപ്പോ തൈറോയ്ഡ് രോഗികളും അവരുടെ രോഗസ്ഥിതിയെക്കുറിച്ച് അജ്ഞരാണെന്നു ഡോ. പി. ജയപ്രകാശ് പറയുന്നു.

”തൈറോയ്ഡ് രോഗം ഏത് പ്രായത്തിലുമുളള പുരുഷന്‍മാരേയും സ്ത്രീകളേയും ഒരേ പോലെ ബാധിച്ചേക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗം ഉണ്ടാകുന്നതിനു കൂടുതല്‍ സാധ്യത ഉളളതിനാല്‍, തൈറോയ്ഡ് പ്രശ്‌നം ഉണ്ടാകുന്നതിനു സ്ത്രീകള്‍ക്ക് ഏഴിരട്ടി അധിക അപകട സാദ്ധ്യതയുണ്ട്.

ഭാര വര്‍ദ്ധന, തളര്‍ച്ച, ശാരീരിക ദുര്‍ബലത, വരണ്ട ചര്‍മം, വിഷാദം, മുടി പൊഴിയല്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത എന്നിവ ചില രോഗലക്ഷണങ്ങളാണ്. എന്നാല്‍, ആളുകള്‍ ഈ രോഗലക്ഷണങ്ങളെ മറ്റ് രോഗ ലക്ഷണങ്ങളായി മിക്കപ്പോഴും കരുതുന്നു. ഇതുമൂലം തൈറോയ്ഡിനെ രോഗനിര്‍ണയം ചെയ്യപ്പെടാതെ പോകുന്നു. ഇത്തരം സാഹചര്യമാകട്ടെ വിട്ടുമാറാത്ത രോഗസ്ഥിതികളിലുമെത്തിക്കുന്നു”ഡോ. പി. ജയപ്രകാശ് പറഞ്ഞു.

ചികില്‍സിക്കപ്പെടാത്ത ഹൈപ്പോ തൈറോയ്ഡിസം ശാരീരികവും മനോപരവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഗോയിറ്റര്‍, വന്ധ്യത, ജനന വൈകല്യങ്ങള്‍, ക്രമത്തിലല്ലാത്ത വളര്‍ച്ച, വിദ്യാഭ്യാസതലത്തില്‍ താഴ്ന്ന നിലയിലുളള പ്രകടനം, പെരിഫറല്‍ ന്യൂറോപതി, മൈക്‌സീഡിമ എന്നിവ പോലെയുളള നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം; അതിലൂടെ ജീവിത മേന്‍മ മോശമാക്കിത്തീര്‍ക്കുകയും ചെയ്യും. അതിനാല്‍, ആളുകള്‍ക്ക് രോഗലക്ഷണങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതും രോഗം കണ്ടെത്തുന്നുവെങ്കില്‍, അത് അവഗണിക്കാതെ ഒരു എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിക്കേണ്ടതും അത്യാവശമാണ്.

എറണാകുളം വെല്‍കെയര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടിംഗ് എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. ബോബി കെ മാത്യുവിന്റെ അഭിപ്രായത്തില്‍ ”തെക്കേ ഇന്ത്യയില്‍ ഹൈപ്പോ തൈറോയ്ഡിസം വര്‍ധിച്ചു വരുകയാണ്. ആളുകള്‍ പിന്തുടരുന്ന അനാരോഗ്യകരമായ ജീവിത ശീലങ്ങളാണ് ഇന്ന് രോഗത്തിന്റെ ഇത്തരത്തിലുളള വര്‍ധനയ്ക്കു കാരണമായിത്തീരുന്നത്.
കായികമായ പ്രവര്‍ത്തികള്‍, ആരോഗ്യപരമായ ഒരു ഭക്ഷണക്രമം, മതിയായ ഉറക്കം, മനോസമ്മര്‍ദ്ദത്തെ നേരിടുന്നതിന് ഫലപ്രദമായ സമ്പ്രദായങ്ങള്‍ സ്വീകരിക്കല്‍ എന്നിവ ഏറ്റവും മികച്ച രീതിയിലുളള തൈറോയ്ഡ് പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നു ഡോ. ബോബി കെ. മാത്യു പറയുന്നു.

Comments

comments

Categories: FK Special, Life