ഇലക്ട്രിക് വാഹന പ്രോത്സാഹനത്തിന് കച്ച മുറുക്കി കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക് വാഹന പ്രോത്സാഹനത്തിന് കച്ച മുറുക്കി കേന്ദ്ര സര്‍ക്കാര്‍

നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനുമായി ചേര്‍ന്നാണ് കര്‍മ്മ പരിപാടികള്‍ നടപ്പാക്കുന്നത്

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇതനുസരിച്ച് കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കേണ്ട ആവശ്യം വരില്ല. മാത്രമല്ല, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതുമേഖലാ ഊര്‍ജ്ജ കമ്പനികള്‍ സ്ഥാപിക്കും. കൂടാതെ, ഇലക്ട്രിക് ബസ്സുകളിലെയും മറ്റും ചാര്‍ജ് തീര്‍ന്ന ബാറ്ററി തിരികെ നല്‍കി ചാര്‍ജ് ചെയ്തവ ലഭ്യമാക്കുന്നതിന് പ്രധാന മെട്രോ നഗരങ്ങളിലെ ഡിപ്പോകളില്‍ സൗകര്യമൊരുക്കും. 2030 ഓടെ സമ്പൂര്‍ണ്ണ വൈദ്യുത കാര്‍ രാജ്യമായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ചില പ്രധാന പദ്ധതികളാണിവ. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനുമായി ചേര്‍ന്നാണ് ഈ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുന്നത്. 2020 ഓടെ 6-7 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാനാണ് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ പരിശ്രമിക്കുന്നത്.

ആഗോള പ്രവണതകള്‍ക്കനുസരിച്ചാണ് ഭാരതത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. 2040 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ ഫുള്ളി ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ മാത്രമേ നിര്‍മ്മിക്കൂ എന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, 2025 ഓടെ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ മാത്രമേ വില്‍ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നോര്‍വേ തീരുമാനിച്ചിട്ടുണ്ട്. 2025 മുതല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നെതര്‍ലാന്‍ഡ്‌സ് നിരോധിക്കും.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് (ഹൈബ്രിഡ് ആന്‍ഡ്) ഇലക്ട്രിക് വെഹിക്ക്ള്‍സ് അഥവാ ഫെയിം ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇതിനകം പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന നയം രൂപപ്പെടുത്തുന്നത്.

സാങ്കേതികവിദ്യാ വികസനത്തിലും ചാര്‍ജിംഗ് അടിസ്ഥാനസൗകര്യമേഖലയിലുമാണ് ഫെയിം ഇന്ത്യാ കാര്യമായി പ്രവര്‍ത്തിച്ചത്. രണ്ട് നാഴികകല്ലുകളാണ് പ്രധാനമായും താണ്ടേണ്ടതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2020 ഓടെ കുറഞ്ഞത് 6 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം. 2030 ഓടെ വില്‍ക്കുന്ന പുതിയ കാറുകളെല്ലാം ഇലക്ട്രിക് ആയിരിക്കണമെന്നതാണ് മഹത്തായ ലക്ഷ്യം.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജോല്‍പ്പാദക കമ്പനിയായ എന്‍ടിപിസി ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാന മെട്രോ നഗരങ്ങളില്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മറ്റ് പൊതുമേഖലാ ഊര്‍ജ്ജ കമ്പനികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 2.5 ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. ഇത് ഒരു ലക്ഷം രൂപയായി കുറയ്ക്കുകയാണ് ലക്ഷ്യം.

പൊതു ഗതാഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ബാറ്ററിയില്ലാതെ വില്‍ക്കുകയാണെങ്കില്‍ അമ്പത് ശതമാനത്തോളം വില കുറയുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നീട് ബാറ്ററി വാടകയ്‌ക്കെടുക്കുകയും ചാര്‍ജ് തീരുമ്പോള്‍ ബസ് റൂട്ടുകളിലെ ഡിപ്പോകളില്‍പോയി ചാര്‍ജ് ചെയ്ത ബാറ്ററി പകരം വാങ്ങുകയും ചെയ്യാം.

ബാറ്ററികള്‍, പൊതുവായ വാഹന ഘടകങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നാണ് നിതി ആയോഗും കൊളൊറാഡോ ആസ്ഥാനമായ റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാറ്ററി സെല്‍ സാങ്കേതികവിദ്യകളും പാക്കുകളും വികസിപ്പിക്കുന്നതിന് ഈ കണ്‍സോര്‍ഷ്യം സഹായിക്കും. കൂടാതെ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ക്ക് പൊതുവായ വാഹന ഘടകങ്ങള്‍ ഈ കൂട്ടായ്മയില്‍നിന്ന് വാങ്ങാന്‍ കഴിയും.

Comments

comments

Categories: Auto, Slider, Top Stories