കാര്‍ മുത്തശ്ശിക്കു ഷഷ്ടിപൂര്‍ത്തി

കാര്‍ മുത്തശ്ശിക്കു ഷഷ്ടിപൂര്‍ത്തി

ഇന്നും നാലു ലക്ഷത്തിലധികം ആദ്യതലമുറ കാറുകള്‍ നിരത്തിലോടുന്നു

ലോകത്തിലെ യാത്രാവാഹനങ്ങളുടെ ചരിത്രത്തില്‍ ഫിയറ്റ് കാറുകളുടെ സ്ഥാനം രേഖപ്പെടുത്തിയിട്ട് ആറു ദശകം പിന്നിടുന്നു. പല പഴയ കാറുകളുടെയും ആദ്യകാല പതിപ്പുകള്‍ ഇന്ന് മ്യൂസിയങ്ങളിലും വിന്റേജ് കാറുകളുടെ പ്രദര്‍ശനങ്ങളിലും മാത്രം കാണപ്പെടുമ്പോള്‍ ആദ്യ ഫിയറ്റ് മോഡലായ ഫിയറ്റ് 500 ഇന്നും നിരത്തുകളിലെ ഓട്ടം അവസാനിപ്പിച്ചിട്ടില്ല. ഇറ്റലിയിലെ ട്യുറിനില്‍ 1957-ലാണ് ഇവയുടെ ജനനം. 1975 വരെയുള്ള കാലമായിരുന്നു വിപണിയില്‍ ഇവയുടെ പുഷ്‌കലഘട്ടം. ഇതില്‍ നാലു ലക്ഷം ആദ്യ തലമുറ കാറുകള്‍ ഇന്നും ജന്മനാട്ടിലെ നിരത്തുകളിലോടുന്നുവെന്നതു തന്നെയാണ് ഷഷ്ടിപൂര്‍ത്തി വേളയിലും കമ്പനിക്ക് അഭിമാനമാകുന്നത്.

ജിയോവന്നി ആഗ്നെലിയാണ് 1899 ജൂലായില്‍ ഫാബ്രിക്ക ഇറ്റാലിയാന ഓട്ടോമൊബിലി ടോറിനോ എന്ന ഫിയറ്റ് കമ്പനി രൂപീകരിച്ചത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ നിര്‍മ്മിക്കാന്‍ കമ്പനി വീണ്ടും 58 വര്‍ഷമെടുത്തു. ഇവര്‍ നിര്‍മ്മിച്ച കാറുകളുടെ ആകര്‍ഷകരൂപം ഇറ്റലിക്കാരുടെ മനം കവര്‍ന്നു. ഇതിന്റെ പ്രശസ്തി പെട്ടെന്നു കടലുകള്‍ കടന്നു. ട്യുറിനിലെ ഫാക്റ്ററിയില്‍ നിന്ന് ആദ്യകാര്‍ ഇറങ്ങുമ്പോള്‍ ഫിയറ്റ് എന്ന പേര് സ്വീകരിച്ചിരുന്നില്ല. നോവ 500 എന്നായിരുന്നു കമ്പനി ഇറക്കിയ ആദ്യ കാറിന്റെ പേര്. ഒരുകാലത്ത് ഇറ്റാലിയന്‍ കാറുകളുടെ മുഖമുദ്രയായിരുന്നു ഈ വാഹനം. വളരെ ചെറുതും ഓമനത്തം തുളുമ്പുന്നതുമായ കാറിന്റെ രൂപമാണ് എല്ലാവരെയും ഇന്നും ആകര്‍ഷിക്കുന്നത്. പിന്നീട് ഫിയറ്റ് സിന്‍ക്വിസിന്റോ എന്ന പേര് സ്വീകരിച്ച കാര്‍ 18 വര്‍ഷത്തോളം നിരത്തു ഭരിച്ചു. നാല്‍പ്പതു ലക്ഷം മോഡല്‍ കാറുകളാണ് ഇക്കാലയളവില്‍ കമ്പനി ലോകമെമ്പാടും വിറ്റഴിച്ചത്. അപ്പോഴേക്കും ഫിയറ്റ് 500 എന്ന മോഡല്‍ പേരില്‍ ഈ കാറുകള്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ 1975-ല്‍ ഇത് ഫിയറ്റ് 126 എന്ന കാറിനു വേണ്ടി വഴിമാറി. എന്നാല്‍ മുന്‍ഗാമിയെ അപേക്ഷിച്ച് ഇതിനു തീരെ ജനപ്രീതി നേടാനായില്ലെന്നതാണ് സത്യം.

ജിയോവന്നി ആഗ്നെലിയാണ് 1899 ജൂലായില്‍ ഫാബ്രിക്ക ഇറ്റാലിയാന ഓട്ടോമൊബിലി ടോറിനോ എന്ന ഫിയറ്റ് കമ്പനി രൂപീകരിച്ചത്. ഇവര്‍ നിര്‍മ്മിച്ച കാറുകളുടെ ആകര്‍ഷകരൂപം ഇറ്റലിക്കാരുടെ മനം കവര്‍ന്നു. ഇതിന്റെ പ്രശസ്തി പെട്ടെന്നു കടലുകള്‍ കടന്നു. ട്യുറിനിലെ ഫാക്റ്ററിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഫിയറ്റ് എന്ന പേര് സ്വീകരിച്ചിരുന്നില്ല. നോവ 500 എന്നായിരുന്നു കമ്പനി ഇറക്കിയ ആദ്യ കാറിന്റെ പേര്

ഇന്ത്യയിലും കടല്‍ കടന്നെത്തിയ ചെറുകാര്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. 1944-ല്‍ രൂപീകരിക്കപ്പെട്ട പ്രീമിയര്‍ ഓട്ടോലിമിറ്റഡ് ഫിയറ്റ് കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്നാണിത്. ഫിയറ്റ് 1100 ഡിലൈറ്റിന്റെ മാതൃകയില്‍ 1964- ലാണ് മുംബൈയിലെ പ്രീമിയര്‍ ഓട്ടൊമൊബീല്‍ ഫാക്റ്ററിയില്‍ നിന്ന് ആദ്യ ബാച്ച് പദ്മിനി കാറുകള്‍ പുറത്തിറങ്ങിയത്. ആദ്യം ഫിയറ്റ് ടാക്‌സിയെന്ന പേരില്‍ ഇറങ്ങിയിരുന്ന ഈ കാറുകള്‍ 1973-ലാണ് പ്രീമിയര്‍ പദ്മിനിയെന്ന പേരു സ്വീകരിച്ചത്. 13, 14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഇതിഹാസ സമാനയായ ജീവിതത്തിനുടമ റാണി പദ്മിനിയുടെ പേരാണ് ഇന്ത്യന്‍ നിരത്തുകളിലെ മനോഹരിക്കും നല്‍കിയത്. പോളിഷ് ചെയ്‌തെടുത്താല്‍ ഒരു ഫാന്‍സി കളിപ്പാട്ടം പോലെ തിളങ്ങുന്ന കാര്‍. സോപ്പുപെട്ടി പോലെ സുന്ദരമായ ബോഡി. മനോഹരവും വിശാലമെന്നു തോന്നിക്കുന്നതുമായ ഉള്‍ഭാഗം. ഇടവഴികളില്‍പ്പോലും ഓടിക്കാനാകുന്ന കാറിന്റെ ഒതുക്കം. സീലിംഗ് താഴ്ന്നതാണെങ്കിലും ലെഗ് സ്‌പേസ് കൂടുതലുണ്ട്. സ്റ്റീയറിംഗ് വീലിന് ഇടത്തായുള്ള വലിയ ഗിയര്‍. തുറച്ചടക്കലുകള്‍ എളുപ്പമാക്കുന്ന ഡോര്‍ പിടികള്‍ എന്നിവ പ്രീമിയര്‍ പദ്മിനിയുടെ ലാളിത്യവും ജനപ്രിയതയും വെളിവാക്കുന്നു. ലൈസന്‍സ് രാജ് ഭരിച്ചിരുന്ന അക്കാലത്ത്, അംബാസഡര്‍ കാറും പ്രീമിയര്‍ പദ്മിനിയും മാത്രമാണ് ഇന്ത്യയില്‍ ആകെ കിട്ടാനുണ്ടായിരുന്നത്. കുടുംബസമേതം യാത്രചെയ്യാനാകുന്ന ചെറിയ കാര്‍ എന്ന ആശയം ഇന്ത്യയില്‍ എത്തിച്ചത് പ്രീമിയര്‍ പദ്മിനിയാണ്. മാരുതിയുടെ കടന്നുവരവോടെ 1980- കളിലാണ് ഇതിനു മാറ്റം വന്നത്.

ടാക്‌സി സര്‍വീസിനായി മുംബൈ നഗരാധികൃതര്‍ തെരഞ്ഞെടുത്തപ്പോഴാണ് പ്രീമിയര്‍ പദ്മിനി കൂടുതല്‍ ജനകീയമായത്. വലിപ്പക്കുറവും ആകര്‍ഷണീയതയുമാണ് ഇത്തമൊരു തെരഞ്ഞെടുപ്പിലേക്കു നയിച്ചത്. നഗരത്തിരക്കില്‍ എവിടെയും പാര്‍ക്ക് ചെയ്യാം. ഓടിക്കാനുമെളുപ്പം. തുടര്‍ന്നുള്ള രണ്ടു ദശകങ്ങളില്‍ ഈ തീരുമാനത്തെ ശരിവെക്കും വിധം നഗരത്തില്‍ പ്രീമിയര്‍ പദ്മിനി ടാക്‌സികളുടെ എണ്ണം പെരുകി.1990-കളുടെ പകുതി വരെ 65,000 പ്രീമിയര്‍ പദ്മിനി കാറുകളാണ് മുംബൈയില്‍ ടാക്‌സി സര്‍വീസ് നടത്തിയിരുന്നത്. മഞ്ഞ റൂഫും കറുത്ത ബോഡിയും ഉള്ള ഇവ നിരത്തുകള്‍ നിറഞ്ഞോടി. എന്നാല്‍ ഇന്ന് 300 എണ്ണം മാത്രമായി ചുരുങ്ങി. ഇന്നും മഹാനഗരത്തിലെ ദൈനംദിന കാഴ്ചയായ ഇവ പുതിയ പാരിസ്ഥിതിക നിയന്ത്രണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം നിരത്തൊഴിയുകയാണ്. ഇതോടെ ഇന്ത്യന്‍ ജനതയുടെ ഗൃഹാതുരതയായി ഫിയറ്റ് മാറുകയാണ്.

ഇന്നു ലോകമെമ്പാടും നിരത്തിലിറങ്ങുന്ന സിന്‍ക്വിസിന്റോ കാറുകളില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ത്തന്നെയാണുള്ളത്. ഇതിഹാസങ്ങളായി മാറിയ കാറുകളെ നാട്ടുകാരായ ഡ്രൈവര്‍മാര്‍ കൈവശം വെച്ചിരിക്കുന്നത് അഭിമാനചിഹ്നങ്ങളായി പരിഗണിച്ചാണ്. രാജകീയപ്രൗഢിയോടെ കുറെയേറെ ഫിയറ്റ് 500കള്‍ ബ്രിട്ടണിലും വിലസുന്നുണ്ട്. ഇന്നത്തെ കാലത്ത് ഈ കാറുകള്‍ കൊണ്ടു നടക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നു കരുതുന്നവരുണ്ട്. മൈലേജ് തീരെക്കുറഞ്ഞ 479 സിസി എന്‍ജിന്‍ ആണ് ഇവയിലുള്ളതെന്നാണ് ഈ ചിന്തയ്ക്കു കാരണം. 2.75 മീറ്റര്‍ നീളവും 479 കിലോ ഭാരവും 13 കുതിരശക്തിയുമേ ഇതിനുള്ളൂ. 60 വര്‍ഷം മുമ്പ് അതു മതിയായിരുന്നു. എന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യ ദിനേന പുതുക്കുന്ന ഒരു വ്യവസായത്തില്‍ ഇത് കാലഹരണപ്പെടുന്നത് സ്വാഭാവികമാണ്.

ഇന്നു നിരത്തിലുള്ള നാലു ലക്ഷം സിന്‍ക്വിസിന്റോ കാറുകളില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ത്തന്നെയാണുള്ളത്. ഇതിഹാസങ്ങളായി മാറിയ കാറുകളെ നാട്ടുകാരായ ഡ്രൈവര്‍മാര്‍ കൈവശം വെച്ചിരിക്കുന്നത് അഭിമാനചിഹ്നങ്ങളായി പരിഗണിച്ചാണ്. രാജകീയപ്രൗഢിയോടെ കുറെയേറെ ഫിയറ്റ് 500കള്‍ ബ്രിട്ടണിലും വിലസുന്നുണ്ട്

എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട 32 വര്‍ഷത്തിനുശേഷം 2007-ല്‍, കമ്പനിയുടെ 50-ാം വാര്‍ഷികത്തില്‍, ഫിയറ്റ് 500നെ കമ്പനി പുനരവതരിപ്പിച്ചു. ഒതുങ്ങിയതെങ്കിലും മനോഹരമായ രൂപഭംഗിയും ആളുകളെ ആകര്‍ഷിച്ചു. നവീകരിച്ച ഫിയറ്റ് 500 ഏതായാലും വിപണിയില്‍ ചലനം സൃഷ്ടിച്ചു. ഇന്നും ഇവ വിപണിയില്‍ തുടരുന്നു. ഈ പ്രത്യേക എഡിഷന്‍ കാറുകള്‍ പഴയ കാറുകളോട് രൂപത്തില്‍ സാദൃശ്യം പുലര്‍ത്തിയിരുന്നെങ്കിലും മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വലുപ്പം ഉള്ളവയായിരുന്നു. 1957-ല്‍ ഇറക്കിയ ആദ്യ പതിപ്പിനേക്കാള്‍ ഒരു മീറ്റര്‍ നീളവും ഇരട്ടി ഭാരവുമുള്ളവയാണിത്. എങ്കിലും ഇന്നത്തെ അത്യാധുനിക കാറുകളിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും വലുപ്പവും കരുത്തുള്ള എന്‍ജിനും ഇവയ്ക്കില്ല. എന്നാലിത് ഇവയുടെ ജനപ്രീതി നഷ്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 20 ലക്ഷം ഫിയറ്റ് കാറുകളാണ് 100 ലോകരാഷ്ട്രങ്ങളില്‍ വിറ്റഴിക്കപ്പെട്ടത്.

ന്യൂസിലന്‍ഡില്‍ 5000 ഫിയറ്റ് 500 കാറുകളുണ്ട്. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തവയും ഇവിടെത്തന്നെ അസംബിള്‍ ചെയ്തവയും ഇതില്‍ ഉള്‍പ്പെടും. ന്യൂസിലന്‍ഡിലെ ഒറ്റാഹുഹുവിലാണ് ഇവ അസംബിള്‍ ചെയ്തിരുന്നത്. ഇവിടെ നിന്ന് അന്റാര്‍ട്ടിക്കയിലേക്കു കാര്‍ കയറ്റി അയച്ചിരുന്നു. ഒരു ഘട്ടത്തില്‍ പ്രതിവര്‍ഷം 800 കാറുകള്‍ വരെ ഇവിടെ നിര്‍മ്മിച്ചിരുന്നു. 1960 മുതല്‍ ന്യൂസിലന്‍ഡില്‍ ഏറ്റവും വില കുറവുള്ള കാറാണിത്. ഇന്നും ഫിയറ്റ് 500ന്റെ അഞ്ചോളം പതിപ്പുകള്‍ ഇവിടെ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാറുകളില്‍ 14-ാം സ്ഥാനമാണ് ഫിയറ്റ് 500നുള്ളത്. 38,916 ഫിയറ്റ് 500കളാണ് വിറ്റു പോയത്. ജന്മനാടായ ഇറ്റലിയില്‍ ഇന്നും ജനപ്രീതി നിലനിര്‍ത്തുന്ന കാറാണിത്. ഇറ്റലിക്കാരുടെ ഇഷ്ടപ്പെട്ട കാറുകളില്‍ ആറാം സ്ഥാനമാണ് ഫിയറ്റിനുള്ളത്. 45,404 ഈ മോഡല്‍ കാറുകളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ വിറ്റഴിഞ്ഞത്. അറുപതാം വാര്‍ഷികം നേട്ടങ്ങളുടെ പട്ടികയില്‍ അത്ര വലുതൊന്നുമല്ലെങ്കിലും ഫിയറ്റ് 500ന് കാര്‍ വ്യവസായ രംഗത്ത് വലിയ സ്വാധീനമാണുള്ളതെന്ന് കമ്പനിയുടെ ബ്രിട്ടണിലെ മാനേജര്‍ ആഷ്‌ലി ആന്‍ഡ്ര്യൂ പറയുന്നു. ലോകത്ത് ചുരുക്കം കാറുകള്‍ക്കു മാത്രമാണ് തുടക്കത്തിലുള്ള അതേ താല്‍പര്യം ഇപ്പോഴും ആളുകളില്‍ ജനിപ്പിക്കാനാകുന്നുള്ളൂ. അതില്‍ വളരെ കുറച്ചെണ്ണത്തിനു മാത്രമേ ആറു ദശകത്തോളം മറ്റുള്ളവരില്‍ പ്രചോദനം നിറയ്ക്കാനാകൂവെന്ന അദ്ദേഹത്തിന്റെ വാചകങ്ങള്‍ ഫിയറ്റിന്റെ കാര്യത്തില്‍ എത്ര അര്‍ത്ഥവത്താണെന്നു നോക്കൂ.

ഫിയറ്റ് 500ന്റെ പുതിയ, വ്യത്യസ്ത പതിപ്പുകള്‍ ഇറക്കാനൊരുങ്ങുകയാണ് കമ്പനി. ആനിവേഴ്‌സറിയോ എഡിഷന്‍ എന്ന പേരില്‍ രണ്ടു നിറങ്ങളിലുള്ള കാറുകളും അവതരിപ്പിക്കുന്നുണ്ട്. പഴമയെ അനുസ്മരിപ്പിക്കുന്ന സിസിലിയ ഓറഞ്ച്, റിവിയെറ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഇവ ലഭിക്കുക. ഇതിനു പുറമെ സ്മരണികാ സ്റ്റാംപും ഓസ്‌കര്‍ ജേതാവ് ആഡ്രിയെന്‍ ബ്രോഡി അഭിനയിച്ച ഒരു ഹ്രസ്വചിത്രവും റിലീസ് ചെയ്തിട്ടുണ്ട്

വിപുലമായ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫിയറ്റ് 500ന്റെ പുതിയ, വ്യത്യസ്ത പതിപ്പുകള്‍ ഇറക്കാനൊരുങ്ങുകയാണ് കമ്പനി. അടിസ്ഥാന സൗകര്യങ്ങളുള്ള സാദാ മോഡല്‍ മുതല്‍ 101 കുതിരശക്തിയുള്ള 1.4 ലിറ്റര്‍ എന്‍ജിനുമുള്ള അബര്‍ത് ട്രിം വരെ. ഇതിന്റെ അതിശക്തമായ ടര്‍ബോ യൂണിറ്റ് 160 കുതിരശക്തി വരെ പ്രദാനം ചെയ്യും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആനിവേഴ്‌സറിയോ എഡിഷന്‍ എന്ന പേരില്‍ രണ്ടു നിറങ്ങളിലുള്ള കാറുകളും അവതരിപ്പിക്കുന്നുണ്ട്. പഴമയെ അനുസ്മരിപ്പിക്കുന്ന സിസിലിയ ഓറഞ്ച്, റിവിയെറ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഇവ ലഭിക്കുക. 16 ഇഞ്ച് പിന്‍ചക്രങ്ങള്‍, 1960-കളിലെ കാറുകളെ ഓര്‍മ്മിപ്പിക്കുന്ന ആനിവേഴ്‌സറിയോ മുദ്ര അടയാളപ്പെടുത്തിയ വാലറ്റം എന്നിവ ഇവയ്ക്കുണ്ടായിരിക്കും. ഇതിനു പുറമെ സ്മരണികാ സ്റ്റാംപും പുറത്തിറക്കുന്നുണ്ട്. ഇതില്‍ 1957-ല്‍ പുറത്തിറക്കിയ ആദ്യ കാറും 2017-ലെ പുതിയ പതിപ്പുകളുടെയും ചിത്രങ്ങളുണ്ടാകും. പത്തുലക്ഷം സ്റ്റാംപുകളാണ് ഇറക്കുക. ഇതോടൊപ്പം ഓസ്‌കര്‍ ജേതാവ് ആഡ്രിയെന്‍ ബ്രോഡി അഭിനയിച്ച ഒരു ഹ്രസ്വചിത്രവും റിലീസ് ചെയ്തിട്ടുണ്ട്. സീ യു ഇന്‍ ദ് ഫ്യൂച്ചര്‍ എന്ന പേരിലുള്ള ചിത്രം യൂട്യൂബില്‍ കാണാം.

Comments

comments

Categories: Auto, FK Special
Tags: fiat car