നല്ല ഭക്ഷണം തേടി…ദുബായിലേയും ഷാര്‍ജയിലേയും ബെസ്റ്റ് ബിരിയാണി കണ്ടെത്തി രണ്ട് സുഹൃത്തുക്കള്‍

നല്ല ഭക്ഷണം തേടി…ദുബായിലേയും ഷാര്‍ജയിലേയും ബെസ്റ്റ് ബിരിയാണി കണ്ടെത്തി രണ്ട് സുഹൃത്തുക്കള്‍

ഏഴ് മാസം കൊണ്ട് 54 റസ്‌റ്റോറന്റുകളാണ് ഇവര്‍ സന്ദര്‍ശിച്ചത്

ദുബായ്: ദുബായിലേയും ഷാര്‍ജയിലേയും ഏറ്റവും മികച്ച ബിരിയാണി കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു രണ്ട് സുഹൃത്തുക്കള്‍. 2016 സെപ്റ്റംബറില്‍ ആരംഭിച്ച അവരുടെ ഓട്ടം കഴിഞ്ഞ ദിവസം സില്‍വര്‍ സ്പൂണ്‍ റസ്റ്റോറന്റില്‍ ചെന്നാണ് അവസാനിച്ചത്.

മൊഹമ്മദ് സുല്‍ത്താന്‍ താനിയും മജെദ് അല്‍ ഷംസിയുമാണ് രണ്ട് നഗരങ്ങളിലേയും ഏറ്റവും മികച്ച മട്ടണ്‍ ബിരിയാണി കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങിയത്. ഏഴ് മാസം കൊണ്ട് അവര്‍ രുചിച്ച് നോക്കിയ ബിരിയാണിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഇവരുടെ പ്രവര്‍ത്തനത്തിന് പിന്തുണ കൂടി. 60,000 പേരെയാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആകര്‍ഷിച്ചത്.

സോഷ്യല്‍ മീഡിയയിലെ അവരുടെ ഫോളോവേഴ്‌സിനോട് അവരുടെ പ്രിയപ്പെട്ട ബിരിയാണി റസ്റ്റോറന്റ് തിരക്കിയാണ് ഇരു കൂട്ടുകാരും അവരുടെ ഉദ്യമത്തിന് തുടക്കമിട്ടത്. ലഭിച്ച ആയിരക്കണക്കിന് നിര്‍ദേശങ്ങളില്‍ നിന്ന് 54 റസ്‌റ്റോറന്റുകള്‍ ഇരുവരും സന്ദര്‍ശിച്ചു. ഇതില്‍ നിന്ന് ഏറ്റവും മികച്ച അഞ്ച് റസ്‌റ്റോറന്റുകളെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ റസ്റ്റോറന്റുകളില്‍ നിരവധി തവണ സന്ദര്‍ശിച്ച് ഫോളോവേഴ്‌സിന്റെ ആഭിപ്രായം ചോദിച്ചതിന് ശേഷമാണ് ഏറ്റവും മികച്ച ബിരിയാണിക്കട കണ്ടെത്തിയത്.

രുചി, ബിരിയാണിയില്‍ ചേര്‍ത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരം, വൃത്തി, വില തുടങ്ങിയ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് മികച്ചതിനെ കണ്ടെത്തിയത്. ഷാര്‍ജയിലെ അല്‍ യാര്‍മൂക് മേഖലയിലാണ് സില്‍വര്‍ സ്പീണ്‍ റസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്. 15 ദിര്‍ഹത്തിനാണ് ഇവര്‍ ബിരിയാണി വില്‍ക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 63,000 ഫോളോവേഴ്‌സും സ്‌നാപ്ചാറ്റില്‍ 35,000 ഫോളോവേഴ്‌സുമാണ് ഇവര്‍ക്കുള്ളത്. ബെസ്റ്റ് ബിരിയാണി എന്ന ഹാഷ് ടാഗിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മറ്റു നഗരങ്ങളില്‍ ഏറ്റവും മികച്ച ബിരിയാണി ലഭിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.

Comments

comments

Categories: Arabia