അശാസ്ത്രീയമായ ചികിത്സാ രീതികള്‍

അശാസ്ത്രീയമായ ചികിത്സാ രീതികള്‍

ബോധവത്ക്കരണവും നാഡീരോഗികള്‍ക്ക് സാന്ത്വനവുമൊരുക്കി ന്യൂറോളജിസ്റ്റുകള്‍

കൊച്ചി: സമൂഹത്തെ വഴി തെറ്റിക്കുന്ന അശാസ്ത്രീയമായ നാഡീ രോഗ ചികിത്സാ രീതികള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പിന്തുണയും സാന്ത്വനവും ഏര്‍പ്പെടുത്താന്‍ കേരളത്തിലെ ന്യൂറോളജിസ്റ്റുകള്‍.

പക്ഷാഘാതത്തിനും അപസ്മാരത്തിനും പേശീക്ഷയത്തിനുമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ ചികിത്സകള്‍ കുറഞ്ഞചെലവില്‍ കേരളത്തില്‍ ലഭ്യമാണെങ്കിലും അഭ്യസ്തവിദ്യരായ വ്യക്തികള്‍ പോലും ചൂഷണത്തിനു വിധേയരാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ന്യറോളജിസ്റ്റുകള്‍ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതെന്ന് പ്രമുഖ ന്യൂറോളജിസ്റ്റുമാരായ ഡോ. മാത്യു ഏബ്രഹാം, ഡോ. റെജി പോള്‍, ഡോ. കെ പി വിനയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്‌സുകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 7, 8, 9 തിയതികളിലായി എറണാകുളം ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം മണ്‍സൂണ്‍ സമ്മിറ്റ് 2017 നോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിലാണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഏബ്രഹാം, സെക്രട്ടറി ഡോ. റെജി പോള്‍, അക്കാഡമിക്ക് കോഓര്‍ഡിനേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ തങ്ങളുടെ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചത്. 2001 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്‌സിന്റെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ തലം മുതല്‍ തന്നെ നാഡീസംബന്ധമായ ശാസ്ത്രീയ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്്. അന്താരാഷ്ട്ര ബ്രെയിന്‍ ബി മത്സരം ഇതിന്റെ ഭാഗമാണ്. നാഡീവിദഗ്ധരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ബിരുദാനന്തര ബിരുദ തലത്തില്‍ പരിശീലന കോഴ്‌സുകളും നടത്തി വരുന്നു. കൂടാതെ കേരളത്തിലെ ഞരമ്പുരോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ ധനസഹായവും നല്‍കി വരുന്നുണ്ട്.

പക്ഷാഘാതം, ഓര്‍മക്കുറവ്, പേശീക്ഷയം, മസ്തിഷ്‌ക്കാഘാതം തുടങ്ങിയ രോഗങ്ങള്‍ മൂലം വിഷമമനുഭവിക്കുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി സപ്പോര്‍ട്ട് സര്‍വീസുകള്‍ നടത്തിവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വോളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളുടെ സേവനവും സഹകരണവും ഉണ്ടെങ്കിലേ മുന്നോട്ടുപോകാനാവൂ എന്ന് ഡോ.റെജി പോള്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ സേവനം ചെയ്യുന്ന 150 ഓളം ന്യൂറോളജിസ്റ്റുകള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്. ലോകോത്തര നിലവാരമുള്ള ഡോക്ടര്‍മാരുടെ ഗവേഷണ പരിചയവും വൈദഗ്ധ്യവും നേരിട്ടിടപഴകി ഇന്ത്യന്‍ ഡോക്ടര്‍മാരും സ്വായത്തമാക്കുക എന്നതിനൊപ്പം ഇന്ത്യന്‍ ചികിത്സാ രീതി വിദേശികള്‍ക്കും മനസിലാക്കിക്കൊടുക്കുക എന്നതാണ് അന്താരാഷ്ട്ര സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഡോ. കെ പി വിനയന്‍ പറഞ്ഞു.

500 ഓളം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്നലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നവനിതി പ്രസാദ് സിംഗ് ഉദ്ഘാടനം ചെയ്തു.

Comments

comments

Categories: World

Related Articles