ടെസ്ലയുടെ മൂല്യത്തില്‍ നേരിയ ഇടിവ്, വോള്‍വോ വെല്ലുവിളിയാകുമോ?

ടെസ്ലയുടെ മൂല്യത്തില്‍ നേരിയ ഇടിവ്, വോള്‍വോ വെല്ലുവിളിയാകുമോ?

പൂര്‍ണമായും ഇലക്ട്രിക് ആകാനുള്ള വോള്‍വോയുടെ തീരുമാനം ടെസ്ലയ്ക്ക് വെല്ലുവിളി ആകുമോയെന്നാണ് വിപണി നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും മൂല്യമുള്ള ഓട്ടോ ബ്രാന്‍ഡാണ് ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല. അതിഗംഭീര കുതിപ്പാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്ല ഓഹരികള്‍ നടത്തുന്നത്. ഈ വര്‍ഷം ടെസ്ലയുടെ ഓഹരിയിലുണ്ടായത് 50 ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ വ്യാഴാഴ്ച്ച് ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചത് കമ്പനിക്ക് തിരിച്ചടിയായി. 2016ന് ശേഷം ടെസ്ലയുടെ മോശം ആഴ്ച്ചയായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. 13 ശതമാനത്തില്‍ അധികമാണ് ഈ ആഴ്ച്ചയിലെ ഇടിവ്.

പാളോ ആള്‍ട്ടോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെസ്ല ഡിസംബറോട് കൂടി 20,000 മോഡല്‍ 3 കാറുകള്‍ പ്രതിമാസം നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിങ്കളാഴ്ച്ച് ഇലോണ്‍ മസ്‌ക് ഇത് ട്വീറ്റ് ചെയ്തു. ടെസ്‌ലയുടെ ഏറ്റവും ചെലവുകുറഞ്ഞ ഇലക്ട്രിക് കാറാണ് മോഡല്‍ 3. ഈ മാസം മുതല്‍ ഇത് ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങുമെന്ന് ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുപ്പത് മോഡല്‍ 3 കോംപാക്റ്റ് സെഡാന്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ഈ മാസം 28 ന് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.

35,000 ഡോളറാണ് മോഡല്‍ 3 യുടെ അടിസ്ഥാന വില. ഏകദേശം 23 ലക്ഷം രൂപ വരും ഇത്. നാല് ലക്ഷം ഓര്‍ഡറുകളാണ് മോഡല്‍ 3 ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. രണ്ടാം പാദത്തില്‍ 22,000 കാറുകള്‍ തങ്ങള്‍ ഡെലിവര്‍ ചെയ്‌തെന്നാണ് മസ്‌ക് തിങ്കളാഴ്ച്ച വ്യക്തമാക്കിയത്.

അതേസമയം 2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ആയിരിക്കുമെന്ന് ബുധനാഴ്ച്ച വോള്‍വോ കാര്‍സ് പ്രഖ്യാപിച്ചത് ടെസ്ലയ്ക്ക് വെല്ലുവിളി ആയേക്കും. കാറുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കുറച്ചുകൊണ്ടുവരുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വോള്‍വോയുടെ നീക്കം. ഇലക്ട്രിക് കാര്‍ വിപണിയിലെ രാജാവായി വിലസിയിരുന്ന ഇലോണ്‍ മസ്‌ക്കിനെ വോള്‍വോയുടെ വരവ് ഏത്് തരത്തില്‍ ബാധിക്കുമെന്നത് ഇപ്പോള്‍ വ്യക്തമല്ല. ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറുന്നതോടെ വിപണിയിലെ സമവാക്യങ്ങളും മാറുമെന്നത് തീര്‍ച്ച.

Comments

comments

Categories: Auto