സയ്ക് മോട്ടോര്‍ ഗുജറാത്തില്‍ 2,000 കോടി രൂപയുടെ പ്ലാന്റ് നിര്‍മിക്കും

സയ്ക് മോട്ടോര്‍ ഗുജറാത്തില്‍ 2,000 കോടി രൂപയുടെ പ്ലാന്റ് നിര്‍മിക്കും

ചൈനീസ് ഭീമന്‍ ഗുറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ഹലൊലിനാണ് പ്ലാന്റ് വരുന്നത്

ഗാന്ധിനഗര്‍: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബീല്‍ സ്ഥാപനവും ലോകത്തെ വന്‍കിട കോര്‍പറേഷനുകളിലൊന്നുമായ സയ്ക് (എസ്എഐസി-SAIC) മോട്ടോര്‍ കോര്‍പറേഷന്‍ ഗുജറാത്തില്‍ നിക്ഷേപിക്കുന്നത് 2,000 കോടി രൂപ.

ഗുജറാത്തിലെ പഞ്ചമഹല്‍സ് ജില്ലയില്‍, ഹലൊല്‍ പ്രദേശത്താണ് കമ്പനി പാസഞ്ചര്‍ കാര്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഗുജറാത്ത് സര്‍ക്കാരും സയ്ക് അധികൃതരും ഒപ്പുവെച്ചു. മുഖ്യമന്ത്രി വിജയ് രുപാനിയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. മുമ്പ് ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റ് നിലനിന്നിരുന്ന സ്ഥലത്തായിരിക്കും സയ്ക്കിന്റെയും പ്ലാന്റെന്ന് ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഡസ്ട്രി ആന്‍ഡ് മൈന്‍സ്) എം കെ ദാസ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷംകൊണ്ടാണ് സയ്ക് 2,000 കോടി രൂപ നിക്ഷേപിക്കുക. 2019ല്‍ ഈ പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദനം തുടങ്ങും. സംസ്ഥാനത്ത് 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. എംജി ബ്രാന്‍ഡിലുള്ള കാറുകളായിരിക്കും ഇവിടെ നിര്‍മിക്കുക.

ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 46-ാം റങ്കുള്ള സയ്ക്കിന്റെ വാര്‍ഷിക വരുമാനം 10,000 കോടി ഡോളറാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയിലേക്ക് വരുന്നതില്‍ കമ്പനി നേരത്തെ അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു. 2020 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബീല്‍ സ്ഥാപനമാകും കമ്പനിയെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. മോറിസ് ഗാരേജസ് (എംജി) ബ്രാന്‍ഡിനു കീഴില്‍ പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയാണ് സയ്ക് മോട്ടോര്‍ ഇന്ത്യയ്ക്കായി വിഭാവനം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു.

പുതു ഊര്‍ജ്ജ വാഹനങ്ങളുടെ വികസനത്തിന് ആവശ്യമായ നൂതന സാങ്കേതിക വിദ്യകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നൂതനവും നിലവാരമുള്ളതുമായ ബ്രിട്ടീഷ് രൂപകല്‍പ്പനയും സന്തോഷകരമായ ഉടമസ്ഥാവകാശവും സംയോജിപ്പിച്ചുകൊണ്ടുള്ള വാഹന നിര എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

1924ല്‍ ബ്രിട്ടീഷ് റേസിംഗ് സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡായി ഇറക്കിയ എംജി കഴിഞ്ഞ 93 വര്‍ഷത്തിനിടെ ഏറ്റവും നൂതനാത്മകമായ ആഗോള ബ്രാന്‍ഡുകളിലൊന്നായി മാറുക ആയിരുന്നു.

യൂറോപ്പിലും മറ്റ് ആഗോള ഡിസൈന്‍ കേന്ദ്രങ്ങളിലും നടക്കുന്ന എംജി ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും എന്‍ജിനീയറിംഗും ന്ത്യന്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഇവിടേക്കും പകര്‍ത്തുമെന്ന് കമ്പനി അറിയിച്ചു. പൂര്‍ണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ‘എംജി മോട്ടോര്‍ ഇന്ത്യ’ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സീനിയര്‍ തലത്തിലെ ചില പ്രധാന നിയമനങ്ങളും അടുത്തിടെ സയ്ക് പ്രഖ്യാപിച്ചിരുന്നു. രണ്ടു ദശകങ്ങളായി ഓട്ടോമൊബീല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭനായ രാജീവ് ചബയാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററും.

കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിച്ചിരിക്കുന്നത് പി ബാലേന്ദ്രനെയാണ്. ആഗോള ഓട്ടോമൊബീല്‍ കമ്പനികളില്‍ 18 വര്‍ഷം മുതിര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ബാലേന്ദ്രന്‍ വരുന്നത്. ഇന്ത്യയിലും വിദേശത്തുമായി മറ്റ് നിരവധി കമ്പനികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Auto