കാര്‍ഡ്, ഓണ്‍ലൈന്‍ പേമെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ

കാര്‍ഡ്, ഓണ്‍ലൈന്‍ പേമെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ

ഉപഭോക്താക്കളുടെ ബാധ്യതകള്‍ പരിമിതപ്പെടുത്തും

മുംബൈ: രാജ്യത്തെ ഇലക്ട്രോണിക്‌സ് പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് റിസര്‍വ് ബാങ്ക്. കാര്‍ഡ്, ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുണ്ടാകുന്ന നഷ്ടത്തിന്റെ ബാധ്യതയില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതിനായി സീറോ ലയബിലിറ്റി, ലിമിറ്റഡ് ലയബിലിറ്റി സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്.

എല്ലാ ഉപയോക്തക്കളെയും ടെക്‌സ്റ്റ് അലര്‍ട്ട് മെസേജുകള്‍ക്കായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് ബാങ്കുകളോട് കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത ഇടപാടുകളെക്കുറിച്ച് മുന്നറിയിപ്പു സന്ദേശം നല്‍കുന്നതിനും ആര്‍ബിഐ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും.

വ്യാജ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള കരട് സര്‍ക്കുലര്‍ 2016 ഓഗസ്റ്റിലാണ് തയാറാക്കിയത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് ആര്‍ബി ഐ അന്തിമ രൂപം നല്‍കിയിരിക്കുകയാണ്. ബാങ്കുകള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ആര്‍ബിഐ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്ക് എക്കൗണ്ടുകളുമായി മൊബീല്‍ നമ്പറുകള്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനൊപ്പം അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികള്‍ അവലോകനം ചെയ്യുകയും ചെയ്‌തെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടപാടുകളെയും ഇലക്ട്രോണിക് പേമെന്റ് സംവിധാനമുപയോഗിച്ച് സ്‌റ്റോറുകളില്‍ നിന്നും നടത്തുന്ന ഫേസ്-ടു-ഫേസ് ഇടപാടുകളെയും കൂടുതല്‍ സംരക്ഷിതമാക്കുന്ന വിധത്തിലുള്ളതാണ് പുതിയ വിജ്ഞാപനം. ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് നല്‍കുന്ന ടെക്സ്റ്റ് മെസേജുകള്‍ക്ക് റിപ്ലേ നല്‍കുന്നതിനു പുറമെ ആര്‍ബിഐയുടെ ഹോം പേജിലും അനധികൃത ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മാത്രവുമല്ല, ഫോണ്‍ ബാങ്കിംഗ്, എസ്എംഎസ്, ഇ-മെയ്ല്‍, കോള്‍ സെന്റര്‍, ഇന്‍ട്രാക്റ്റീവ് വോയിസ് പ്രതികരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള അശ്രദ്ധ, അല്ലെങ്കില്‍ തട്ടിപ്പു മൂലം ഉപഭോക്താക്കള്‍ക്ക് നഷ്ടം വന്നാല്‍ ഉപയോക്താക്കള്‍ക്ക് ബാധ്യതയൊന്നും ഉണ്ടാവുകയില്ല (സീറോ ലയബിലിറ്റി ). ബാങ്ക് ഇടപെടലില്ലാതെ ഒരു മൂന്നാം കക്ഷിയുടെ ഭാഗത്തു നിന്നും വിശ്വാസ വഞ്ചനയുണ്ടായാല്‍ അതിലും ഉപഭോക്താവിന് ബാധ്യതയുണ്ടായിരിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനധികൃത ഇടപാടുകള്‍ നടന്നതിനു ശേഷം മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഒരു മൂന്നാം കക്ഷിയുടെ ഭാഗത്തു നിന്നും തട്ടിപ്പു നടന്നാല്‍ അതില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കും.

പരിമിതമായ ബാധ്യത (ലിമിറ്റഡ് ലയബിലിറ്റി എന്ന പുതിയ ആശയവുമായി ബന്ധപ്പെട്ടാണ് ബാങ്കുകള്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. എന്നാല്‍ ഒരു ഉപഭോക്താവിന്റെ അശ്രദ്ധ മൂലമോ അബദ്ധത്തിലോ തന്റെ പിന്‍ നമ്പറോ പാസ് വേര്‍ഡോ പങ്കുവെക്കപ്പെട്ടാല്‍ അതുമൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ബാധ്യതയെപ്പറ്റിയാണ് ഇത് വിശദീകരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനധികൃത ഇടപാട് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വരെ മുഴുവന്‍ നഷ്ടപരിഹാരവും ഉപഭോക്താവ് തന്നെ വഹിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. അനധിക-ത ഇടപാടിനെ കുറിച്ച് സന്ദേശം ലഭിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എങ്കിലും ഇത്തരം ഇടപാടുകളിലൂടെ ബേസിക് സേവിഗ്‌സ് എക്കൗണ്ട് ഉപഭോക്താവിന് പരമാവധി ബാധ്യത 5000 രൂപയില്‍ കൂടുതല്‍ നഷ്ടമാകരുത് എന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. എന്നാല്‍ മറ്റ് എക്കൗണ്ടുകളില്‍ ഇത് 10,000 രൂപയായിരിക്കും.

Comments

comments

Categories: Banking