നാക്: ഇനി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കിടാം

നാക്: ഇനി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കിടാം

യൂണിവേഴ്‌സിറ്റികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്രഡിറ്റേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങളുമായി നാക്

ന്യൂഡെല്‍ഹി: വിദേശ യൂണിവേഴ്‌സ്റ്റികളിലെ വിദ്യാര്‍ത്ഥികളുടേതു പോലെ ഇന്ത്യയിലെ കാംപസ് വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തെ വിലയിരുത്തുന്നതിന് അവസരം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിനും അക്രഡിറ്റേഷന്‍ നല്‍കുന്നതിനുമുള്ള നടപടികളില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്ന തരത്തില്‍ പരിഷ്‌കരണം നടപ്പാക്കുകയാണ് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്). ഈ വര്‍ഷം മുതല്‍ നാക് അംഗീകാരം നല്‍കുുന്നതില്‍ 20 ശതമാനം വെയ്‌റ്റേജ് ഓണ്‍ലൈന്‍ സ്റ്റുഡന്റ് സാറ്റിസ്ഫാക്ഷന്‍ സര്‍വേ (എസ്എസ്എസ്)യ്ക്ക് ഉണ്ടായിരിക്കും.

അംഗീകാരം നല്‍കുന്നതിനായി സ്ഥാപനങ്ങളെ വിലയിരുത്തുന്ന പ്രവര്‍ത്തനത്തില്‍ അഴിമതി നടക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് നാക് പുതിയ പരിഷ്‌കരണത്തിനൊരുങ്ങുന്നത്. പൂര്‍ണമായും ഡിജിറ്റലാക്കിയ പുതിയ സംവിധാനമാണ് ഇതിനായി അവതരിപ്പിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിലും അവര്‍ക്ക് ഗ്രേഡ് നല്‍കുന്നതിലുമൊക്കെ ഈ സര്‍വേയുടെ ഫലം പരിഗണിക്കും. അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷ നല്‍കാന്‍ യൂണിവേഴ്‌സറ്റികള്‍ക്കുള്ള അവസരം വ്യാഴാഴ്ച കൗണ്‍സില്‍ പുനരാരംഭിച്ചു.

താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിശോധിക്കാന്‍ മാര്‍ച്ചില്‍ മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നത്. പുതിയ മാനദണ്ഡ പ്രകാരം പരിശോധനാ സംഘത്തിന്റെ മൂല്യനിര്‍ണയത്തിന് 20 ശതമാനം വെയ്‌റ്റേജാണ് ലഭ്യമാകുന്നത്. മുന്‍കാലങ്ങളില്‍ ഒരു സ്ഥാപനത്തിന്റെ ഗ്രേഡ് നിര്‍ണയിക്കുന്നത് 100 ശതമാനവും പരിശോധന സംഘത്തിന്റെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ ഒരു സ്ഥാപനത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ പ്രതികരണം നിര്‍ബന്ധിതമാണ് എന്നതിനു പുറമേ പ്രധാന മാനദണ്ഡവുമാണ്. ഇടക്കാല ആഭ്യന്തര റാങ്കിംഗിനും പല യൂണിവേഴ്‌സിറ്റികളും ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. എസ്എസ്എ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളുടെ ഇ-മെയ്ല്‍ ഐഡി നല്‍കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓണ്‍ലൈന്‍ സര്‍വ്വേ സംഘടിപ്പിക്കുന്നത്. ‘നാക് മൂല്യനിര്‍ണയത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിക്കുന്നത്”- യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ചെയര്‍പേഴ്‌സണ്‍ വിരേന്ദ്രര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.

മാര്‍ച്ചില്‍ നാക് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താലാക്കിയതിനു ശേഷം ഏപ്രിലില്‍ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടി ഡെല്‍ഹിയില്‍ ഒരു അടയന്തിര യോഗം ചേര്‍ന്നിരുന്നു. ഓഗസ്റ്റു മുതല്‍ കോളെജുകള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Education, World