എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്‍ഡിഗോ

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്‍ഡിഗോ

ഇന്‍ഡിഗോ സ്വന്തം നിലയ്ക്കും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്

മുംബൈ: പൊതുമേഖലയിലെ പാസഞ്ചര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബജറ്റ് പാസഞ്ചര്‍ എയര്‍ലൈനായ ഇന്‍ഡിഗോ പറഞ്ഞു. കമ്പനിയുടെ ദീര്‍ഘദൂര വിമാനങ്ങള്‍ക്കായുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇതു സഹായിച്ചേക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. എന്നിരുന്നാലും സര്‍ക്കാരുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭത്തിന് കമ്പനിക്ക് താല്‍പര്യമില്ല.

ഇന്‍ഡിഗോയുടെ സ്ഥാപകരായ രാകേഷ് ഗാന്‍ഗ്വാള്‍, രാഹുല്‍ ഭാട്ടിയ എന്നിവര്‍ നല്‍കുന്ന വിവരം എയര്‍ ഇന്ത്യയുടെ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുണ്ടെന്നാണ്. അന്താരാഷ്ട്ര സേവനത്തില്‍ ചെലവു ചുരുക്കി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ചാണ് ഇന്‍ഡിഗോ ചിന്തിക്കുന്നത്. നിക്ഷേപകരുമായു വിദഗ്ദരുമായും സംസാരിക്കുന്നതിനിടെയാണ് ഇന്‍ഡിഗോ സ്ഥാപകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എയര്‍ ഇന്ത്യയുടെ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ശൃംഖലയ്ക്ക് ഏറെ നിര്‍ണായകമായ ഒന്നാണെന്ന് രാഹുല്‍ ഭാട്ടിയ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലുതും ലാഭകരവുമായ എയര്‍ലൈനാണ് ഇന്‍ഡിഗോ.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കൃത്യമായ ലാഭം നേടിയെടുക്കുന്നതിന് സാധിക്കാത്ത ഒരു സ്ഥാപനമാണ് എയര്‍ ഇന്ത്യ. മാത്രവുമല്ല, 500 ബില്ല്യണ്‍ രൂപയുടെ (7.7 ബില്ല്യണ്‍ ഡോളറിന്റെ) കടബാധ്യതയും എയര്‍ ഇന്ത്യയ്ക്കുണ്ട്.

ഇന്‍ഡിഗോയുടെ ഓപ്പറേറ്റര്‍മാരായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന് ജൂണ്‍ അവസാനത്തിലെ രണ്ടു ദിവസത്തില്‍ ഓഹരി വിപണിയിലുണ്ടായ എട്ട് ശതമാനം ഇടിവ് ഈയാഴ്ച തിരികെ പിടിക്കാനായിട്ടുണ്ട്. കമ്പനിയുടെ ഓഹരികള്‍ 1.3 ശതമാനം വളര്‍ച്ചയോടെ 1,232.25 രൂപ മൂല്യത്തിലെത്തിയിട്ടുണ്ടിപ്പോള്‍. എയര്‍ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയെ ഏറെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തുന്നതിനു വേണ്ടി കമ്പനിയുടെ ഓഹരികള്‍ വില്‍ക്കുന്നതു സംബന്ധിച്ച് നിതി ആയോഗ് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേത്തുടര്‍ന്നുണ്ടായ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം എയര്‍ഇന്ത്യയുടെ ഓഹരികളില്‍ ഇന്‍ഡിഗോ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു പുറമേ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇന്‍ഡിഗോ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഗാന്‍ഗ്വാള്‍ കൂട്ടിച്ചേര്‍ത്തു. ക്രമേണയായിരിക്കും അന്തര്‍ദേശീയ തലത്തില്‍ ചെലവു കുറഞ്ഞ വിധത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Comments

comments

Categories: Business & Economy

Related Articles