പുതുചരിത്രമെഴുതി മുംബൈയിലെ താജ്പാലസ്

പുതുചരിത്രമെഴുതി മുംബൈയിലെ താജ്പാലസ്

ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്, പാരിസിലെ ഈഫെല്‍ ടവര്‍, സിഡ്‌നിയിലെ ഒപ്പറ ഹൗസ് തുടങ്ങിയ വമ്പന്‍മാര്‍ മാത്രമടങ്ങിയ ഒരു എലിറ്റ് ഗ്രൂപ്പിലേക്കാണ് താജ് പാലസിനും എന്‍ട്രി ലഭിച്ചിരിക്കുന്നത്

പലര്‍ക്കും പലപ്പോഴും ഒരു വിസ്മയമാണ് താജ് മഹല്‍ പാലസ്. മുംബൈയുടെ അഭിമാനമായി തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന 114 വര്‍ഷത്തിന്റെ പ്രൗഢി വിളിച്ചോതുന്ന താജ് പാലസ് പുതിയൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. ട്രേഡ്മാര്‍ക്ക് റജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കെട്ടിടമെന്ന ഖ്യാതിയാണ് താജ് പാലസ് ഹോട്ടല്‍ അടുത്തിടെ നേടിയത്.

ലോകത്ത് തന്നെ അത്യപൂര്‍വമാണ് ട്രേഡ്മാര്‍ക്കഡ് പ്രോപ്പര്‍ട്ടികള്‍. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്, പാരിസിലെ ഈഫെല്‍ ടവര്‍, സിഡ്‌നിയിലെ ഒപ്പറ ഹൗസ് തുടങ്ങിയ വമ്പന്‍മാര്‍ മാത്രമടങ്ങിയ ഒരു എലിറ്റ് ഗ്രൂപ്പിലേക്കാണ് താജ് പാലസിനും ഇപ്പോള്‍ എന്‍ട്രി ലഭിച്ചിരിക്കുന്നത്.

1999ലാണ് ട്രേഡ്മാര്‍ക്ക് ആക്റ്റ് നിലവില്‍ വരുന്നത്. എന്നാല്‍ ഇതിനു ശേഷം ഒരു ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഇതുവരെ ട്രേഡ്മാര്‍ക്ക് ചെയ്യപ്പെട്ടിട്ടില്ല. കമ്പനികളുടെ ലോഗോ, ബ്രാന്‍ഡ് നെയിമുകള്‍, പേരുകള്‍ തുടങ്ങിയവയെല്ലാമാണ് സാധാരണയായി ട്രേഡ്മാര്‍ക്ക് ചെയ്യപ്പെടാറുള്ളത്.

ഇന്ത്യന്‍ ഹോട്ടല്‍സ് ഗ്രൂപ്പാണ് താജ് മഹല്‍ പാലസ് നടത്തിപ്പോരുന്നത്. ലോകത്തെ ആര്‍ക്കിടെക്ച്ചര്‍ വിസ്മയങ്ങളിലൊന്നായതിനാലാണ് ഇതിനെ ട്രേഡ്മാര്‍ക്ക് ചെയ്ത്, കെട്ടിടത്തിന്റെ വ്യതിരക്തിത കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്.

ഗേറ്റ് വേ ഓഫ് ഇന്ത്യ നിലവില്‍ വരുന്നതിനേക്കാളും മുമ്പാണ് താജ് മഹല്‍ പാലസിന്റെ ജനനം, 1903ല്‍.ട്രേഡ്മാര്‍ക്ക് റെജിസ്‌ട്രേഷന്‍ ലഭിച്ചതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ആര്‍ക്കും താജ്മഹല്‍ പാലസിന്റെ ചിത്രങ്ങള്‍ ഇനി ലൈസന്‍സ് ഫീ നല്‍കാതെ ഉപയോഗിക്കാന്‍ സാധിക്കില്ല.

Comments

comments