തീയില്‍ കുരുത്ത ആല്‍തിയ

തീയില്‍ കുരുത്ത ആല്‍തിയ

പ്രതിബന്ധങ്ങളാണ് മനുഷ്യനെ പോരാളിയാക്കുന്നത്. ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ ടെന്നീസ് താരം ആല്‍തിയ ഗിബ്‌സന്റെ കഥയും വ്യത്യസ്തമല്ല. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ആഫ്രോ- അമേരിക്കന്‍ പ്രതിനിധി എന്നതടക്കമുള്ള പെരുമകള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.

കറുത്തവര്‍ഗക്കാര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ട കാലത്തായിരുന്നു ആല്‍തിയ പടവെട്ടിക്കയറിയത്. സൗത്ത് കരോളിനയിലെ കര്‍ഷക തൊഴിലാളികളായ ദമ്പതികളുടെ മകളായി 1927ലാണ് ആല്‍തിയ ജനിച്ചത്.

കുട്ടിക്കാലത്തു തന്നെ ആല്‍തിയയ്ക്കും കുടുംബത്തിനും ന്യൂയോര്‍ക്കിലേക്ക് ചേക്കേറേണ്ടിവന്നു. 12ാം വയസില്‍ പാഡില്‍ ടെന്നീസില്‍ ന്യൂയോര്‍ക്ക് സിറ്റി ചാമ്പ്യനായതോടെ ആല്‍തിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായി. അവളുടെ പ്രതിഭ തിരിച്ചറിഞ്ഞ അയല്‍ക്കാരും സുഹൃത്തുകളും ധനസമാഹരണം നടത്തി ടെന്നീസ് പരിശീലനത്തിന് സൗകര്യമൊരുക്കിക്കൊടുത്തു.

ആല്‍തിയ ആരെയും നിരാശപ്പെടുത്തിയില്ല. 1956ല്‍ ഫ്രഞ്ച് ഓപ്പണ്‍ വിജയത്തോടെ ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ ആഫ്രിക്കന്‍ വംശജയെന്ന ബഹുമതി അവരെ തേടിയെത്തി.

1957ല്‍ ആല്‍തിയ കോര്‍ട്ടില്‍ തന്റെ ആധിപത്യം അരക്കിട്ട് ഉറപ്പിച്ചു. വിംബിള്‍ഡണിന്റെചരിത്രത്തില്‍ കിരീടം നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായി. തുടര്‍ന്നു നടന്ന യുഎസ് നാഷണല്‍സിലും വെന്നിക്കൊടി പാറിച്ചു. തൊട്ടടുത്ത വര്‍ഷം വിംബിള്‍ഡണ്‍, യുഎസ് കിരീടങ്ങള്‍ നിലനിര്‍ത്താനും ആല്‍തിയയ്ക്കു സാധിച്ചിരുന്നു.

Comments

comments

Categories: Slider, World