മധുരം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍

മധുരം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍

അടുത്ത ആഴ്ച ആരംഭിക്കുന്ന പുതിയ സീസണ്‍ ആഘോഷിക്കാന്‍ ദുബായ് ബേക്കറി ഒരുക്കിയത് 1,00,000 ദിര്‍ഹത്തിന്റെ കേക്ക്

ദുബായ്: ജനഹൃദയങ്ങളെ കീഴടക്കിയ ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലവിഷന്‍ ഫാന്റസി ഷോയുടെ ഏറ്റവും പുതിയ സീസണിനെ സ്വാഗതം ചെയ്യാന്‍ ദുബായ് ബേക്കറി ഒരുക്കിയത് 1,00,000 ദിര്‍ഹം വില മതിക്കുന്ന മനോഹരമായ കേക്ക്. നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഷോയുടെ ഏഴാമത്തെ സീസണ്‍ അടുത്ത ആഴ്ചയാണ് ആരംഭിക്കുന്നത്.

പ്രധാന കഥാപാത്രമായ ടൈറയണ്‍ ലെന്നിസ്റ്റര്‍ ഇരുമ്പിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന മാതൃകയിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. പാസ്തയും ഷുഗര്‍ കണ്ടന്റും കൊണ്ടാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ ഐസുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ടൈറയണാണ് കേക്കിലെ യഥാര്‍ഥ താരം. വളരെ സുക്ഷ്മമായി തയാറാക്കിയിരിക്കുന്ന കേക്കിലെ ടൈറയണിന്റെ കൈയില്‍ ഇരിക്കുന്ന ഗ്ലാസ് മുതല്‍ അദ്ദേഹത്തിന്റെ വസ്ത്രം വരെ കൈകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ബ്രോഡ് വേ ബേക്കറി ദുബായിലെ ഒരു സംഘം പാചകവിദഗ്ധരാണ് കേക്ക് ഒരുക്കിയത്. കേക്കിന് 32 കിലോഗ്രാം തൂക്കവും 1.2 മീറ്റര്‍ ഉയരവുമാണുള്ളത്. വിവിധ ഫ്‌ളേവറുകളില്‍ ഗെയിം ഓഫ് ത്രോണ്‍സ് കേക്കുകള്‍ ലഭ്യമാണ്. 100 ല്‍ അധികം പേര്‍ക്ക് കേക്ക് വിതരണം ചെയ്യാന്‍ സാധിക്കും. മൂന്നും നാലും ആഴ്ചകള്‍ എടുത്താണ് ഓരോ കേക്കും നിര്‍മിച്ചത്. ജൂലൈ 17 നാണ് ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 7 ന്റെ ആദ്യത്തെ എപ്പിസോഡ് ആരംഭിക്കുന്നത്.

Comments

comments

Categories: Arabia