വിമാനങ്ങള്‍ വേണ്ടെന്ന് ഖത്തര്‍; എയര്‍ബസ് കുരുക്കില്‍

വിമാനങ്ങള്‍ വേണ്ടെന്ന് ഖത്തര്‍; എയര്‍ബസ് കുരുക്കില്‍

ഡെലിവറി വൈകി എന്നാരോപിച്ച് നാല് എ350 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് ഖത്തര്‍ പിന്‍വലിച്ചത്

ദോഹ: രാജ്യത്തിന് മേലുള്ള ഉപരോധം ശക്തമായതിന് പിന്നാലെ പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറുകള്‍ വെട്ടിച്ചുരുക്കി ഖത്തര്‍ എയര്‍വേയ്‌സ്. ഡെലിവറി വൈകി എന്നാരോപിച്ച് നാല് എ350 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് ഖത്തര്‍ പിന്‍വലിച്ചതെന്ന് പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസ് പറഞ്ഞു. ഇതോടെ

1.2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ എന്തുചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് യൂറോപ്യന്‍ വിമാന നിര്‍മാതാക്കള്‍. പ്രധാന എതിരാളികളായ ബോയിംഗുമായുള്ള വില്‍പ്പനയിലെ അന്തരം കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി.

പുതിയ വിമാനങ്ങള്‍ വേണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചതോടെ 283 സീറ്റുകളുള്ള വിമാനത്തിന്റെ പുനര്‍വില്‍പ്പന നടത്തുകയോ പുനര്‍വിനിയോഗം നടത്തുകയോ ചെയ്യേണ്ടതായി വരും. വലിയ വിമാനങ്ങളുടെ ഡിമാന്‍ഡ് ഇടിഞ്ഞിരിക്കുന്നതും എയര്‍ബസിന് തിരിച്ചടിയാകും. വിമാനകമ്പനിയുടെ ബ്രാന്‍ഡിന് അനുസരിച്ച് രൂപകല്‍പ്പന ചെയ്ത ഇന്റീരിയര്‍ മാറ്റുന്നതിനായി 60-80 മില്യണ്‍ ഡോളറാണ് വിമാനകമ്പനികള്‍ ചെലവാക്കേണ്ടിവരിക.

വിമാനത്തിന്റെ നിര്‍മാണം വൈകിയതും എ350 യുടെ ക്യാബിനിലെ ഉപകരണങ്ങള്‍ക്ക് ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്നും ഉയര്‍ത്തിക്കാട്ടിയാണ് വിമാനം വേണ്ടെന്നു വെച്ചിരിക്കുന്നത്. എന്നാല്‍ ഉപരോധത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളുടെ എയര്‍സ്‌പേയ്‌സ് ഉപയോഗിക്കുന്നത് നിരോധിച്ചത് ഖത്തര്‍ വിമാനകമ്പനിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പറഞ്ഞ സമയത്ത് വിമാനം കൈമാറുക എന്നത് വിമാനനിര്‍മാതാക്കളുടെ കടമയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ അക്ബര്‍ അല്‍ ബാബര്‍ വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് ഡെലിവറി നടത്താനാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. വൈകിപ്പിച്ചത് എയര്‍ബസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡെലിവറി നടത്താത്ത എ350- 900 വിമാനങ്ങളെ പുനരുപയോഗിക്കുമെന്ന് എയര്‍ബസിന്റെ വക്താവ് വ്യക്തമാക്കി. വിമാനത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഏറ്റെടുക്കാറൊള്ളൂ. എന്നാല്‍ ഗള്‍ഫില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും എണ്ണവിലയില്‍ ഉണ്ടായിട്ടുള്ള ഇടിവും വിമാനകമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ചില വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Arabia