യുഎഇയിലെ മാതാപിതാക്കള്‍ ചെലവാക്കുന്നത് ആഗോള ശരാശരിയുടെ ഇരട്ടി

യുഎഇയിലെ മാതാപിതാക്കള്‍ ചെലവാക്കുന്നത് ആഗോള ശരാശരിയുടെ ഇരട്ടി

ആഗോള തലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ പ്രതിവര്‍ഷം 44,221 ഡോളര്‍ ചെലവാക്കുമ്പോള്‍ യുഎഇയില്‍ ഇത് 99,378 ഡോളറാണ്

അബുദാബി: യുഎഇയിലെ മാതാപിതാക്കള്‍ അവരുടെ മക്കളുടെ പഠനത്തിനായി ആഗോള ശരാശരിയുടെ ഇരട്ടിയില്‍ അധികം ചെലവാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യുഎഇയെന്നും എച്ച്എസ്ബിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ പ്രതിവര്‍ഷം 44,221 ഡോളറാണ് ശരാശരി ചെലവാക്കുന്നത്. എന്നാല്‍ യുഎഇയിലെ മാതാപിതാക്കള്‍ 99,378 ഡോളറാണ് ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളുകളിലേയും കോളെജുകളിലേയും ഫീസും സ്‌കൂള്‍ യൂണിഫോമിനും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും ചെലവാക്കുന്ന തുകയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന 15 സ്ഥലങ്ങില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. വിദ്യാഭ്യാസത്തിനായി 132,161 ഡോളര്‍ ചെലവാക്കുന്ന ഹോങ്കോംഗാണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത്. 70,939 ഡോളര്‍ ചെലവാക്കുന്ന സിംഗപ്പൂരാണ് മൂന്നാം സ്ഥാനത്ത്. ഗവണ്‍മെന്റും മാതാപിതാക്കളും ചെലവാക്കുന്ന തുകയുടെ ശരാശരി കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് എച്ച്എസ്ബിസി പറഞ്ഞു.

മൂന്നില്‍ രണ്ട് ഭാഗം മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുന്നത് പ്രതിദിന വരുമാനത്തില്‍ നിന്നാണ്. ബാക്കി വരുന്നവര്‍ നിക്ഷേപങ്ങളില്‍ നിന്നും മറ്റുമാണ് പണം കണ്ടെത്തുന്നത്. ചില കുട്ടികളുടെ പഠനത്തിന് വേണ്ടി മാത്രമായി പ്രത്യേക നിക്ഷേപങ്ങള്‍ നടത്തുന്നവരുമുണ്ട്.

യുഎഇയില്‍ വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ചെലവ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്‌കൂളുകളുടെ ഫീസിനെക്കുറിച്ച് അറേബ്യന്‍ ബിസിനസ് മേയില്‍ നടത്തിയ പഠനത്തില്‍ 2016-17 അധ്യയന വര്‍ഷത്തിലെ ദുബായ് സ്‌കൂളുകളുടെ വാര്‍ഷിക വരുമാനത്തില്‍ 11.48 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നാണ് പറയുന്നത്.

നോളജ് ആന്‍ഡ് ഹ്യുമെന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) യുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 185 സ്‌കൂളുകള്‍ 1.85 ബില്യണ്‍ ഡോളറാണ് ഫീസ് ഇനത്തില്‍ പിരിച്ചത്. 2015-16 വര്‍ഷത്തില്‍ 1.66 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരേ യുഎഇയിലെ പ്രമുഖ വ്യവസായി മൊഹമ്മെദ് അല്‍ബ്ബാര്‍ ശക്തമായി രംഗത്തു വന്നിരുന്നു.

Comments

comments

Categories: Arabia, Slider