കേരള രാഷ്ട്രീയത്തിലെ തമിഴ് മുരുകന്മാര്‍

കേരള രാഷ്ട്രീയത്തിലെ  തമിഴ് മുരുകന്മാര്‍

ഉത്തരേന്ത്യയിലെ സ്ത്രീകള്‍ സാധാരണ കാര്‍ത്തികേയ ക്ഷേത്രങ്ങളില്‍ പോകാറില്ല എന്നാണു കേള്‍വി. അതെന്താണെന്ന് അറിയില്ല. തമിഴര്‍ മര്യാദകാണിക്കുന്നവരാണ്. അവരുടെ ഭാഷയിലും പ്രവൃത്തിയിലും. മുരുകന്റെ കാര്യം അവര്‍ രേഖപ്പെടുത്തി. വള്ളിക്കുറത്തിയെ വിവാഹം കഴിപ്പിച്ചത് ‘ വിക്രമോര്‍വശീയ’ ത്തില്‍ കാണാം. ക്രൌഞ്ചിമല, അതാവാം കുറുച്ചിമല. തമിഴിലെ മുരുകപദത്തിനു വാസന എന്നും അര്‍ത്ഥമുണ്ട്. മുരുകപദം കസ്തൂരിമാനിന്റെ ‘മുഷ്‌ക ‘ ത്തില്‍ നിന്നുണ്ടായതാണ്. ഇതൊക്കെ തമിഴ്‌നാട്ടുകാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇതുപോലെയാണ് കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിലെ ചില തമിഴ് മുരുകന്മാരെ കണ്ടാല്‍ തോന്നുക.

ശിവഗണത്തില്‍ പെട്ട തമിഴ് മുരുകന്‍ ആദ്യമൊക്കെ, ബ്രാഹ്മണരുടെ കാഴ്ചപ്പാടില്‍, ഗണപതിയെപ്പോലെ ഒരു വികൃതിക്കുട്ടി ആയിരുന്നിരിക്കാം. ഗജമുഖഗണപതിയെ പാതി ആനയുടെ വേഷം കെട്ടിച്ചത് ഈ സവര്‍ണ്ണ സങ്കല്‍പ്പമാവാം. അതുപോലെ കുട്ടിച്ചാത്തന്‍, വടുകന്‍, കാളി എന്നിവരൊക്കെ ദുര്‍മൂര്‍ത്തികളായാണ് അറിയപ്പെട്ടിരുന്നത്. ഇവരൊക്കെ ആരാധ്യരുമായിരുന്നു! ബാണനും ഭാവഭൂതിക്കും കാളിദാസനുമൊക്കെ ഗജമുഖന്‍ വന്ദ്യനാണ്; ആരാധ്യനാണ്. ഭംഗിപ്പെടുത്താന്‍ ശ്രമിക്കുന്തോറും ശക്തിമുദ്രകള്‍ വികൃതമാവാറുണ്ട്. അതുപോലെയാണ് കേരളരാഷ്ട്രീയത്തില്‍ യു ഡി എഫ്. കാശിയിലെ ആഘോരന്മാരെ തോല്‍പ്പിക്കും ഇവര്‍. തങ്ങളില്ലെങ്കില്‍, തങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയില്ലെങ്കില്‍, ഇവിടെ ഒന്നും നടക്കേണ്ട എന്ന് കരുതുന്നവര്‍. കലാകാരന്‍ ക്രിയാശക്തികൊണ്ട് രൂപത്തിലേക്ക് മാറുന്ന ആളാണ്. അതാണ് സര്‍ഗപ്രതിഭ. രാഷ്ട്രീയക്കാരനും അങ്ങനെ ആയിരിക്കേണ്ടതാണ്.

രാഷ്ട്രീയം എന്നിവിടെ പ്രതിപാദിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം എന്ന് മനസിലാക്കണം. നമുക്ക് ‘ റിപ്പബ്ലിക്കി’ലേക്ക് പോകാനാവില്ല; സോക്രട്ടീസ് ആവാത്തതുകൊണ്ട്. രൂപഘടനയില്‍ തിളങ്ങിനില്‍ക്കുന്ന സമ്മോഹനത്തില്‍ പരുങ്ങിക്കളിക്കാന്‍ കക്ഷിരാഷ്ട്രീയക്കാര്‍ ശ്രമിക്കുമ്പോഴൊക്കെ നമുക്ക് മനംപുരട്ടലുണ്ടാവുന്നത് അതുകൊണ്ടാണ്. കേരളത്തിന്റെ രൂപഘടനയില്‍ മുന്‍പൊരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള വികസനത്തിന്റെ പരിപ്രേക്ഷ്യമാണ് ഇന്നുള്ളത്. അത് വിജയിപ്പിക്കുകയെന്നതാണ് നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും കടമ. അതിനുപകരം പ്രതിപക്ഷം മലര്‍ന്നുകിടന്നു തുപ്പുകയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്ന് കേട്ടിട്ടില്ലേ ? അതുതന്നെ. രൂപത്തിനു പിന്നില്‍ ക്രിയയും ക്രിയക്കുപിന്നില്‍ ഇച്ഛയും ഉള്ളവരാണ് കര്‍മ്മരംഗത്ത്. ഇത് മനസിലാക്കാതെ തങ്ങള്‍ക്കു പിന്നില്‍ മീഡിയ മുഴുവനുമുണ്ടെന്ന അഹങ്കാരത്തില്‍ തൊണ്ടതുറന്നു നടക്കുന്ന ആറാട്ടുമുണ്ടന്മാരെ ജനങ്ങള്‍ പുച്ഛത്തോടെ മാത്രമേ കാണൂ. കോണ്‍ഗ്രസ് അതിക്രമത്തില്‍ മെട്രോ സംവിധാനം മുഴുവന്‍ തകര്‍ക്കാന്‍ അണികള്‍ക്ക് നേതൃത്വം കൊടുത്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ്. ശത്രുക്കള്‍പോലും ചെയ്യാന്‍ മടിക്കുന്നതാണ് അവിടെ നടന്നത്.

അതുപോലെ പുതുവൈപ്പില്‍ നടന്നതും കൂട്ടി വായിച്ചുനോക്കൂ. ഇവിടത്തെ പ്രതിപക്ഷം എവിടംവരെ പോയെന്ന് അപ്പോഴാണ് മനസിലാവുക. ഇമ്മാതിരി കോമാളിത്തരങ്ങള്‍ ഉപേക്ഷിക്കണം. പലപ്പോഴും ഈ രീതിയിലുള്ള സമരം നടക്കുമ്പോള്‍ കാണുന്ന പല മുഖങ്ങളും അന്ന് അവിടെ കണ്ടു. അതിലൊന്ന് പരിസ്ഥിതിവാദിയും ആം ആദ്മി നേതാവുമായ സി ആര്‍ നീലകണ്ഠന്റെതാണ്. ‘ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ‘എന്ന് കേട്ടിട്ടില്ലേ. അതാണ് നീലകണ്ഠനും സാറ ജോസഫും ചെയ്യുന്നത്. ഉദയംപേരൂര്‍ ഇല്ലാത്ത ഭയം പുതുവൈപ്പില്‍ ഉണ്ടാക്കിയതിനു പിന്നില്‍ ശാസ്ത്രീയബോധം വര്‍ജ്ജിക്കണമെന്ന അപകടകരമായ അവസ്ഥ തന്നെയാണുള്ളത്. പാരിസ്ഥിതിക പ്രശ്‌നം പുതുവെപ്പില്‍ ഉണ്ടോ എന്നു പരിശോധിക്കാന്‍ കമ്മറ്റിയെ നിയമിക്കും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം അവിടെ നിറുത്തിയത്. ഈ സമരം ആര്‍ക്കോ വേണ്ടി ആരോ നേതൃത്വം കൊടുത്തതാണ്. അതെങ്ങനെയെങ്കിലും നിറുത്തിയാല്‍ മതിയെന്നുവന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നതും സമരം പിന്‍വലിക്കുന്നതും.

അടുത്തകാലത്ത് കേരളത്തില്‍ പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്ത സമരങ്ങളെല്ലാം ഈ രീതിയിലാണ് പൊളിഞ്ഞത്. അതിന്റെ നൈരാശ്യമാണ് കേരളീയരുടെ സ്വപ്‌നമായ മെട്രോ സ്റ്റേഷനുകളില്‍ നടന്ന അഴിഞ്ഞാട്ടം. ഒരുകൂട്ടം മാധ്യമങ്ങള്‍ അപ്പാടെ ഇതിനൊക്കെ പരമാവധി പ്രചാരണം കൊടുത്തിട്ടും ഈ സമരങ്ങള്‍ വിജയം കണ്ടില്ല. അപ്പോഴാണ് കേരളത്തിലെ പനിമരണം എന്ന തുറുപ്പുചീട്ട് അവരുടെ കൈയില്‍ കിട്ടിയത്. ശരിയാണ്. പനിമരണം നടക്കുന്നുണ്ട്. അതെന്തുകൊണ്ട് സംഭവിക്കുന്നു ? കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മിഥുനം- കര്‍ക്കടകക്കാലത്ത് പനിമരണം ഉണ്ടായിരുന്നില്ലല്ലോ. യു ഡി എഫ് അധികാരത്തില്‍ വന്ന് കോണ്‍ഗ്രസുകാരന്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റപ്പോഴാണ് കേരളത്തില്‍ ശുചീകരണം നടക്കാതെ വന്നതും മഴക്കാലത്ത് പനിമരണമുണ്ടായതും. കേരളത്തിലെ പൊതുജനാരോഗ്യരംഗം ആന കേറിയ കരിമ്പിന്‍ കാടുപോലെ തകര്‍ത്തത് അക്കാലത്താണ്. നാട്ടിലാകെ ഫൈവ് സ്റ്റാര്‍ ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ കോളെജുകളും നിര്‍മിക്കുന്നതിലായിരുന്നു ആ മന്ത്രിക്കു താല്‍പ്പര്യം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ഗ്രാമ പ്രദേശത്തെ രോഗികള്‍ ആദ്യമെത്തുക. അവിടം മതിയാവാതെ വരുമ്പോഴാണ് താലൂക്ക് ആശുപത്രിയെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരിക. ഇത് രണ്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍വീര്യമാക്കി. ഉറവിടങ്ങളില്‍ മാലിന്യസംസ്‌കരണം എന്ന ആശയം അന്നത്തെ പ്രതിപക്ഷം, എല്‍ ഡി എഫ് മുന്നോട്ടുവെച്ചു. അതിലേക്കായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയപ്പോള്‍ അതെങ്ങനെയൊക്കെ പരാജയപ്പെടുത്താം എന്നാണു യു ഡി എഫ് ആലോചിച്ചതും പ്രവര്‍ത്തിച്ചതും. ഇതാണ് ഇപ്പോള്‍ സംസ്ഥാനത്ത് പനി വ്യാപിക്കാന്‍ കാരണം. സ്വിച്ചിട്ടാല്‍ നിര്‍ത്തുന്നതുപോലെ ഇത് നിറുത്താനാവില്ല. യു ഡി എഫ് തുടര്‍ന്നുവന്ന വികലമായ ആരോഗ്യപരിപാലനം ശരിയാക്കിയെടുക്കാന്‍ കുറച്ചു മാസങ്ങള്‍ തന്നെ വേണ്ടിവരും. ഇതുപോലെയാണ് ഓരോ മേഖലയും യു ഡി എഫ് തകര്‍ത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിപുലമായ കര്‍മ്മപദ്ധതികളാണ് ജനങ്ങളുടെ മുന്‍പില്‍ വെച്ചിട്ടുള്ളത്. അത് എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണുതാനും. ജനപങ്കാളിത്തത്തോടെ ഈ പദ്ധതികള്‍ നടത്താനാണ് എല്‍ ഡി എഫും ഗവണ്‍മെന്റും ഉദ്ദേശിക്കുന്നത്. 1957 ലെ ആദ്യത്തെ കേരള സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇ എം എസും പിന്നീട് അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ സഹകരണം തേടുകയുണ്ടായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനല്ല, മറിച്ച് ആ സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇപ്പോഴും ആ വഴിയിലൂടെയാണ് നീങ്ങുന്നത്. ഈ വൃത്തികെട്ട കളിയില്‍ കോണ്‍ഗ്രസ് സഹായം തേടിയിരിക്കുന്നത് ആര്‍ എസ് എസ് -ബി ജെ പി കൂട്ടുകെട്ടില്‍ നിന്നാണ്. പകല്‍ ഖദറിട്ടും രാത്രി കാക്കി ട്രൗസറും വെള്ള ഷര്‍ട്ടുമിട്ട് നടക്കുന്ന കോണ്‍ഗ്രസുകാരാണ് കേരളത്തിലുള്ളതെന്ന് എ കെ ആന്റണിക്ക് പറയേണ്ടിവന്നത് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന വിനാശകരമായ പതനത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു.

ഇത് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിനു ലഭിച്ച മേല്‍ക്കൈ അതാണ് കാണിക്കുന്നത്. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കും. ഇന്ത്യയില്‍ ജനാധിപത്യഭരണ വ്യവസ്ഥിതി മാറ്റി പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഫെഡറല്‍ സംവിധാനം തകര്‍ത്ത് ഫാസിസം കൊണ്ടുവരികയെന്ന ആര്‍ എസ് എസ് അജണ്ടയാണ് ലക്ഷ്യം. ഇത് തടഞ്ഞുനിറുത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. അപ്പോഴാണ് കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടം. ബൂര്‍ഷ്വാ പാര്‍ട്ടിയുടെ എല്ലാ ദുര്‍ഗുണങ്ങളുമുള്ള കോണ്‍ഗ്രസിന് ഇതേ ചെയ്യാനാവൂ. കേരളത്തിലെ, ഇന്ത്യയിലെ പൊതുസമൂഹത്തിന്, ജനാധിപത്യം പുലര്‍ന്നു കാണണം എന്നാശിക്കുന്ന പൊതുസമൂഹത്തിന്, ലോകത്ത് പലയിടത്തും നടന്നതുപോലെ പൊട്ടിത്തെറിയിലൂടെയുള്ള സമൂഹമാറ്റം നടത്തുകയേ മാര്‍ഗമുള്ളൂ.

അതുല്യമാണ് കേരളത്തില്‍ നടക്കുന്ന വികസന പ്രക്രിയ. മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും അനുകരണീയമാണ് ഇത്. ഈ പ്രക്രിയയില്‍ കുറ്റവും കുറവും ഉണ്ടാവാം. അത് എല്‍ ഡി എഫില്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണം. പ്രതിപക്ഷത്തിന് എന്തും വിളിച്ചുപറയാം. അതുപോലെ എല്‍ ഡി എഫിലെ കക്ഷികള്‍ തുടങ്ങിയാല്‍ മുന്നണി തകര്‍ച്ചയിലേക്കാവും പോകുന്നത്. ഘടകകക്ഷിയുടെ വിമര്‍ശനത്തിനു മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്നറിയുക. ഐക്യം തകര്‍ക്കരുത് എന്നു കരുതി മാത്രമാണ് ആ മൗനം. അതല്ല മറ്റുവല്ലവരുമായി കച്ചവടം ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം.

മനുഷ്യന്‍ ഭീരുവായി കഴിയുകയാണെന്ന് വിവേകാനന്ദന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുള്‍ക്കൊണ്ട്, തിരുത്തി, മനുഷ്യന്‍ ഇപ്പോള്‍ ഭീരുവല്ലാതായിരിക്കുന്നു. ഇത് കേന്ദ്രത്തില്‍ ഭരണം കൈയാളുന്നവരും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരും മറ്റു ചിലരും സൗകര്യപൂര്‍വം മറന്ന മട്ടാണ്. മറക്കരുത്. പൊതുസമൂഹത്തിന്റെ ചെറുത്തുനില്‍പ്പ് താങ്ങാനുള്ള ശക്തി ഇന്ത്യയിലെ ഭരണവര്‍ഗ്ഗത്തിനില്ല. പരീക്ഷിക്കരുത്. പുറം വഴിയാണ് അകം ശരിയാക്കുന്നത് എന്നുമോര്‍ക്കുക.

 

Comments

comments

Categories: FK Special, Slider