ജൂണ്‍ 2017 ന്യൂസിലാന്‍ഡിലെ ഭവന വില വര്‍ധന കുറഞ്ഞു

ജൂണ്‍ 2017 ന്യൂസിലാന്‍ഡിലെ ഭവന വില വര്‍ധന കുറഞ്ഞു

രാജ്യത്തെ ഭവന വില വര്‍ധന രണ്ട് വര്‍ഷത്തെ താഴ്ച്ചയില്‍

വെല്ലിംഗ്ടണ്‍ : ന്യൂ സിലാന്‍ഡിലെ ഭവന വില വര്‍ധന കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഭവന മേഖലയിലെ വര്‍ധിച്ച ആവശ്യകത നിയന്ത്രിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂ സിലാന്‍ഡ് നടപടി സ്വീകരിച്ചിരുന്നു.

റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില സൂചിക ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ 8.1 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ന്യൂ സിലാന്‍ഡിലെ വാലുവേഷന്‍, പ്രോപ്പര്‍ട്ടി സര്‍വീസസ് കമ്പനിയായ ക്വോട്ടബിള്‍ വാല്യു (ക്യുവി) ചൂണ്ടിക്കാട്ടി. 2015 മാര്‍ച്ചിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കാണിത്. 2017 മെയ് മാസത്തില്‍ 9.7 ശതമാനമാണ് ന്യൂ സിലാന്‍ഡിലെ ഭവന വില വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചത്.

വിപണി ഇതിനുമുമ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ 2007 നേക്കാള്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില സൂചിക ഇപ്പോള്‍ 54.2 ശതമാനമാണ്.

രാജ്യത്തെ ഭവന വില കുതിച്ചുയരുന്നതില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂ സിലാന്‍ഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രോപ്പര്‍ട്ടി വിപണി തകര്‍ച്ച നേരിട്ടാല്‍ ഉയര്‍ന്ന തോതിലുള്ള ഭൂപണയ വായ്പ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. വില വര്‍ധന പിടിച്ചുനിര്‍ത്തുന്നത് താല്‍ക്കാലിക നടപടി മാത്രമാണെന്ന് കേന്ദ്ര ബാങ്ക് കഴിഞ്ഞ മാസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

എല്‍വിആര്‍ പരിധി ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം റിസര്‍വ്വ് ബാങ്ക് കൊണ്ടുവന്ന കര്‍ശന വായ്പാ നിയന്ത്രങ്ങളെതുടര്‍ന്നാണ് ഇപ്പോള്‍ ഭവന വില കുറഞ്ഞിരിക്കുന്നത്. ഭവന മേഖലയില്‍ സംഭവിച്ചേക്കാവുന്ന തളര്‍ച്ചയില്‍നിന്ന് ബാങ്കുകളെ സംരക്ഷിക്കുന്നതിനാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂ സിലാന്‍ഡ് മുന്നിട്ടിറങ്ങിയതെന്ന് ക്വോട്ടബിള്‍ വാല്യു (ക്യുവി) വ്യക്തമാക്കി.

രാജ്യത്തെ പ്രധാന പ്രോപ്പര്‍ട്ടി വിപണിയായിരുന്ന ഓക്ക്‌ലാന്‍ഡില്‍ 2016 ജൂണിനേക്കാള്‍ ഈ ജൂണില്‍ ഭവന വില 7.2 ശതമാനം മാത്രമാണ് വര്‍ധിച്ചത്. 2012 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണിത്. 2016 മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ 9.3 ശതമാനമായിരുന്നു ഓക്ക്‌ലാന്‍ഡിലെ ഭവന വില വര്‍ധന.

ഉയര്‍ന്ന വിലയും ബാങ്കുകളുടെ കര്‍ശന വായ്പാ നിയന്ത്രണങ്ങളെയും തുടര്‍ന്ന് ന്യൂ സിലാന്‍ഡില്‍ പ്രോപ്പര്‍ട്ടി വാങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ക്യുവി വക്താവ് ആന്‍ഡ്രിയ റഷ് പറഞ്ഞു.

 

Comments

comments

Categories: Business & Economy, Slider