ഇന്ത്യയുടെ നിലപാട് സ്വയം പ്രതിരോധത്തിന് മാത്രം

ഇന്ത്യയുടെ നിലപാട് സ്വയം പ്രതിരോധത്തിന് മാത്രം

ഭൂട്ടാന്‍-ചൈന തര്‍ക്കത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് വരാനിരിക്കുന്ന വന്‍ ദുരന്തത്തെ പ്രതിരോധിക്കാന്‍ മാത്രമാണ്. ഇതിന്റെ പേരില്‍ യുദ്ധം വരുമെന്ന് ഭീഷണിപ്പെടുത്തുന്ന ചൈന, അവര്‍ക്ക് ഇന്ത്യയിലുള്ള ബിസിനസിനെക്കുറിച്ച് കൂടി ഓര്‍ക്കണം

സിക്കിം അതിര്‍ത്തിയില്‍ നാള്‍ക്ക് നാള്‍ സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തിയില്‍ നിന്നു പിന്‍മാറണമെന്നും ഇല്ലെങ്കില്‍ യുദ്ധം ഉണ്ടാകുമെന്നുമെല്ലാമാണ് ചൈനയുടെ ഭീഷണി. സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ അടിയ്ക്കടി ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ തയാറല്ലെങ്കില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് സൈനിക നീക്കം നടത്താന്‍ ചൈനയ്ക്ക് യാതൊരു മടിയുമില്ലെന്നാണ് അവിടത്തെ പല നയതന്ത്രവിദഗ്ധരും വ്യക്തമാക്കിയത്.

1962ലെ ഇന്ത്യയല്ല ഇപ്പോഴത്തേതെന്ന് ചൈന മനസിലാക്കണമെന്ന് ഇതിന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടി നല്‍കിയത് ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. അതിന് ശേഷം യുദ്ധമുറവിളികള്‍ ബെയ്ജിംഗില്‍ നിന്നും ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദോക് ലായില്‍ ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്നിടത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ അധിനിവേശ നീക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന് അവകാശവാദമുന്നയിക്കുന്ന ചൈന അത് പിടിച്ചടക്കുന്നതുള്‍പ്പെടെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ പ്രകോപനം സൃഷ്ടിക്കുന്നത്.

ഭൂട്ടാന്‍ ഭൂമി കൈയേറിയുള്ള ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സേന തടഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു വിധ മടിയും കാണിക്കേണ്ടതില്ല. ഇതുവരെ സ്വീകരിച്ച ദേശീയ നിലപാടുകള്‍ ശരിയാണെന്നതിന്റെ പൂര്‍ണ ബോധ്യമാണ് ചൈനയുടെ സൈനിക നീക്കത്തിനുള്ള മുറവിളി. ഇന്ത്യന്‍ സമുദ്രത്തിലേക്ക് മുങ്ങിക്കപ്പലുകള്‍ അയച്ചുള്ള ചൈനയുടെ പ്രകോപനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്ന സാഹചര്യം ഇന്ന് ഇന്ത്യക്കില്ല. അത് ചൈന മനസിലാക്കുന്നതു നല്ലതാണ്.

രണ്ട് മാസത്തിനിടെ ഇന്ത്യന്‍ സമുദ്രത്തില്‍ 14 യുദ്ധ കപ്പലുകള്‍ ഇറക്കിയും ചൈന ഭാരതത്തെ ഭയപ്പെടുത്താന്‍ നോക്കുന്നുണ്ട്. ഇതിലെല്ലാം ആശങ്കപ്പെട്ട് ചൈനയുടെ അധിനിവേശത്തെ അംഗീകരിക്കുമെന്നാണ് ബെയ്ജിംഗിലെ കമ്യൂണിസ്റ്റ് ഏകാധിപതികളുടെ ധാരണയെങ്കില്‍ അത് തീര്‍ത്തും വ്യര്‍ത്ഥമാണ്. അപക്വമായി യുദ്ധത്തിലേക്കും മറ്റും നീങ്ങാനാണ് ചൈന ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയിലെ അവരുടെ വമ്പന്‍ ബിസിനസ് താല്‍പ്പര്യങ്ങളെക്കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

പാക്കിസ്ഥാന്റെ തീവ്രവാദ നയത്തെ പിന്തുണയ്ക്കുന്ന ചൈനയുടെ മുന്‍നിലപാടില്‍ പ്രതിഷേധിച്ച് അനൗദ്യോഗികമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന വികാരങ്ങള്‍ മൂലം തെറ്റില്ലാത്ത രീതിയില്‍ അവര്‍ക്ക് ബിസിനസ് ഇടിഞ്ഞു. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഔദ്യോഗികമായി നിലപാടെടുക്കാന്‍ തന്നെ ഇന്ത്യ തയാറാകണം. ദുര്‍ഘടമായ സാമ്പത്തിക പാതയിലൂടെ സഞ്ചരിക്കുന്ന ചൈനയ്ക്ക് അത് വലിയ തിരിച്ചടി നല്‍കും. ഇന്ത്യക്കും ബുദ്ധിമുട്ടുണ്ടായേക്കും. എന്നാല്‍ അതിന് സമാന്തര സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ശക്തമാക്കണം.

ഏറ്റവും അടിയന്തരമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം പ്രതിരോധവകുപ്പിന് മാത്രമായി ഒരു മന്ത്രിയെ നിയോഗിക്കുക എന്നതാണ്. നിലവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണ് വകുപ്പിന്റെ ചുമതല. അതെടുത്തു മാറ്റി പ്രതിരോധത്തിന് മാത്രമായി പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കണം. ഇത്രയ്ക്കും ആശങ്കാജനകമായ സുരക്ഷാ പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഒരു മുഴുവന്‍ സമയ പ്രതിരോധ മന്ത്രി ഇല്ല എന്നത് പോരായ്മയായി വിലയിരുത്തപ്പെടും. ബിജെപിക്കുള്ളിലെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്, മികച്ചൊരാളെ പ്രതിരോധമന്ത്രിയായി മോദി ഉടന്‍ നിയമിക്കണം.

Comments

comments

Categories: Editorial, Slider