അടുത്ത വര്‍ഷം ജൂണോടു കൂടി 20 വിമാനങ്ങളിലെക്കെത്താന്‍ വിസ്താര

അടുത്ത വര്‍ഷം ജൂണോടു കൂടി 20 വിമാനങ്ങളിലെക്കെത്താന്‍ വിസ്താര

21-ാമത്തെ എയര്‍ക്രാഫ്‌റ്റോടെ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ പദ്ധതി

സിംഗപ്പൂര്‍: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര 2018 അവസാനത്തോടെ അന്താരാഷ്ട്ര പ്രവര്‍ത്തനം ആരംഭിക്കും. 2017 അവസാനത്തോടെ ഇതുസംബന്ധിച്ച പദ്ധതിക്ക് അന്തിമ രൂപം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്താര ചീഫ് സ്ട്രാറ്റെജി ആന്‍ഡ് കൊമേഷ്യല്‍ ഓഫിസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. എയര്‍ലൈനുകളുടെ എണ്ണം വര്‍ധിക്കുന്നതും എയര്‍പോര്‍ട്ടുകളുടെ ശേഷിയിലുള്ള പരിമിതികളും വ്യോമയാന മേഖലയുടെ മൊത്തത്തിലുള്ള മുന്നോട്ടുപോക്കിനെ ദോഷകരമായി ബാധിക്കുന്നുവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിസ്താരയുടെ ബിസിനസ് വിപുലമാകുന്നതിനൊപ്പം ചെലവുകള്‍ കുറയ്ക്കാനുമാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷം കഴിയുന്തോറും കമ്പനിയുടെ പ്രകടനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ മികവുണ്ടാകുന്നുണ്ട്. വരുമാനത്തിലും പ്രാപ്തിയുടെ കാര്യത്തിലും വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കുന്നതിന് കമ്പനിക്ക് കുറേക്കാലം പരിശ്രമിക്കേണ്ടതായി വന്നു. വിപണിയുടെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ നിലവിലെ പ്രകടനത്തില്‍ വിസ്താര ഏറെ സന്തുഷ്ടരാണ്. അതിനൊപ്പം വിപണി മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന മറികടക്കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷാവര്‍ഷം ചെലവു കുറക്കുന്നതിനും കമ്പനിക്ക് സാധിക്കുന്നുണ്ട്. ഇന്ധനചെലവിന്റെ കാര്യം പരിശോധിക്കുമ്പോള്‍ പോലും ചെലവിടല്‍ കുറച്ച് നേട്ടം കൈവരിക്കുന്നതിന് കമ്പനിക്ക് കഴിയുന്നുണ്ട്. ചെറിയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങി വിപുലീകരണം സാധ്യമാക്കിയതിലൂടെയാണ് ഇതിന് സാധിച്ചത്. വലിയ ഓര്‍ഡറുകളൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ പ്രതിസന്ധികളൊന്നും ഇല്ലാത്ത വിധത്തിലാണ് ഇപ്പോള്‍ കമ്പനിയുടെ വളര്‍ച്ച.

അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടു കൂടി 20 എയര്‍ക്രാഫ്റ്റുകള്‍ കമ്പനിക്ക് ഉണ്ടാകണമെന്നാണ് ലക്ഷ്യമിടുന്നത്. 21-ാമത്തെ എയര്‍ക്രാഫ്റ്റ് മുതല്‍ അന്താരാഷ്്ട്ര തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് പദ്ധതി. 15-ാമത്തെയും 16-ാമത്തെും എയര്‍ക്രാഫ്റ്റുകള്‍ യഥാക്രമം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും അതിനുശേഷമുള്ള രണ്ട് എയര്‍ക്രാഫ്റ്റുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസത്തോടു കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്നും കപൂര്‍ പറയുന്നു.

വിസ്താരയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് ഇപ്പോഴുള്ളത്. അന്തരാഷ്ട്ര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത സമയം വ്യക്തമാക്കുന്നതിന് കഴിയില്ലെങ്കിലും എ320 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സഞ്ജീവ് കപൂര്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy