ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോള്‍ പ്ലാന്റ് എംജി മോട്ടോഴ്‌സ് ഏറ്റെടുക്കും

ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോള്‍ പ്ലാന്റ് എംജി മോട്ടോഴ്‌സ് ഏറ്റെടുക്കും

2019 ഓടെ എംജി ബ്രാന്‍ഡില്‍ വാഹനങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

അഹമ്മദാബാദ് : ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോര്‍ കോര്‍പ്പ് ലിമിറ്റഡിന് കീഴിലെ എംജി മോട്ടോഴ്‌സ് ഇന്ത്യാ ലിമിറ്റഡ് ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോളിലെ കാര്‍ നിര്‍മ്മാണ ശാല ഏറ്റെടുക്കും. ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനവുമായ എസ്എഐസി മോട്ടോര്‍ കോര്‍പ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2019 ഓടെ എംജി (മോറിസ് ഗാരേജസ്) ബ്രാന്‍ഡില്‍ വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എസ്എഐസി മോട്ടോഴ്‌സിന്റെ ചൈനയിലെ സംയുക്ത സംരംഭ പങ്കാളിയാണ് യുഎസ് ആസ്ഥാനമായ ജനറല്‍ മോട്ടോഴ്‌സ് കോര്‍പ്പ്.

പ്രധാനമായും ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഏഷ്യന്‍ വിപണികളിലേക്കായി കാറുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും പത്തനംതിട്ട കോന്നി സ്വദേശിയുമായ പി ബാലേന്ദ്രന്‍ പറഞ്ഞു. ഇന്ത്യ കേന്ദ്രീകൃത ബിസിനസ് തന്ത്രമായിരിക്കും എംജി മോട്ടോഴ്‌സ് സ്വീകരിക്കുകയെന്നും എല്ലാ നിര്‍ണായക തീരുമാനങ്ങളും ഇവിടെ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ വിദേശ ഹെഡ് ക്വാര്‍ട്ടേഴ്‌സിലിരുന്ന് ഇന്ത്യാ ബിസിനസ് നടത്തികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കയ്പ്പുനീര്‍ കുടിച്ചത് നാം കണ്ടതാണെന്ന് പി ബാലേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രവേശിക്കുന്നതായി ജൂണ്‍ 28 നാണ് എസ്എഐസി മോട്ടോര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ കാര്‍ നിര്‍മ്മാണ ശാല സംബന്ധിച്ചും ഏതെല്ലാം മോഡലുകള്‍ അവതരിപ്പിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുത്തുവരികയാണെന്ന് അന്ന് അറിയിച്ചിരുന്നു. ഗുജറാത്തിലെ നിക്ഷേപം സംബന്ധിച്ചും എംജി മോട്ടോഴ്‌സ് അന്തിമ തീരുമാനത്തിലെത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരുമായി പ്രാഥമിക ധാരണാപത്രം അധികം വൈകാതെ ഒപ്പിട്ടേക്കും.

ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോള്‍ ഫാക്ടറി എംജി മോട്ടോഴ്‌സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഹാലോള്‍ പ്ലാന്റില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. ഗുജറാത്തിനെ തങ്ങളുടെ മാനുഫാക്ച്ചറിംഗ് ഹബ്ബ് ആക്കാനാണ് എംജി മോട്ടോഴ്‌സിന്റെ തീരുമാനം.

ജനറല്‍ മോട്ടോഴ്‌സിന് ഹാലോളില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പാട്ടത്തിനാണ് സ്ഥലം നല്‍കിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഈ സ്ഥലം എംജി മോട്ടോഴ്‌സിന് കൈമാറിയേക്കും. എംജി മോട്ടോഴ്‌സിനെ സംസ്ഥാനത്ത് എത്തിക്കുന്ന കാര്യത്തില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരും ശക്തമായി രംഗത്തുണ്ട്.

വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും എന്നാല്‍ ഗുജറാത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പി ബാലേന്ദ്രന്‍ പറഞ്ഞു. ജനറല്‍ മോട്ടോഴ്‌സിന്റെ ഹാലോള്‍ പ്ലാന്റിലെ ചില വസ്തുവകകള്‍ ഏറ്റെടുക്കുന്നതിന് ഈ വര്‍ഷം ജനുവരിയില്‍ എംജി മോട്ടോഴ്‌സിന് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

Comments

comments

Categories: Auto