ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം മെച്ചപ്പെടുന്നുവെന്ന് ഐഎംഎഫ്

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം മെച്ചപ്പെടുന്നുവെന്ന് ഐഎംഎഫ്

നടപ്പു സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടാനാകുമെന്നും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ നോട്ടു അസാധുവാക്കലിന്റെ ആഘാതങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ ഫലമായി ഇന്ത്യയെ കുറിച്ചുള്ള വളര്‍ച്ചാ പ്രതീക്ഷകള്‍ മെച്ചപ്പെടുന്നതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വിലയിരുത്തുന്നു. ജി-20 ഉച്ചക്കോടിക്ക് മുന്നോടിയായാണ് ഐഎംഎഫിന്റെ ഈ നിരീക്ഷണം പുറത്തുവന്നത്. ‘നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച് പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നതിനൊപ്പം രാജ്യത്ത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടരുകയുമാണ്,’ ഐഎംഎഫ് പുറത്തുവിട്ട നിരീക്ഷണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജര്‍മനിയിലെ ഹാംബെര്‍ഗില്‍ ജൂലൈ 6, 7 തീയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടി ആഗോള സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് സഹായകമായുന്ന നിലപാടുകള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകത്തിലെ പ്രമുഖമായ 20 സമ്പദ് വ്യവസ്ഥകളാണ് ഉച്ചകോടിയുടെ ഭാഗമാകുന്നത്. ഈ സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച ഇന്ത്യയ്ക്കുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ചയും രാജ്യം കൈവരിച്ചേക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. മൊത്തം സമ്പദ്ഘടനയുടെ 86 ശതമാനം വരുന്ന കറന്‍സികളായിരുന്നു അസാധുവാക്കപ്പെട്ടത്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതത്തെ തുടര്‍ന്ന് ജനുവരി- മാര്‍ച്ച് പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6.1 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments