ഇന്ത്യയില്‍ ആമസോണ്‍ കുതിപ്പ് തുടരുന്നു

ഇന്ത്യയില്‍ ആമസോണ്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ വിഭാഗത്തിലേക്ക് 1,680 കോടി രൂപ കൂടി കഴിഞ്ഞ ദിവസം നിക്ഷേപിച്ചതോടെ അമേരിക്കയിലെ ഇ-കൊമേഴ്‌സ് ഭീമന് രാജ്യത്തുള്ള മുതല്‍മുടക്ക് രണ്ട് ബില്ല്യണ്‍ ഡോളര്‍ മറികടന്നു

ബെംഗളൂരു: സീട്ടില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനി ആമസോണിന്റെ ഇന്ത്യയിലെ നിക്ഷേപം രണ്ടു ബില്ല്യണ്‍ ഡോളറിനും മുകളിലായതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഇന്ത്യയിലെ യൂണിറ്റായ ആമസോണ്‍ സെല്ലര്‍ സര്‍വീസെസിലേക്ക് 1,680 കോടി രൂപ കൂടി ആമസോണ്‍ നിക്ഷേപിച്ചതോടെയാണ് മുതല്‍മുടക്ക് രണ്ട് ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടത്. ഇതോടെ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കിനുശേഷം ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും വലിയ ആഗോള നിക്ഷേപകരമായി ആമസോണ്‍ മാറി. നാലു ബില്ലണ്‍ ഡോളറാണ് സോഫ്റ്റ്ബാങ്ക് ഇതുവരെ ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഉല്‍സവകാല വില്‍പ്പനയ്ക്കു മുന്നോടിയായി ആമസോണ്‍ ബിസിനസ് ശൃംഖല ശക്തിപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഇ-കൊമേഴ്‌സ് ശീലം വളര്‍ത്തുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയുമായി ഇവിടുത്തെ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകുമെന്നും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ സാങ്കേതിക-അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇനിയും നിക്ഷേപം നടത്തുമെന്നും ആമസോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിയുടെ മികവിലും ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളിലും മതിപ്പുണ്ടെന്നും ഇന്ത്യയില്‍ തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും ജെഫ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെ അഞ്ചു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ബിസിനസ് പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷമായി ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസ്യതയില്‍ നന്ദിയുണ്ടെന്നും ആമസോണ്‍ പ്രൈം, പ്രൈം വിഡിയോ തുടങ്ങിയ ഇന്നൊവേറ്റീവ് പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് തുടരുമെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.

ഇന്ത്യന്‍ ബിസിനസില്‍ ഫാഷന്‍ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് ആമസോണ്‍ പ്രാധാന്യം നല്‍കുമെന്നും അടുത്ത ആറുമാസത്തിനുള്ളഇല്‍ പ്രൈം അംഗത്വം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുമെന്നും ഫോറെസ്റ്റര്‍ റിസര്‍ച്ചിലെ സീനിയര്‍ ഫോര്‍കാസ്റ്റ് അനലിസ്റ്റ് സതീഷ് മീന അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം മുമ്പാണ് ആമസോണിന്റെ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പ്രോഗ്രാമായ ആമസോണ്‍ പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Comments

comments