ഫോക്‌സ്‌വാഗണ്‍ ഇറാനില്‍ തിരിച്ചെത്തുന്നു ; 17 വര്‍ഷത്തിനുശേഷം

ഫോക്‌സ്‌വാഗണ്‍ ഇറാനില്‍ തിരിച്ചെത്തുന്നു ; 17 വര്‍ഷത്തിനുശേഷം

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, പസ്സാറ്റ് മോഡലുകള്‍ ആദ്യമെത്തിക്കും

ബെര്‍ലിന്‍ : പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ഇറാനിലേക്ക് തിരികെ പോകുന്നതായി ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീങ്ങിയ പശ്ചാത്തലത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഇറാന്‍ വിപണിയിലേക്ക് തിരികെ വണ്ടിയോടിക്കുന്നത്. ഇറാനിലെ ഇറക്കുമതി സ്ഥാപനമായ മാമ്മത്ത് ഖോദ്രോയുമായി ഒപ്പുവെച്ച കരാര്‍ അനുസരിച്ച് അടുത്ത മാസം മുതല്‍ കാറുകള്‍ വീണ്ടും വിറ്റു തുടങ്ങുമെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കി. ഫോക്‌സ്‌വാഗണ്‍, പോര്‍ഷെ, സ്‌കോഡ, സീറ്റ് ബ്രാന്‍ഡുകളിലാണ് ഫോക്‌സ്‌വാഗണ്‍ കാറുകള്‍ പുറത്തിറക്കുന്നത്.

ഇറാനിലേക്ക് തിരികെ പോകുന്നതിലൂടെ ആഗോള വാഹന ഭൂപടത്തില്‍ വിട്ടുപോയ ഒരു വിപണിയിലേക്ക് കൂടി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് പ്രവേശിക്കുകയാണെന്ന് കമ്പനിയുടെ ഇറാന്‍ വിപണിയിലെ പ്രോജക്റ്റ് മാനേജര്‍ ആന്‍ഡേഴ്‌സ് സണ്‍ഡ്റ്റ് ജെന്‍സന്‍ പറഞ്ഞു. ഇറാന്‍ വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ടിഗ്വാന്‍, പസ്സാറ്റ് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ആദ്യമെത്തിക്കുന്നത്.

1950 കളിലാണ് ഫോക്‌സ്‌വാഗണ്‍ ഇറാനില്‍ കാറുകള്‍ വിറ്റു തുടങ്ങുന്നത്. എന്നാല്‍ ഇറാനുമേല്‍ വിവിധ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ 2000 ല്‍ ഫോക്‌സ്‌വാഗണ്‍ ആ രാജ്യം വിട്ടു. ഇറാനിലെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ പ്രതിവര്‍ഷം മൂന്ന് മില്യണ്‍ പുതിയ രജിസ്‌ട്രേഷന്‍ നടക്കുമെന്നാണ് ഇറാന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ഇത് ഒരു മില്യണ്‍ മാത്രമാണ്.

ഉപരോധങ്ങള്‍ പലതും ലോക രാജ്യങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ യൂറോപ്യന്‍ കമ്പനികള്‍ ഇറാനില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തുവരികയാണ്. ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ ‘ടോട്ടല്‍’ ഇറാനുമായി മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ വാതക കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേന്നാണ് ഇറാനിലെത്തുന്നതായി ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ‘ടോട്ടല്‍’ കരാര്‍ ഒപ്പുവെച്ചത്.

Comments

comments

Categories: Auto, Slider