എമിറേറ്റ്‌സ് വിമാനങ്ങളിലെ ലാപ്‌ടോപ് നിരോധനവും നീങ്ങി

എമിറേറ്റ്‌സ് വിമാനങ്ങളിലെ ലാപ്‌ടോപ് നിരോധനവും നീങ്ങി

ദുബായ്: ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സ് വിമാനകമ്പനിയേയും യുഎസിന്റെ ലാപ്‌ടോപ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ എമിറേറ്റ്‌സിന്റെ വിമാനങ്ങളില്‍ യുഎസിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ക്യാബിനില്‍ എല്ലാ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാനാവും.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായും ആഭ്യന്തര ഏജന്‍സികളുമായും സഹകരിച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റെ ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കടുത്ത സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു എമിറേറ്റ്‌സ് എന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

യുഎസ് അധികൃതരുടേയും പ്രദേശിക ഭരണകൂടത്തിന്റേയും പിന്തുണയ്ക്ക് എമിറേറ്റ്‌സ് നന്ദി അറിയിച്ചു. ഇതിനൊപ്പം നിരോധനം പ്രാബല്യത്തില്‍ വന്നതുമുതല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ഷമയോടെ തങ്ങളോടൊപ്പം നിന്ന ഉപഭോക്താക്കളോടും അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് അബുദാബി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് തീരുമാനിച്ചത് എന്നാണ് വിവരം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍, അബുദാബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ അവിടെതന്നെ പൂര്‍ത്തിയാക്കിയാണ് യുഎസിലേക്ക് വിടുന്നത്. ഈ സൗകര്യമാണ് അബുദാബിയെ നിരോധന പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.

തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ചിലാണ് യുഎഇയിലേത് ഉള്‍പ്പടെയുള്ള 10 വിമാനത്താവളങ്ങളില്‍ നിന്ന് യുഎസിലേക്കു പോകുന്ന വിമാനങ്ങളുടെ ക്യാബിനില്‍ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നത്. ഇത് ഇത്തിഹാദിന്റേയും എമിറേറ്റ്‌സിന്റേയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.

യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മേയില്‍ യുഎസിലേക്കുള്ള സര്‍വീസുകള്‍ വിമാനകമ്പനികള്‍ക്ക് വെട്ടിക്കുറയ്‌ക്കേണ്ടിയും വന്നിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് വരുന്ന വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ് വിമാനങ്ങളിലെ നിരോധനത്തിലേക്കും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചത്.

Comments

comments

Categories: Arabia, Slider, World