ഫഌപ്കാര്‍ട്ടിന്റെ 800-900 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വാഗ്ദാനം നിരസിച്ച് സ്‌നാപ്ഡീല്‍

ഫഌപ്കാര്‍ട്ടിന്റെ 800-900  മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വാഗ്ദാനം നിരസിച്ച് സ്‌നാപ്ഡീല്‍

ചര്‍ച്ചകള്‍ തുടരും, ഫഌപ്കാര്‍ട്ട് പുതിയ മൂല്യ നിര്‍ണയം അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍

ന്യൂഡെല്‍ഹി: പ്രതിസന്ധിയില്‍ തുടരുന്ന ഓണ്‍ലൈന്‍ വ്യാപാരസ്ഥാനമായ സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിന് ഫഌപ്കാര്‍ട്ട് മുന്നോട്ടുവെച്ച വാഗ്ദാനം സ്‌നാപ്ഡീല്‍ മാതൃസ്ഥാപനമായ ജാസ്‌പെര്‍ ഇന്‍ഫോടെക് നിരസിച്ചു. 800 മില്ല്യണ്‍ ഡോളറിനും 900 മില്ല്യണ്‍ ഡോളറിനും ഇടയില്‍ മൂല്യമുള്ള കരാറായിരുന്നു പ്രതിയോഗികള്‍ കൂടെയായ ഫഌപ്കാര്‍ട്ട് വാഗ്ദാനം ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സ്‌നാപ്ഡീലിലെ ചില ഓഹരിയുടമകള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇടപാട് തള്ളിക്കളഞ്ഞിരിക്കുന്നത്

എട്ട് ആഴ്ചകള്‍ക്കു മുമ്പാണ് സ്‌നാപ്ഡീല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാണിജ്യപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫഌപ്കാര്‍ട്ട് തുടക്കമിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ട് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയാക്കിയിരുന്നു.

ഫഌപ്കാര്‍ട്ട് ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ഒരു ബില്ല്യണ്‍ ഡോളറിനേക്കാള്‍ കുറവാണ് ഇപ്പോഴത്തെ പ്രൊപ്പോസലില്‍ മുന്നോട്ടുവെച്ചിരിക്കുന്ന തുക. ഇതും ഫഌപ്കാര്‍ട്ടിന്റെ ഓഫര്‍ തള്ളിക്കളയാന്‍ ഇടയാക്കിയിട്ടുണ്ടാകാമെന്ന് സ്‌നാപ്ഡീല്‍ വൃത്തങ്ങള്‍ പറയുന്നു.

ഇരുകമ്പനികളും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് അറിയുന്നത്.സ്‌നാപ്ഡീലിന്റെ മൂല്യനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറ്റെടുക്കല്‍ പ്രക്രിയയില്‍ കാലതാമസം വരുത്തിയേക്കാം. ഫഌപ്കാര്‍ട്ടിന്റെ വാഗ്ദാനം സ്‌നാപ്ഡീലിന്റെ മാര്‍ക്കറ്റ് പ്ലേസ് ബിസിനസിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സ്‌നാപ്ഡീലിന്റെ പേമെന്റ് സംരംഭമായ ഫ്രീചാര്‍ജോ ലോജിസ്റ്റിക് സംരംഭമായ വുല്‍കാനോ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഡിജിറ്റല്‍ പേമെന്റ് സേവനദാതാക്കളായ പേടിഎം ഫ്രീചാര്‍ജിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഏറ്റെടുക്കല്‍ മൂല്യവുമായി ബന്ധപ്പെട്ട് അവിടെയും പ്രതിസന്ധികള്‍ ഉടലെടുത്തേക്കാമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സ്‌നാപ്ഡീലിന്റെ ഏറ്റവും വലിയ ഓഹരിയുടമകളായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെയും ഫഌപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമകളായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെയും ചര്‍ച്ചകളുമായി ബന്ധപ്പെട്ടിരിക്കും ഈ ഇടപാടിന്റെ ഭാവിയെന്ന് അധികൃതര്‍ അറിയിച്ചു. ഫഌപ്കാര്‍ട്ട് സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനൊപ്പം ഫഌപ്കാര്‍ട്ടില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഫ്റ്റ്ബാങ്ക് നടത്തിയിരുന്നു. മാത്രവുമല്ല ഈ ഓണ്‍ലൈന്‍ റീട്ടെയ്‌ലറിലുള്ള ടൈഗര്‍ ഗ്ലോബലിന്റെ ഓഹരി ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഫഌപ്കാര്‍ട്ട് സംസാരിച്ചിരുന്നു.

തുടക്കസമയം മുതലെ പ്രതിസന്ധികളിലൂടെയാണ് ഫഌപ്കാര്‍ട്ട് – സ്‌നാപ്ഡീല്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ കടന്നു പോകുന്നത്. ഫഌപ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയുമായുള്ള ഇ-കൊമേഴ്‌സ് മല്‍സരത്തില്‍ സ്‌നാപ്ഡീല്‍ പിന്നോട്ടുപോയതിനെ തുടര്‍ന്നാണ് കമ്പനി വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് സോഫ്റ്റ്ബാങ്ക് ചിന്തിക്കുന്നത്. എന്നാല്‍ സ്‌നാപ്ഡീലിന്റെ സഹസ്ഥാപകരായ കുനാല്‍ ഭാല്‍, രോഹിത് ബന്‍സാല്‍, ഓഹരിയുടമകളായ കലാരി കാപിറ്റല്‍, നെക്‌സസ് വെഞ്ച്വേഴ്‌സ് പാര്‍ട്ട്‌നേഴ്‌സ് എന്നിവര്‍ ഈ ഏറ്റെടുക്കലിനെ ആദ്യഘട്ടത്തില്‍ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് ഇവരെ സമവായത്തില്‍ എത്തിക്കാനായി.

സ്‌നാപ്ഡീലിന്റെ ന്യൂനപക്ഷ നിക്ഷേപകരായ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ നിക്ഷേപ പ്രേംജി ഇന്‍വെസ്റ്റ്, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എമെരിറ്റസ് രത്തന്‍ ടാറ്റ, ബ്ലാക്ക്‌റോക് തുടങ്ങിയവര്‍ക്ക് ഫഌപ്കാര്‍ട്ടിന്റെ വാഗ്ദാനത്തിലുള്ള അസന്തുഷ്ടി പ്രകടമാക്കിയിട്ടുണ്ട്.

Comments

comments