വീണ്ടും ജിയോ ‘ഡിസ്‌റപ്ഷന്‍’

വീണ്ടും ജിയോ ‘ഡിസ്‌റപ്ഷന്‍’

വിപണിയില്‍ തരംഗമാകാന്‍ ജിയോ വീണ്ടും. 500 രൂപയുടെ 4ജി വോള്‍ട്ടി ഹാന്‍ഡ്‌സെറ്റ് ഈ മാസം വിപണിയിലെത്തിയേക്കും

മുംബൈ: ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലയന്‍സ് ജിയോയുടെ 4ജി വോള്‍ട്ടി സാങ്കേതികവിദ്യയുള്ള ഫീച്ചര്‍ ഫോണ്‍ ഈ മാസം തന്നെ വിപണിയിലെത്തിയേക്കും. ഏകദേശം 500 രൂപയ്ക്ക് ലഭ്യമാകുന്ന പുതിയ 4ജി ഫോണ്‍ വിപണിയില്‍ തരംഗമാകുമെന്നാണ് കരുതുന്നത്. ഈ മാസം 21 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഫോണിന്റെ അവതരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനു പിന്നാലെ ജിയോ ആകര്‍ഷകമായ നിരക്കിലുള്ള പുതിയ താരിഫ് പ്ലാനുകളും പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് ജിയോയ്ക്ക് 112.55 ദശലക്ഷം വരിക്കാരാണുള്ളത്

ടെലികോം വിപണിയില്‍ ചുവടുവെച്ചതുമുതല്‍ വിപ്ലവാത്മകമായാണ് ജിയോയുടെ മുന്നേറ്റമെങ്കിലും വളര്‍ച്ചയുടെ വേഗത അടുത്തിടെ മന്ദഗതിയിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് 500 രൂപ മാത്രം വില വരുന്ന 4ജി വോള്‍ട്ടി ഫോണുകള്‍ ഉടന്‍ വിപണിയിലിറക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. 2ജി ഉപഭോക്താക്കളെ നേരിട്ട് 4ജിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ജിയോ സിം 4ജി വോള്‍ട്ടി സംവിധാനമുള്ള ഫോണുകളിലേ പ്രവര്‍ത്തിക്കൂവെന്നതാണ് ഉപഭോക്താക്കളുടെ വളര്‍ച്ചയുടെ വേഗം കുറയാന്‍ കാരണമായത്. ഈ സാഹചര്യം പുതിയ ഫീച്ചര്‍ ഫോണ്‍ ഇറക്കുന്നതോടു കൂടി മാറുമെന്നും വന്‍തോതില്‍ ഉപഭോക്താക്കള്‍ ജിയോയിലേക്ക് കൂടുമാറുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.

അതേസമയം മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയവയ്ക്ക് ഈ തടസമില്ല. അവരുടെ സിം ഏത് ഫോണിലും സപ്പോര്‍ട്ട് ചെയ്യും. 4ജി വോള്‍ട്ടി സാങ്കേതികവിദ്യയുള്ള ഫോണുകളുടെ വില കാരണം 2ജി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ സ്മാര്‍ട്ടഫോണിലേക്ക് മാറുന്നതിന് മടിച്ചതും ജിയോയ്ക്ക് വിനയായി. ഈ അവസരത്തിലാണ് സാധാരണക്കാരന് മിതമായ നിരക്കില്‍ 4ജി വോള്‍ട്ടി ഫോണുമായി ജിയോ എത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് ജിയോയ്ക്ക് 112.55 ദശലക്ഷം വരിക്കാരാണുള്ളത്.

ഈ മാസം അവസാമോ അടുത്ത മാസം ആദ്യമോ ഫോണ്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ജിയോയുടെ കുറഞ്ഞ നിരക്കിലുള്ള ഓഫറുകളും പുതിയ ഫോണും ടെലികോം വിപണിയില്‍ മറ്റൊരു തരംഗം സൃഷ്ടിക്കുമെന്നും ഈ മേഖലയിലെ നിലവിലെ കമ്പനികള്‍ക്ക് ജിയോ വെല്ലുവിളിയാകുമെന്നുമാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെയാണ് ജിയോ പുതിയ ഫോണ്‍ വഴി ലക്ഷ്യമിടുന്നതെങ്കില്‍ അടുത്ത കുറച്ചു മാസം വിപണി അനുകൂലമാകില്ലെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ വിലയിരുത്തല്‍.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഗ്രാമീണ ജനതയ്ക്ക് വിളവെടുപ്പ് കാലത്താണ് പണലഭ്യത വര്‍ധിക്കുകയെന്നത്. അതിനാല്‍ ഒക്‌റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാകും വിപണി പ്രവേശനത്തിന് യോജിച്ചതെന്നും വിലയിരുത്തലുണ്ട്. ജിയോ അടുത്തിടെ പ്രഖ്യാപിച്ച ധന്‍ ധനാ ധന്‍ ഓഫറില്‍ ഒരു മാസം 150 മുതലുള്ള പ്ലാനുകള്‍ ലഭ്യമാണ്

ഈ ഓഫറിനു കീഴില്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ്, പരിധികളില്ലാത്ത എസ്എംഎസ് സേവനം, ജിയോ ആപ്പ്‌സ്, പ്രതിദിനം ഒരു ജിബിയോ(309 രൂപയ്ക്ക്) രണ്ടു ജിബിയോ(509 രൂപയ്ക്ക്) ഡാറ്റയും ലഭ്യമാണ്.

മൊബീല്‍ ഫോണിന് ഇന്ത്യയില്‍ വന്‍വില ഉണ്ടായിരുന്ന കാലത്ത്, 1000 രൂപയ്ക്ക് താഴെ മൊബീല്‍ ഫോണ്‍ പുറത്തിറക്കി ടെലികോം രംഗത്ത് വന്‍വിപ്ലവത്തിന് പണ്ട് തുടക്കമിട്ടത് മുകേഷ് അംബാനി ആയിരുന്നു. പിന്നീട് കുടുംബ ബിസിനസ് പിളര്‍ന്ന് ടെലികോം സഹോദരന്‍ അനില്‍ അംബാനി ഏറ്റെടുത്തു. അപ്പോള്‍ ഉണ്ടാക്കിയ ധാരണകളുടെ കാലാവധി തീര്‍ന്നതോടെയാണ് ടെലികോം മേഖലയില്‍ ജിയോയുമായി മുകേഷ് അംബാനി വീണ്ടും അവതരിച്ച്, പൊളിച്ചടുക്കല്‍ നടത്തിയത്.

Comments

comments

Categories: Business & Economy, Slider