ചൊവ്വയില്‍ ആണവനിലയങ്ങള്‍

ചൊവ്വയില്‍ ആണവനിലയങ്ങള്‍

ചൊവ്വയില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് ഇന്ധനം, വായു, വെള്ളം എന്നിവയ്ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ആണവ നിലയത്തിനാകും

ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാകുമോയെന്നാണ് ചാന്ദ്രയാനിന്റെ വിജയത്തോടെ നാം നോക്കുന്നത്. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തിനു പുറകെ ചൊവ്വാദൗത്യമായ മംഗള്‍യാനും വിജയകരമായതോടെ ബഹിരാകാശ ശാസ്ത്ര മേഖലയില്‍ ഇന്ത്യ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. അതേ സമയം യുഎസ് ബഹിരാകാശ ഗവേഷണഏജന്‍സിയായ നാസയാകട്ടെ, ചൊവ്വയില്‍ മനുഷ്യാധിവാസം സാധ്യമാക്കാനുള്ള പുറപ്പാടിലും. മനുഷ്യന്റെ അതിജീവനത്തിനുള്ള സാധ്യതകള്‍ പരിശോധിച്ച നാസ, ഭൂമിയിലേതു പോലെ ചൊവ്വയിലും മനുഷ്യന് സമൂഹമായി ജീവിതം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചൊവ്വയിലേക്കു കുടിയേറുന്നവരുടെ ജീവിതം സുഗമമാക്കാനുള്ള സാങ്കേതികവിദ്യകളും അതിനു വേണ്ട വര്‍ധിച്ച ഊര്‍ജ്ജോല്‍പ്പാദനവുമാണ് നാസ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. ഇതിനുള്ള ശ്രമങ്ങള്‍ പക്ഷെ, നാസ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ആശ്ചര്യകരം.

ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ മനുഷ്യവാസം സാധ്യമോയെന്ന ചോദ്യം പണ്ടു മുതല്‍ക്കേ ശാസ്ത്ര ലോകത്തിന്റെ മുമ്പിലുണ്ടായിരുന്നു. ഭൂമിയോട് ഏറ്റവും അടുത്ത സാദൃശ്യം പുലര്‍ത്തുന്ന ചൊവ്വയിലാണ് ശാസ്ത്രലോകം ജീവന്റെ സാധ്യത അനുമാനിച്ചിരുന്നത്. പക്ഷെ, ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനിലേക്കായിരുന്നു ജീവന്റെ സാധ്യത തേടിയുള്ള ആദ്യദൗത്യമെന്നു മാത്രം. അവിടെ മനുഷ്യവാസം സാധ്യമെന്നു കണ്ടെത്തി. ചന്ദ്രനില്‍ ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംരംഭകര്‍ പദ്ധതികള്‍ തയറാക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു. പല തവണ ചന്ദ്രയാനങ്ങള്‍ പുറപ്പെട്ടു. അപ്പോഴും ചൊവ്വയിലേക്കുള്ള യാത്രയെന്ന സ്വപ്‌നത്തെ ശാസ്ത്രലോകം പിന്തുടര്‍ന്നു. വളരെ നേരത്തേ ചുവന്ന ഗ്രഹവും അവിടത്തെ ജീവികളും പലപ്പോഴും സയന്‍സ് ഫിക്ഷന്‍ കഥകളുടെ പ്രമേയമായി. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ചൊവ്വാദൗത്യത്തിന്റെ പുറകെയാണ് ശാസ്ത്രലോകം. ഒടുവില്‍ 21-ാം നൂറ്റാണ്ടിലാണ് ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ ആദ്യ ചുവടുകള്‍ പൂര്‍ത്തീകരിച്ചത്.

ആദ്യഘട്ടത്തില്‍ ബഹിരാകാശ യാത്രികരുടെ ആരോഗ്യം, പ്രതികരണ സ്വഭാവം, ജീവന്‍രക്ഷോപാധികള്‍ തുടങ്ങിയവ സംബന്ധിച്ച പരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന സ്‌പേസ് ക്യാപ്‌സ്യൂള്‍ വിക്ഷേപണമാണ് രണ്ടാംഘട്ടം. മനുഷ്യനെ ചൊവ്വയില്‍ താമസക്കാന്‍ പ്രാപ്തനാക്കുകയാണ് മൂന്നാം ഘട്ടം

2012 ഓഗസ്റ്റ് ആറിന് ക്യൂരിയോസിറ്റി എന്ന ആളില്ലാവാഹനം മനുഷ്യന്റെ എക്കാലത്തെയും ആകാംക്ഷയടക്കാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. അവിടെ നിന്നയച്ച ചിത്രങ്ങള്‍ ഭൂമിയുടേതിനു സമാനമായ ചൊവ്വയിലെ കല്ലും മണ്ണും നിറഞ്ഞ പ്രതലം മാത്രമല്ല കാണിച്ചു തന്നത്, ജീവകോശങ്ങളും നീരൊഴുക്കിന്റെ അടയാളങ്ങളും കൂടിയായിരുന്നു. തൊട്ടു പിന്നാലെ 2013-ല്‍ ഇന്ത്യയും ചൊവ്വാഗ്രഹ ദൗത്യം മംഗള്‍യാന്‍ നടപ്പാക്കി. ഈ ദൗത്യം ഏറ്റെടുക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഐഎസ്ആര്‍ഒ വിക്ഷേപിച്ച വാഹനം 2014 സെപ്റ്റംബര്‍ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചൊവ്വയിലെ ജലസാന്നിധ്യം, അണുവികിരണ സാന്നിധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. വിവരങ്ങള്‍ കൈമാറുന്നതടക്കം നാസയുമായി വലിയ സഹകരണം ഇതിനോടകം ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ട്.

നാസ ഇപ്പോള്‍ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലേക്കാണ് ഉറ്റു നോക്കുന്നത്. മാനവരാശിയിലെ നിര്‍ണായക നാഴികക്കല്ല്. ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ദൗത്യം. 2030-ല്‍ ഇത് സാധ്യമാക്കുകയാണ് നാസയുടെ ലക്ഷ്യം. അതിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തു. മൂന്നുഘട്ടങ്ങളായാണ് നാസ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ദൗത്യം രൂപപ്പെടുത്തയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ബഹിരാകാശ യാത്രികരുടെ ആരോഗ്യം, പ്രതികരണ സ്വഭാവം, ജീവന്‍രക്ഷോപാധികള്‍ തുടങ്ങിയവ സംബന്ധിച്ച പരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന സ്‌പേസ് ക്യാപ്‌സ്യൂള്‍ വിക്ഷേപണമാണ് രണ്ടാംഘട്ടം. ഇതിലേറി ബഹിരാകാശയാത്രകള്‍ നടത്തി കൂടുതല്‍ പരിചയം സിദ്ധിക്കാനാണിത്. ഭൂമിക്കും ചന്ദ്രനുമിടയിലാണ് യാത്ര ചെയ്യുക. മനുഷ്യനെ ചൊവ്വയില്‍ താമസക്കാന്‍ പ്രാപ്തനാക്കുകയാണ് മൂന്നാം ഘട്ടം. പ്രത്യേക പേടകങ്ങള്‍ ഇതിനു സജ്ജമാക്കും. അവിടെത്തന്നെ ദീര്‍ഘകാലം താമസിക്കാന്‍ ഉതകുന്നവയായിരിക്കും ഈ പേടകങ്ങള്‍. അപ്പോള്‍ ചൊവ്വയിലെ വിഭവങ്ങള്‍ കൊണ്ടു തന്നെ ഇന്ധനം, ജലം, ഓക്‌സിജന്‍ എന്നിവ സൃഷ്ടിക്കേണ്ടി വരും. ഈ ഘട്ടത്തില്‍ വര്‍ധിച്ച ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരും. ഇതിന് ആണവ റിയാക്റ്ററുകള്‍ തായാറാക്കുന്നതിനാണ് നാസ ഒരുമ്പിട്ടിരിക്കുന്നത്.

ഭൂമിയിലേതില്‍ നിന്നു വിഭിന്നമായി ചൊവ്വയില്‍ മനുഷ്യരുടെ കുടിയേറ്റം നടക്കുമ്പോള്‍ ജീവസന്ധാരണത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും കൃത്രിമമായി സൃഷ്ടിക്കേണ്ടിവരും. ഇന്ധനം, ജലം, ഓക്‌സിജന്‍, ചൂട്, വെളിച്ചം, വൈദ്യുതി അങ്ങനെ വലിയൊരു കൂട്ടം ആവശ്യങ്ങളാണ് പുതിയ കുടിയേറ്റക്കാരെ വേട്ടയാടുക. അതായത്, ഗുഹാമനുഷ്യന്‍ തീ കണ്ടു പിടിച്ചതു പോലെ ആയിരിക്കും വൈദ്യുതി ഇവര്‍ക്ക് ഉപകാരപ്പെടുക. പക്ഷെ, ആദിമമനുഷ്യന് തീ നല്‍കിയതിനേക്കാള്‍ സങ്കീര്‍ണമായ കാര്യങ്ങളും വൈദ്യുതി, ചൊവ്വാകുടിയേറ്റക്കാര്‍ക്കു നല്‍കേണ്ടി വരും. ഉദാഹരണത്തിന് വാഹനങ്ങള്‍ അക്കാലത്തുണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ ഇന്ധനമായി പെട്രോളോ വൈദ്യുതിയോ വേണ്ടി വന്നുമില്ല. എന്നാല്‍ ചൊവ്വയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ശാസ്‌ത്രോപകരണങ്ങള്‍ക്കും പ്രവര്‍ത്തിപ്പിക്കാന്‍ വലിയ തോതില്‍ വൈദ്യുതി വേണ്ടിവരും. ഇതിനു വേണ്ടിയാണ് ആണവ റിയാക്റ്ററുകള്‍ തയാറാക്കുന്നത്.

11 മില്യണ്‍ പൗണ്ട് മുടക്കിയാണ് ചൊവ്വയിലേക്കുള്ള ആണവ റിയാക്റ്റര്‍ പദ്ധതി നാസ തയാറാക്കുന്നത്. 6.5 അടിയുള്ള നിരവധി റിയാക്റ്ററുകള്‍ പണി കഴിപ്പിച്ചു കഴിഞ്ഞു. 10 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ളവയാണ് ഓരോ റിയാക്റ്ററും. ഒരു പര്യവേക്ഷണത്തില്‍ രണ്ടു പേര്‍ക്ക് ഇതു മതിയാകും. 2008-ല്‍ നാസ തയാറാക്കിയ പ്രബന്ധ പ്രകാരം എട്ടു പര്യവേക്ഷകരാണ് ദൗത്യത്തില്‍ പങ്കെടുക്കുക. ഇവര്‍ക്കു ചെലവഴിക്കേണ്ടി വരിക 40 കിലോവാട്ട് വൈദ്യുതിയായിരിക്കും. റിയാക്റ്ററുകളുടെ പരീക്ഷണം ഭൂമിയില്‍വെച്ചു നടത്തും.

ചൊവ്വയില്‍ ആണവനിലയം സ്ഥാപിക്കുന്നത് മനുഷ്യന്റെ കുടിയേറ്റം സ്ഥാപിക്കുന്നതില്‍ പരമപ്രധാനമാണ്. ചൊവ്വയില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് സോളാര്‍ പാനലുകളേക്കാള്‍ നല്ലത് ആണവ റിയാക്റ്ററുകളാണ്. കാരണം സൂര്യനുമായുള്ള അകലവും ചൊവ്വയില്‍ അടിക്കടിയുണ്ടാകുന്ന മണല്‍ക്കാറ്റും സൗരോര്‍ജ്ജ ലഭ്യത കുറയ്ക്കും

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം വിഘടനം വിജയകരമായി നടത്തിക്കഴിഞ്ഞ് ഇവ ചൊവ്വയിലേക്ക് കയറ്റി അയക്കാനാണ് പദ്ധതി. ഇത് ആദ്യമല്ല നാസ ബഹിരാകാശത്ത് ആണവ റിയാക്റ്ററുകള്‍ പരീക്ഷിക്കുന്നത്. 1960-ല്‍ ഇതിനു സമാനമായ സ്‌നാപ് (സിസ്റ്റം ഫോര്‍ ന്യൂക്ലിയര്‍ ഓക്‌സിലറി പവര്‍) പദ്ധതിയും റേഡിയോ ഐസോടോപ്പ് തെര്‍മോഇലക്ട്രിക് ജനറേറ്ററും (ആര്‍ടിജി) വികസിപ്പിച്ചെടുത്തിരുന്നു. പ്ലൂട്ടോണിയം- 238ന്റെ പിണ്ഡം വിഘടിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടും വൈദ്യുതിയാണ് ആര്‍ടിജിയുടെ ഇന്ധനം. നാസയുടെ ചൊവ്വാ പര്യവേക്ഷണവാഹനമായ ക്യൂരിയോസിറ്റി പ്രവര്‍ത്തിപ്പിക്കാന്‍ ആര്‍ടിജിയെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്‌നാപ് പദ്ധതിക്കു ശേഷം ഇപ്പോഴാണ് ഒരു അണുവിസ്‌ഫോടന റിയാക്റ്റര്‍ ബഹിരാകാശ ഗവേഷണ പദ്ധതിയില്‍ ഉപയോഗിക്കുന്നതെന്ന് നാസ ഊര്‍ജ്ജവിഭാഗത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ലീ മാസണ്‍ വ്യക്തമാക്കുന്നു.

ചൊവ്വയില്‍ ആണവനിലയം സ്ഥാപിക്കുന്നത് മനുഷ്യന്റെ കുടിയേറ്റം സ്ഥാപിക്കുന്നതില്‍ പരമപ്രധാനമാണ്. ചൊവ്വയില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് സോളാര്‍ പാനലുകളേക്കാള്‍ നല്ലത് ആണവ റിയാക്റ്ററുകളാണ്. കാരണം സൂര്യനുമായുള്ള അകലവും ചൊവ്വയില്‍ അടിക്കടിയുണ്ടാകുന്ന മണല്‍ക്കാറ്റും സൗരോര്‍ജ്ജ ലഭ്യത കുറയ്ക്കും. ഏതായാലും മനുഷ്യന്റെ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവറിയാക്റ്ററുകള്‍ പര്യാപ്തമാകും. മനുഷ്യന്‍ എത്തും മുമ്പ് ജീവിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഗ്രഹത്തിലെത്തിക്കാനാണ് നാസയുടെ പദ്ധതി. ഊര്‍ജ്ജം മാത്രമല്ല, അടുക്കളത്തോട്ടം ഉണ്ടാക്കാനാവശ്യമായ പച്ചക്കറിവിത്തുകള്‍ വരെ അവിടേക്കു കയറ്റി അയക്കാനാണ് നാസ ആലോചിക്കുന്നത്. അതു കൊണ്ട് ആത്മവിശ്വാസത്തോടെ തന്നെ ചൊവ്വയിലേക്കുള്ള വാഹനം കയറാം.

Comments

comments

Categories: FK Special, Tech