ജി-20 ഉച്ചകോടി : മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

ജി-20 ഉച്ചകോടി : മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അയയുന്നതിന് സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും ഉള്‍പ്പടെയുള്ള അഞ്ച് ബ്രിക്‌സ് രാഷ്ട്രങ്ങളിലെ തലവന്‍മാര്‍ നാളെ ജര്‍മനിയിലെ ഹാംബെര്‍ഗില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ജി-20 സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കൂടിക്കാഴ്ച ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ അയയുന്നതിന് ഇടയാക്കുമോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ബ്രിക്‌സ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്. ജൂലൈ 27, 28 തീയതികളില്‍ ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സുരക്ഷാ ഏജന്‍സികളുടെ യോഗം ചൈനയില്‍ ചേരുന്നുണ്ട്. സിക്കിം അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ നിലവില്‍ സംഘര്‍ഷം കനക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്‍മാരും കൂടിക്കാഴ്ചക്കെത്തുന്നുണ്ട്.

ഇന്ന് (ജൂലൈ 6) രാത്രിയിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇസ്രായേലില്‍ നിന്നും ഹാംബെര്‍ഗില്‍ എത്തുന്നത്. പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റായ ഷി ജിന്‍പിംഗുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നതിനും സാധ്യതയുണ്ട്. ജൂണ്‍ ഒമ്പതിന് അസ്റ്റാനയില്‍ വെച്ചു നടന്ന എസ്‌സിഒ ഉച്ചക്കോടിയില്‍ ഇരുനേതാക്കളും സൗഹാര്‍ദപരമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെയാണ് സിക്കിം മേഖലയില്‍ ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. ചൈനീസ് സൈനികരുടെ   തള്ളിക്കയറ്റം ചെറുക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുമ്പോള്‍ ഇന്ത്യന്‍ സൈനികള്‍ തങ്ങളുടെ പ്രദേശത്തേക്ക് കയറിയെന്നും ഇവര്‍ പിന്‍മാറണമെന്നുമാണ് ചൈനയുടെ നിലപാട്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവിധ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബ്രിക്‌സ് നേതാക്കള്‍ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ മാസം ആദ്യം മോദി ചൈനയിലെത്തും.

ഈ മാസം അവസാനം നടക്കുന്ന സുരക്ഷാ ഏജന്‍സികളുടെ യോഗത്തില്‍ അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ചൈനയിലെത്തുന്ന ഡോവല്‍ അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള പ്രത്യേക പ്രതിനിധി എന്ന നിലയില്‍ ചൈനയിലെ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. സിക്കിം ഇന്ത്യയുടെ ഒരു സംസ്ഥാനമെന്ന നിലയില്‍ ചൈന അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയിലെ ചില പ്രദേശങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഭീകരത ഉയര്‍ത്തുന്ന ഭീഷണികള്‍ ജി 20യില്‍ ചര്‍ച്ചയാകും. കഴിഞ്ഞ മാസം ബെയ്ജിംഗില്‍ വെച്ചു നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ ഇന്ത്യ- ജപ്പാന്‍- യുഎസ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാര്‍ നാവികാഭ്യാസം അടുത്തയാഴ്ച നടക്കും. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യത്തെ ഇന്ത്യ- യുഎസ് സൈനികാഭ്യാസമാണ് മലബാര്‍ 2017. മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടാഴ്ചക്കുള്ളിലാണ് ഇത് നടക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ വാര്‍ഷിക യുദ്ധ പരിശീലനത്തില്‍ ജപ്പാനെയും സ്ഥിരാംഗമാക്കാന്‍ 2015ലാണ് ഇന്ത്യ തീരുമാനിച്ചത്.

Comments

comments

Categories: Slider, Top Stories, World