ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്‌

ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്‌

അഡ്വെന്റ്‌സ് ഗ്രൂപ്പും ഇസ്രയേലി സ്ഥാപനമായ ലെസികോയും ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: ഇസ്രയേലിലെ ലെസികോ ഗ്രൂപ്പുമായി രണ്ട് മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചുവെന്ന് അഡ്വെന്റ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി. ടെല്‍ അവിവ്, ജറുസലേം എന്നിവിടങ്ങളില്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്‌ (എല്‍ആര്‍റ്റി) പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ കരാര്‍. അഡ്വെന്റ്‌സ് ഗ്രൂപ്പ് ഉപ കമ്പനിയായ ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡാണ് ലെസികോയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ടെല്‍ അവിവ് മെട്രോപൊളിറ്റന്‍ പ്രദേശത്തെ മാസ് ട്രാന്‍സിറ്റ്‌ സംവിധാനത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളാണ് ടെക്‌സമാകോ നല്‍കുക.

ട്രാക്കുകള്‍ക്ക് അടിത്തറ പാകുക, സിഗ്നല്‍ സംവിധാനം, ഇലക്ട്രിഫിക്കേഷന്‍, പവര്‍ സബ് സ്റ്റേഷന്‍, കമാന്‍ഡ്, കണ്‍ട്രോള്‍, കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ടെക്‌സ്മാകോ നടത്തേണ്ടത്. ‘ രാജ്യത്തിനുള്ളിലെ സേവനങ്ങളില്‍ മാത്രമല്ല, ലോകത്തിന്റെ ഏതു കോണിലും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്കു സാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ ധാരണാപത്രം,’ അഡ്വെന്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സരോജ് കുമാര്‍ പോഡര്‍ പറഞ്ഞു.

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു ബില്ല്യണ്‍ മൂല്യമുള്ള ഒരു ബഹുമുഖ സ്ഥാപനമാണ് അഡ്വെന്റ്‌സ് ഗ്രൂപ്പ്. 26 കമ്പനികള്‍ ചേര്‍ന്നതാണ് ഈ സ്ഥാപനം. വളങ്ങള്‍, കെമിക്കലുകള്‍, എന്‍ജിനീയറിംഗ്-ഇന്‍ഫ്രാസ്ട്രക്ചര്‍, ധനകാര്യം, മാനേജ്‌മെന്റ് സേവനങ്ങല്‍ തുടങ്ങിയ നിരവധി മേഖലകളിലുള്ള കമ്പനികളാണ് അഡ്വെന്റ്‌സ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments