ത്രിമൂര്‍ത്തികള്‍ വരുന്നു ; ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും

ത്രിമൂര്‍ത്തികള്‍ വരുന്നു ; ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും

എസ്എഐസി, കിയ മോട്ടോഴ്‌സ്, പിഎസ്എ ഗ്രൂപ്പ് എന്നിവയാണ് ഇന്ത്യയിലെത്തുന്നത്

ന്യൂ ഡെല്‍ഹി : പുതിയൊരു വിപണി യുദ്ധത്തിന് വട്ടം കൂട്ടുകയാണ് ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി. പ്രശസ്തമായ മൂന്ന് ആഗോള ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്. നിലവിലെ അഞ്ചാം സ്ഥാനത്തുനിന്ന് 2020 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറാനൊരുങ്ങുന്ന ഇന്ത്യയിലാണ് ഈ കമ്പനികളുടെ പുത്തന്‍ പ്രതീക്ഷകള്‍.

പുതിയ പാത തുറന്ന് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുകയറാന്‍ ഒരുങ്ങുന്നവരില്‍ പ്രധാനി ചൈനയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോര്‍ കോര്‍പ്പ് ആണ്. ചൈനയിലെ പൊതുമേഖലാ സ്ഥാപനമാണ് എസ്എഐസി. ദക്ഷിണ കൊറിയയിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളും ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയുടെ സഹോദര സ്ഥാപനവുമായ കിയ മോട്ടോഴ്‌സാണ് ഇന്ത്യയില്‍ കണ്ണെറിഞ്ഞ രണ്ടാമത്തെ പ്രമുഖന്‍. ഫ്രാന്‍സില്‍നിന്നുള്ള പിഎസ്എ ഗ്രൂപ്പാണ് മൂന്നാമത്തെ മത്സരാര്‍ത്ഥി. ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞാല്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കള്‍ എന്ന വീരമുദ്ര പിഎസ്എ ഗ്രൂപ്പിന് ചാര്‍ത്തിക്കിട്ടിയതാണ്. ജനറല്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയില്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ജര്‍മ്മനിയിലെ ഓപലിനെയും ബ്രിട്ടീഷ് ബ്രാന്‍ഡായ വോക്‌സ്ഹാളിനെയും ഈ വര്‍ഷം മാര്‍ച്ചില്‍ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ 55 ബില്യണ്‍ യൂറോ വരുമാനമുള്ള കമ്പനിയായി പിഎസ്എ ഗ്രൂപ്പ് ഭീമാകാരമായി വളര്‍ന്നു.

ഇന്ത്യയില്‍ നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതിനും ആഭ്യന്തര വിപണിയിലേക്കായി കാറുകള്‍ നിര്‍മ്മിക്കുന്നതിനും നിക്ഷേപം നടത്തുകയാണെന്ന് ഈ വര്‍ഷം മൂന്ന് കാര്‍ നിര്‍മ്മാതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കാറുകള്‍ അസ്സംബ്ള്‍ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്നതിനും സികെ ബിര്‍ള ഗ്രൂപ്പുമായി പിഎസ്എ ഗ്രൂപ്പ് രണ്ട് സംയുക്ത സംരംഭ കരാറുകളാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രൊഡക്റ്റ് ലോഞ്ച് പാഡായി കോംപാക്റ്റ് എസ്‌യുവി ഉപയോഗിക്കുമെന്നാണ് എസ്എഐസിയും കിയ മോട്ടോഴ്‌സും വെടി പൊട്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ചലനങ്ങളും മാറുന്ന ഉപഭോക്തൃ മുന്‍ഗണനകളും പരിഗണിക്കുമ്പോള്‍ ഇത് നല്ല നീക്കം തന്നെയാണ്. 2020 ല്‍ പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ തേരോട്ടം (കാറോട്ടം) ആരംഭിക്കാമെന്നാണ് പിഎസ്എ ഗ്രൂപ്പ് കണക്കുകൂട്ടിയിരിക്കുന്നത്. തുടര്‍ന്ന് ഒരു സെഡാനും ഒരു എസ്‌യുവിയും ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തും.

രാജ്യത്ത് ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പിലായതോടെ എസ്‌യുവി, മിഡ്-സൈസ് സെഡാന്‍ സെഗ്‌മെന്റ് വാഹനങ്ങള്‍ക്ക് വില കുറയുന്ന കാഴ്ച്ചയാണ് കാണുന്നത്. 2020 ഓടെ പ്രതിവര്‍ഷം 5 മില്യണ്‍ പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്ന് കരുതുന്ന ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഇതാണ് നല്ല മുഹൂര്‍ത്തമെന്ന് കമ്പനികള്‍ മനസ്സിലാക്കിയിരിക്കുന്നു. നിലവില്‍ മൂന്ന് മില്യണ്‍ വാഹനങ്ങളാണ് വില്‍ക്കപ്പെടുന്നത്. 2025-26 ആകുമ്പോഴേയ്ക്കും 10-12 മില്യണ്‍ പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം എസ്എഐസി ഇന്ത്യയില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യ എന്ന അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കമ്പനിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് എസ്എഐസി ഈയിടെ നിയമനങ്ങള്‍ നടത്തിയിരുന്നു. മാനുഫാക്ച്ചറിംഗ് പ്ലാന്റ് സംബന്ധിച്ചും ഇന്ത്യന്‍ വിപണിയില്‍ ഏതെല്ലാം മോഡലുകള്‍ അവതരിപ്പിക്കണമെന്നതിനെക്കുറിച്ചും ആലോചനകളിലാണ് എസ്എഐസി.

കിയ മോട്ടോഴ്‌സും എംജി മോട്ടോഴ്‌സ് ഇന്ത്യയും 2019 ല്‍ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘എംജി’ ടാഗിലാണ് എസ്എഐസി ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കുക. ഒരു ദശാബ്ദം മുമ്പ് മറ്റൊരു ചൈനീസ് കമ്പനിയായ നാന്‍ജിംഗ് ഓട്ടോമൊബീലില്‍നിന്നാണ് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയെ (മോറിസ് ഗാരേജസ്) എസ്എഐസി ഏറ്റെടുത്തത്. നേരത്തെ ബെയ്ക്വി ഫോട്ടോണ്‍, ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. താരതമ്യേന വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ പിന്നോക്കം പോകുമോയെന്ന ഇന്ത്യക്കാരുടെ ആശങ്കയായിരിക്കാം കാരണമായത്.

വില പ്രധാന ഘടകമായി പരിഗണിക്കുന്ന, പ്രധാനമായും ചെറു കാര്‍ വിപണിയില്‍ നവാഗത കമ്പനിക്ക് പരീക്ഷണ ഘട്ടമായിരിക്കും. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിടുകയാണെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ജനറല്‍ മോട്ടോഴ്‌സ് അവസാനിപ്പിക്കും. തുടര്‍ന്ന് വിദേശ വിപണികളിലേക്ക് കയറ്റുതി നടത്തുന്നതിന് മാത്രമായിരിക്കും ഇന്ത്യയിലെ പ്ലാന്റില്‍ ഉല്‍പ്പാദനം നടത്തുക.

1994 ലാണ് ജിഎം ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് 1998 ല്‍ മറ്റൊരു അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെത്തി. പ്രധാനമായും ചെറു കാര്‍ വിപണിയായ ഇന്ത്യയില്‍ സെഡാന്‍ അവതരിപ്പിച്ചാണ് ഇരു കൂട്ടരും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാലമേറെ കഴിഞ്ഞിട്ടും ഫോക്‌സ്‌വാഗണ്‍, ഫിയറ്റ് എന്നീ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ പൊരുതുകയാണ്.

എംജി മോട്ടോഴ്‌സ്, കിയ, പ്യൂഷെ എന്നിവയുടെ വിജയവും പരാജയവും ഇവരുടെ ഇന്ത്യയിലെ ദീര്‍ഘ കാല പദ്ധതികളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് ഇന്ത്യയിലെ ഓട്ടോമോട്ടീവ് പ്രാക്ടീസ് പാര്‍ട്ണര്‍ അബ്ദുള്‍ മജീദ് പറഞ്ഞു. ശരിയായ ഉല്‍പ്പന്നങ്ങള്‍, മികച്ച വില്‍പ്പന-സര്‍വീസ് ശൃംഖല, ടാക്‌സി കമ്പനികളുമായുള്ള സഖ്യം എന്നിവയെല്ലാം ഈ കമ്പനികളുടെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാരുതി സുസുകി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വാഹനങ്ങള്‍ വാങ്ങുന്നതിന് ആളെ കിട്ടുകയെന്നതാണ് എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടംപിടിച്ച കമ്പനിയായ എസ്എഐസിക്ക് ജനറല്‍ മോട്ടോഴ്‌സ് കൂടാതെ ഫോക്‌സ്‌വാഗണുമായി സംയുക്ത സംരംഭമുണ്ട്. 2016 ല്‍ എസ്എഐസി മോട്ടോര്‍ 6.489 മില്യണ്‍ കാറുകളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 9.95 ശതമാനം വര്‍ധന.

Comments

comments

Categories: Auto