ഹോണ്ട മൊബീലിയോ ഇനി ഇന്ത്യയില്‍ ലഭിക്കില്ല

ഹോണ്ട മൊബീലിയോ ഇനി ഇന്ത്യയില്‍ ലഭിക്കില്ല

വില്‍പ്പന കുറഞ്ഞതിനെതുടര്‍ന്ന് ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഹോണ്ട മൊബീലിയോ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ചു. കാര്യമായ വില്‍പ്പന നടക്കാത്തതിനെതുടര്‍ന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ തീരുമാനം. ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മൊബീലിയോ കാണാന്‍ കഴിയില്ല. ജിഎസ്ടി നടപ്പാക്കിയശേഷം കമ്പനി പുറത്തിറക്കിയ വിവിധ മോഡലുകളുടെ വില സംബന്ധിച്ച പുതിയ പട്ടികയിലും മൊബീലിയോ ഉള്‍പ്പെട്ടില്ല.

2014 ല്‍ പുറത്തിറക്കിയ ഹോണ്ട മൊബീലിയോ താരതമ്യേന പുതിയ മോഡലായിരുന്നു. മാരുതി സുസുകി എര്‍ട്ടിഗയെ എതിരിടാനാണ് മൊബീലിയോ മോഡലിനെ ഹോണ്ട രംഗത്തെത്തിച്ചത്. എന്നാല്‍ വില്‍പ്പനയില്‍ മൊബീലിയോ പിന്നിലായിപ്പോയി. നിര്‍മ്മിച്ച എല്ലാ മൊബീലിയോയും വിറ്റുപോയതായി ഹോണ്ട വ്യക്തമാക്കി.

ബ്രിയോ, അമേസ് എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് മൊബീലിയോ നിര്‍മ്മിച്ചത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരുന്നു എന്‍ജിന്‍ ഓപ്ഷനുകള്‍. വാണിജ്യ വാഹനമായി മൊബീലിയോ ചെറിയ തോതില്‍ വിജയം കണ്ടെങ്കിലും സ്വകാര്യ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.

വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ എംപിവിയുടെ മൊബീലിയോ ആര്‍എസ് എന്ന റേസ് വേരിയന്റ് ഹോണ്ട അവതരിപ്പിച്ചിരുന്നു. സ്‌പോര്‍ടിയര്‍ ബംപറുകള്‍, സ്‌പോയ്‌ലര്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഈ വേരിയന്റും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.

Comments

comments

Categories: Auto, Slider